തൃശൂര്‍ : ആറ് പേരുടെ മരണത്തിനിടയാക്കിയ അത്താണി പടക്കനിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് എക്സ്പ്ലോസീവ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന സംശയം ബലപ്പെടുന്നു. സ്ഫോടക വസ്തു കൈവശം വെയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുടെ നഗ്നമായ ലംഘനത്തിന്റെ പ്രകടമായ ചിത്രമാണ് പടക്കനിര്‍മ്മാണ കേന്ദ്രം നല്‍കുന്നത്. ഇതിന് കൂട്ടുനിന്നതിലൂടെ ദുരന്തത്തിന് ഉത്തരവാദി പോലീസ് തന്നെയെന്ന് പോലീസിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എക്സ്പ്ലോസിവ് ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളൊന്നും അത്താണിയിലെ പടക്കനിര്‍മ്മാണ കേന്ദ്രം പാലിച്ചിരുന്നില്ല എന്നാണ് അറിയുന്നത്.
13.9.2001ല്‍ 26/2011 എന്ന നമ്പരിലുള്ള സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങളാണ് അത്താണിയിലേതുള്പ്പെടെയുള്ള വെടിമരുന്ന് ദുരന്തങ്ങളുടെ ഉത്തരവാദിത്വത്തിലേക്കും പ്രതിസ്ഥാനത്തേക്കും പോലീസിനെ ചൂണ്ടുന്നത്. ആളൊഴിഞ്ഞ പ്രദേശത്ത് ദുരന്തത്തെ മുന്‍കൂട്ടി കണ്ട് വേണം വെടിമരുന്ന് ശേഖരം സൂക്ഷിക്കുന്നത്. ദുരന്തങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് സാദ്ധ്യമാവുന്ന വിധത്തില്‍ ഗതാഗത സൗകര്യവും ആവശ്യത്തിന് ജലലഭ്യതയുമുള്ള പ്രദേശമാവണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പോലീസിന്റെ ഈ സര്‍ക്കുലര്‍ മാനദണ്ഡമാക്കിയാല്‍ അത്താണിയിലേതുള്പ്പെടെയുള്ള ദുരന്തങ്ങളില്‍ പോലീസും പ്രതികളാവും. സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളനുസരിച്ച് സ്ഫോടകവസ്തു കൈവശം വെയ്ക്കുന്ന ലൈസന്‍സിയെ കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍, ലൈസന്‍സിയുടെ കൈവശമുള്ള സ്ഫോടകവസ്തു ശേഖരത്തിന്റെ അളവ്, ഇത് സബന്ധിച്ച കൃത്യമായ പരിശോധന നടത്തല്‍ തുടങ്ങി ഒമ്പതിന നിര്‍ദ്ദേശങ്ങളും അതിന്റെ ഉപ നിര്‍ദ്ദേശങ്ങളും പോലീസിനെയും ബാധിക്കുന്നതാണ്.
ആകാശത്ത് വെടിമരുന്നിന്റെ വിസ്മയം തീര്‍ത്തിരുന്ന പ്രതിഭാശാലിയായ അത്താണി ചെട്ടിപ്പാറക്കുന്നിലെ പടക്കനിര്‍മ്മാണ ശാല ഉടമ എലുവത്തിങ്കല്‍ ചെമ്പന്‍ ദേവസി ജോഫിക്ക് 2014 വരെ സ്ഫോടക വസ്തു ശേഖരം കൈവശം വെയ്ക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടെങ്കിലും, അത്താണിയിലെ ചെട്ടിപ്പാറക്കുന്നിലെ ജനവാസ കേന്ദ്രത്തില്‍ ഇത് പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല.
ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാതിരുന്നത് പോലീസിന്റെ ഗുരുതരമായ വീഴ്ചയാണ്. ഇവിടെയുണ്ടായിരുന്ന സ്ഫോടക വസ്തുശേഖരത്തെക്കുറിച്ചും പോലീസിന് അറിവുണ്ടായിരുന്നില്ല. അളവില്‍ കൂടുതല്‍ സ്ഫോടകവസ്തു ഇവിടെ ശേഖരിച്ചിട്ടുണ്ടായിരുന്നതായി സംശയിക്കുന്നുവെന്നാണ് സ്ഥലം സന്ദര്‍ശിച്ച എക്സ്പ്ലോസീവ് വിദഗ്ധര്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ അത്താണിയിലെ ദുരന്തത്തിന് ഉത്തരവാദി പോലീസ് കൂടിയാകും. എക്സ്പ്ലോസീവ് ഡയറക്ടര്‍ സുന്ദരേശന്, ഡോ.ചൗഹാന് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വെടിക്കെട്ടപകടം നടന്ന സ്ഥലവും സ്ഫോടക വസ്തു സൂക്ഷിച്ചിരുന്ന സ്ഥലത്തും സംഘം തെളിവെടുപ്പ് നടത്തി. പൊട്ടാസ്യം ക്ലോറൈഡിന്റെ സാന്നിധ്യമാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ലൈസന്‍സിന്റെ രേഖകളുടെ പകര്‍പ്പ് ഹാജരാക്കാന്‍ എഡിഎമ്മിനോട് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയില്‍ പൊട്ടാസ്യം ക്ലോറൈഡും സള്‍ഫറും ഒരുമിച്ച് ഉപയോഗിച്ചതായും സംശയിക്കുന്നുണ്ട്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: