ഏച്ചൂര്‍ (കണ്ണൂര്‍): ചക്കരക്കല്ല് മാച്ചേരിയിലെ ആര്‍എസ്എസ് കാര്യാലയമായ അശ്വിനി സേവാകേന്ദ്രം സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ ഒന്നര മണിയോടെയാണ് മാച്ചേരി യുപി സ്കൂളിന് സമീപത്തെ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന കാര്യാലയം ബോംബെറിഞ്ഞും തീയിട്ടും നശിപ്പിച്ചത്.
ആറോളം ബൈക്കുകളിലായെത്തിയ സിപിഎം സംഘം കെട്ടിടത്തിന്റെ കൈവരികളും വാതിലുകളും ജനലുകളും തകര്‍ത്തതിന് ശേഷം കാര്യാലയത്തിനകത്ത് സേവാ പ്രവര്‍ത്തനത്തിനായി കരുതിവെച്ച സ്ട്രെക്ച്ചര്‍, 40 ഓളം കസേരകള്‍, മേശകള്‍, ഫോട്ടോകള്‍, നിരവധി രേഖകള്‍, ദേശീയപതാകയടക്കമുള്ള സാധനങ്ങള്‍ എന്നിവ പെട്രോളൊഴിച്ച് തീയിട്ടു. ഇതിന് ശേഷമാണ് അഞ്ചോളം ഉഗ്രശേഷിയുള്ള ബോംബുകളെറിഞ്ഞ് കെട്ടിടം തകര്‍ത്തത്. കെട്ടിടത്തിന്റെ ഭിത്തികളും മേല്‍ക്കൂരയും വിണ്ടുകീറിയ നിലയിലാണ്. കാര്യാലയത്തിന് സമീപത്തെ ബിജെപിയുടെ കൊടിമരവും അക്രമികള്‍ തകര്‍ത്തു. രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കാര്യാലയം ആക്രമിച്ചശേഷം സിപിഎം സംഘം പ്രദേശത്ത് വ്യാപകമായി ബോംബ് സ്ഫോടനം നടത്തി ഭീതി പരത്തി. ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ട് കാര്യാലയത്തിന്റെ സമീപത്ത് താമസിക്കുന്ന ജാനകിയെന്ന സ്ത്രീ ബോധരഹിതയായി. ഇവരെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ 11 സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മാച്ചേരിയില്‍ പ്രകടനം നടത്തി. ഏച്ചൂര്‍, ചക്കരക്കല്‍ മേഖലകളില്‍ സിപിഎമ്മുകാര്‍ ദിവസങ്ങളായി നടത്തിവരുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: