കോഴിക്കോട്: റെയില്‍വേ മെയില്‍ സര്‍വ്വീസിനെ (ആര്‍എംഎസ്) ഇല്ലാതാക്കുന്ന നീക്കം സംസ്ഥാനത്ത് തപാല്‍ അധികൃതര്‍ ശക്തമാക്കി.
അഖിലേന്ത്യാ തലത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തില്‍ സര്‍വ്വീസ് സംഘടനകളുടെയും പൊതുജനങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നിശ്ചലാവസ്ഥയിലായിരുന്നു. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കിയതിന് പിന്നാലെ ഇവിടെയും ത്വരിതഗതിയിലാക്കാനാണിപ്പോള് നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യഘട്ടത്തിലും തുടര്‍ന്നും നിര്‍ത്തലാക്കുന്ന ആര്എംഎസ്സുകളുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി.
ആര്എംഎസുകളെ ഇല്ലാതാക്കുക ലക്ഷ്യമിട്ട് തപാല്‍ സംഭരണ കേന്ദ്രങ്ങളെ എല്‍-വണ്‍, എല്‍-ടു എന്നിങ്ങനെ തരം തിരിക്കാനാണ് പോസ്റ്റല്‍ ഡയറക്ടറേറ്റിന്റെ ഉത്തരവ്. സ്പീഡ് പോസ്റ്റ്, കത്തുകള്‍ ഉള്‍പ്പെടെയുള്ള ഫസ്റ്റ് ക്ലാസ് തപാലുകളാണ് എല്‍.വണ്ണില്‍ വരിക. ബുക്കുകള്‍ മറ്റ് പ്രിന്റഡ് മാറ്ററുകള്‍ തുടങ്ങിയ തപാലുകള്‍ എല്‍-ടുവിലും.
പ്രധാന കേന്ദ്രങ്ങളില്‍ എല്‍-വണ്ണുകള്‍ നിലനിര്‍ത്തുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. അതിനര്‍ത്ഥം ഇവയുടെ എണ്ണം ഡിവിഷന് തലത്തില്‍ ഒന്നോ, രണ്ടോ ആക്കി ചുരുക്കുന്നതോടൊപ്പം എല്‍-ടു കേന്ദ്രങ്ങള്‍ പരമാവധി ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
നിലവില്‍ ആര്‍എംഎസുകള്‍ കോഴിക്കോട് ഡിവിഷനുകീഴില്‍ എട്ടും തിരുവനന്തപുരത്തും എറണാകുളത്തുമായി ഏഴ് വീതവുമാണുള്ളത്. എല്‍.വണ്‍ സമ്പ്രദായം നടപ്പാക്കുന്നതോടെ സംസ്ഥാനത്ത്അതിന്റെ ആകെ എണ്ണം ആദ്യ ഘട്ടത്തില്‍ പത്തില്‍ താഴെയും ക്രമേണ മൂന്നും ആക്കി ചുരുക്കാനാണത്രെ പദ്ധതി. അതായത് ഓരോ ഡിവിഷനും ഓരോന്ന് മാത്രം. ഇതോടെ സംസ്ഥാനത്ത് തപാല്‍ സംവിധാനം ആകെ തകിടം മറിയും.എല്‍-ടു കേന്ദ്രങ്ങള്‍ പരിമിതമാക്കപ്പെടുമ്പോള് എല്ലാ തപാലുരുപ്പടികളും എല്‍-വണ്ണില്‍ കുമിഞ്ഞുകൂടും. ഇവ തരം തിരിച്ച് നിശ്ചിതകേന്ദ്രങ്ങളിലെത്തിക്കുക സാഹസമാണ്. അതോടെ തപാല്‍ വിതരണത്തില്‍ നീണ്ട കാലതാമസമുണ്ടാകും.ഇത്തരം സാഹചര്യമുണ്ടായാല്‍ ഇടപാടുകാരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുകയും അതുവഴി തപാല്‍ മേഖലയുടെ തകര്‍ച്ചക്ക് ഇടയാക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
ആര്എംഎസ്സുകള് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ അഖിലേന്ത്യാ തലത്തില്‍ തപാല്‍ സംഘടനകള്‍ സമരത്തിനും തയ്യാറെടുക്കുകയാണ്. ജനുവരി 17 മുതല്‍ അനിശ്ചിത കാല തപാല്‍ സമരത്തിനാണ് സംയുക്ത സമരവേദി ഒരുങ്ങുന്നത്.
എം.കെ.രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: