കൊച്ചി: മുപ്പതാമത് ദേശീയ യോഗാസന ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തേവയ്ക്കല്‍ വിദ്യോദയ സ്കൂളില്‍ തുടക്കമാകും. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേളത്തില്വെച്ച് ദേശീയ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 1985 ല്‍ കോഴിക്കോട്ടുവെച്ചാണ് ഇതിന് മുമ്പ് ദേശീയ യോഗാസന ചാമ്പ്യന്‍ഷിപ്പ് നടത്തിയിട്ടുള്ളത്.
‘യോഗ പരിശീലനത്തിലൂടെ ആരോഗ്യസംരക്ഷണം’ എന്ന പ്രാധാന്യം പ്രചരിപ്പിക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ടാണ് ദേശീയ യോഗ ഫെഡറേഷന്, കേരള യോഗ അസോസിയേഷന്, ജില്ലാ യോഗ സ്പോര്‍ട്സ് അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍, വെട്രന്‍സ് തുടങ്ങി 12 വിഭാഗങ്ങളിലായി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേകമായി മത്സരങ്ങള്‍ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 600 ല്‍പരം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. കേരളത്തെ പ്രതിനിധീകരിച്ച് 36 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. മുകുന്ദകുമാര്‍ എല്‍.ബി കേരള ടീമീനെ നയിക്കും.
മത്സരങ്ങള്‍ ഇന്ന് വൈകിട്ട് 3 ന് ടൂറിസം-പിന്നോക്കക്ഷേമവകുപ്പുമന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍സാദത്ത് എംഎല്‍എ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. കേരള യോഗ അസോസിയേഷന് പ്രസിദ്ധീകരിക്കുന്ന സോവനീര്‍ പ്രകാശനം ഡോ. പി. ശ്രീകുമാര്‍, ദേശീയ യോഗ ഫെഡറേഷന് സെക്രട്ടറി നിരേ മജുംദാറിന് നല്കി നിര്‍വഹിക്കും.
നാളെ വൈകിട്ട് നടക്കുന്ന സമാപനചടങ്ങില്‍ പൊതുമരാമത്ത്മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മുഖ്യാതിഥിയായിരിക്കും. സംസ്ഥാന യോഗ അസോസിയേഷന് പ്രസിഡന്റ് ആനയറ ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ദേശീയ യോഗ അസോസിയേഷന് പ്രസിഡന്റ് ധരംവീര്‍, സെക്രട്ടറി നിരേന്‍ മജുംദാര്‍, സംസ്ഥാന യോഗ അസോസിയേഷന് സെക്രട്ടറി യോഗരത്ന കെ.പി. ഭാസ്കരമേനോന്‍, ടെക്നിക്കല്‍ അഡ്വൈസര്‍ ആര്. രാമചന്ദ്രന്‍നായര്‍ എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിക്കും. ജില്ലാ കളക്ടര്‍ ഷെയ്ക് പി. പരീത്, ഹൈബി ഈഡന് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.
1970 ലാണ് സംസ്ഥാന യോഗ അസോസിയേഷന് രൂപീകരിച്ചത്. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് എല്ലാവര്‍ഷവും ദേശീയ യോഗ മത്സരങ്ങളില്‍ കേരള ടീമംഗങ്ങള്‍ പങ്കെടുത്തുവരുന്നു. 15 പേര് ഇതിനകം ദേശീയ മെഡല്‍ പട്ടികയില്‍ കേരളത്തിനുവേണ്ടി ഇടംപിടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: