കോഴിക്കോട്: ദേവഭാഷയായ സംസ്കൃതം പഠിക്കാന്‍, ഭാരതീയ സംസ്കൃതിയെക്കുറിച്ച് അറിയാന്‍ ഒരു അമേരിക്കന്‍ മലയാളി. അമേരിക്കയിലെ പോര്‍ട്ട്ലാന്റ് ഓര്‍ഗണില്‍ താമസമാക്കിയ ഗോവിന്ദക്കുറുപ്പാണ് സംസ്കൃതം പഠിക്കാനായി കോഴിക്കോട്ടെത്തിയത്. തൊണ്ടയാട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 23ന് ആരംഭിച്ച വിശ്വസംസ്കൃത പ്രതിഷ്ഠാനം പ്രശിക്ഷണ ശിബിരത്തിലാണ് സംസ്കൃതം പഠിക്കാനായി ഗോവിന്ദക്കുറുപ്പ് എത്തിയത്. ഭാരതം വിടുമ്പോഴാണ് ഭാരതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുക. നമ്മുടെ സംസ്കൃതിയെക്കുറിച്ച് മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കുമ്പോള്‍ കൂടുതല്‍ അറിയണമെന്നും പഠിക്കണമെന്നുമുള്ള തോന്നല്‍ ഉണ്ടായി. ഭാരതത്തില്‍ ഉള്ളവര്‍ക്ക് നമ്മുടെ സംസ്കൃതിയുടെ വിലയറിയില്ലെന്ന് ഗോവിന്ദക്കുറുപ്പ് പറഞ്ഞു.
പുറത്തുപോകുമ്പോഴാണ് നാം അതിന്റെ വില അറിയുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ വെച്ച് കൃഷ്ണശാസ്ത്രിയുടെ സംസ്കൃതം ക്ലാസില്‍ പങ്കെടുക്കാന്‍ ഇടയായതാണ് സംസ്കൃത പഠനത്തിന് പ്രചോദനമായത്. 2008ല്‍ നിലമ്പൂരില്‍ നടന്ന സംസ്കൃത പ്രശിക്ഷണ ശിബിരത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.
കൊല്ലം ചവറ സ്വദേശിയായ ഗോവിന്ദക്കുറുപ്പ് വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി എടുത്ത ഗോവിന്ദക്കുറുപ്പ് സിറോക്കസ് കോര്‍പ്പറേഷനിലെ റിട്ട. ജീവനക്കാരനാണ്. സംസ്കൃതം ക്ലാസുകളും ഗീതാപഠനക്ലാസുകളും ഇദ്ദേഹമടങ്ങുന്ന സംഘം പോര്‍ട്ട്ലാന്റ് ഓര്‍ഗണില്‍ എടുക്കുന്നുണ്ട്.
സംസ്കൃതം പഠിക്കാനുള്ള താല്പര്യം മൂലം ഇപ്പോള്‍ സംസ്കൃത ശിബിരങ്ങളോ ക്ലാസുകളോ ഉള്ളത് നോക്കിയാണ് നാട്ടില്‍ എത്തുക. ഭാര്യയും മകളുമൊത്തുള്ള റിട്ടയര്‍ ജീവിതത്തിനിടയിലും തന്നെക്കൊണ്ട് കഴിയുന്നത് സംസ്കൃതഭാഷയുടെ പ്രചാരണത്തിനായി ചെയ്യണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
അമേരിക്കന്‍ മലയാളി ഗോവിന്ദക്കുറുപ്പിനൊപ്പം സംസ്കൃതം പഠിക്കാന്‍ കോഴിക്കോട്ടെ നാടക കലാകാരനും റിട്ട. ഡെപ്യൂട്ടി കളക്ടറും നടന് സുധീഷിന്റെ പിതാവുമായ ടി. സുധാകരനും എല്ലാ ദിവസവും ശിബിരത്തില്‍ എത്തുന്നു. നമ്മുടെ സംസ്കാരത്തെകുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹമാണ് സംസ്കൃതം പഠിക്കാന്‍ പ്രചോദനമായതെന്ന് സുധാകരന് പറഞ്ഞു. എല്ലാവരും അറിഞ്ഞിരിക്കുകയും പഠിക്കുകയും ചെയ്യേണ്ട ഭാഷയാണ് സംസ്കൃതം. പഠിച്ച് കഴിഞ്ഞാല്‍ ഏറ്റവും എളുപ്പമാണ് പ്രയോഗിക്കാനും എഴുതാനുമെന്നാണ് സുധാകരന്റെ അഭിപ്രായം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ മാത്രമല്ല ഋഷികേശില്‍ നിന്നും ഖത്തറില്‍ നിന്നും എത്തിയവരും ശിബിരത്തില്‍ പങ്കെടുക്കുന്നുണ്ട്. 250 പേര് പങ്കെടുക്കുന്നുണ്ട്. സംസ്കൃതം പഠിച്ചവര്‍ക്കും സംസ്കൃതം പഠിച്ച് തുടങ്ങുന്നവര്‍ക്കുമായി പ്രത്യേക പരിശീലനക്ലാസുകള്‍ നല്‍കുന്നുണ്ട്. പത്ത്ദിവസത്തെ പ്രശിക്ഷണ ശിബിരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ന്ന് സംഭാഷണ പരിശീലന ക്ലാസുകള്‍ എടുക്കാന്‍ സാധിക്കും. സംസ്കൃത ഭാരതിയുടെ കേരള ഘടകമായ വിശ്വസംസ്കൃതപ്രതിഷ്ഠാനമാണ് ശിബിരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രശിക്ഷണ ശിബിരങ്ങള്‍ക്ക് പുറമെ സംസ്കൃത സംഭാഷണ ശിബിരങ്ങള്‍, ഭാരതീ പൂജ, ഛാത്രശില്പശാല, വിദ്യാപീഠങ്ങള്‍, സംസ്കൃതപഠനം തപാലിലൂടെ എന്നിവയ്ക്കും വിശ്വസംസ്കൃത പ്രതിഷ്ഠാനം സൗകര്യമൊരുക്കുന്നുണ്ട്.
നാളെ നടക്കുന്ന സമാപനസമ്മേളനത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, സംസ്കൃത ഭാരതി അഖിലഭാരതീയ മുഖ്യകാര്യദര്‍ശി ഡോ. പി. നന്ദകുമാര്‍, അഖില ഭാരതീയ ശിക്ഷണ്‍ പ്രമുഖ് ഡോ. എച്ച്.ആര് വിശ്വാസ്, മലബാര്‍ ദേവസ്വംബോര്‍ഡ് ചെയര്മാന് അഡ്വ. ചാത്തുക്കുട്ടി എന്നിവര്‍ പങ്കെടുക്കും.
പി. ഷിമിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: