കട്ടപ്പന: നാടുനീങ്ങിയ കോഴിമല രാജാവ് അരിയാന്‍ രാജമന്നാന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഇന്നലെ കോഴിമല രാജപുരത്ത് മുത്തിയമ്മന്‍ ദേവീക്ഷേത്രത്തിന് സമീപം ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാരചടങ്ങുകളില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആദിവാസി ക്ഷേമവകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയും ഇടുക്കി ജില്ലാ കലക്ടറും എംഎല്‍എമാര്‍, തൃത്താല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത് അന്ത്യോപചാരമര്‍പ്പിച്ചു.
നാല് വര്‍ഷം മുമ്പ് അധികാരമേറ്റ അരിയാന്‍ രാജമന്നാന് ഉദരസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി 46 കുടികളില്‍ നിന്നുമുള്ള ജനാവലി മന്നാന്‍ സമൂഹത്തിന്റെ രാജസ്ഥാനമായ കോഴിമലയിലെത്തിയിരുന്നു.
നാടു നീങ്ങിയ രാജാക്കന്മാരായ നായന് രാജമന്നാന്റേയും തേവന് രാജമന്നാന്റെയും കല്ലറയോട് ചേര്‍ന്നാണ് അരിയാന്‍ രാജമന്നാനും അന്ത്യവിശ്രമമൊരുക്കിയത്. പൊലീസ് സംഘം ആദിവാസി രാജാവിന് സല്യൂട്ട് സമര്‍പ്പിച്ചു. വിവിധ കുടികളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ കോഴിമലയിലെത്തിയിരുന്നു.
പട്ടിക വര്‍ഗ ക്ഷേമവകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി രാവിലെ എട്ടുമണിയോടെ കോഴിമലയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ഇ.എം. ആഗസ്തി, ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ്, എംഎല്‍എമാരായ ഇ. എസ്. ബിജിമോള്‍, റോഷി അഗസ്റ്റിന്, കെ കെ ജയചന്ദ്രന്, എസ്. രാജേന്ദ്രന്, ജില്ലാ കലക്ടര്‍ ഇ ദേവദാസന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് കോഴിമല, ജില്ലാ പഞ്ചായത്തംഗങ്ങളായ എം.ടി. തോമസ്, ജാന്‍സി ഷാജി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് രാജന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോസമ്മ ജെയിംസ്, ജോണി കുളംപള്ളി, വിജയമ്മ ജോസഫ്, ഇന്ദിരാചന്ദ്രമോഹന്ദാസ്, ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. മനോജ്, ഉടുമ്പന്‍ചോല തഹസീല്‍ദാര്‍, വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്, ജില്ലാ സെക്രട്ടറി പ്രഭാകരന്, സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് ഡോ. കെ.ജി. ദാനിയേല്‍ തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും വിവിധ സംഘടനാപ്രതിനിധികളും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
രാവിലെ ചേര്‍ന്ന രാജകുടുംബ പ്രതിനിധികളുടെയും സമുദായ പ്രമാണികളുടെയും യോഗം പുതിയ രാജാവായി രാഘവന് രാമനെ തെരഞ്ഞെടുത്തു. 70 കാരനായ രാഘവന് രാമന് മുന്‍ രാജാവ് തേവന് രാജമന്നാന്റെ ജ്യേഷ്ഠ സഹോദരനാണ്. മരുമക്കത്തായ രീതി അനുസരിച്ച് രാജഭരണം നടത്തുന്നതിന് അരിയാന്‍ രാജമന്നാന് പിന്തുടര്ച്ചാവകാശികളില്ലാത്തതിനാലാണ് രാമന് രാഘവനെ അധികാരമേല്പിക്കാന് യോഗം തീരുമാനമെടുത്തത്. കുമളി ലബ്ബക്കണ്ടം സ്വദേശിയായ രാഘവനെ യോഗം ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. അരിയാന്‍ രാജമന്നാന്റെ മരണാനന്തരചടങ്ങുകള്‍ക്ക് ശേഷം ഏഴാം നാള് പുതിയ രാജാവിന്റെ കിരീടധാരണം നടക്കും. നാല് കാണി, ഒന്‍പതു മന്നാന്‍, 42 കുടി എന്ന പരമ്പരാഗത രീതി അനുസരിച്ചാണ് സാധാരണ ഗതിയില്‍ തെരഞ്ഞെടുക്കുന്ന രാജാവിന്റെ തിരഞ്ഞെടുപ്പ് കാണിക്കാരന്മാരടങ്ങുന്ന യോഗം വീണ്ടും ചേര്‍ന്ന് അംഗീകരിക്കേണ്ടതുണ്ട്. മാര്‍ച്ച് 4ന് നടക്കുന്ന് കാലാവൂട്ട് മഹോത്സവത്തിലാണ് പുതിയ രാജാവ് രാമന് രാഘവന് ഔദ്യോഗികമായി രാജഭരണം ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: