തൃശൂര്‍: അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോടിന്റെ മുറി ഇന്നലെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. അഴിക്കോടിനെതിരെ ഏറെ വിമര്‍ശനങ്ങളുയര്‍ത്തിയ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശനും കഥാകൃത്ത് ടി.പത്മനാഭനും പരിഭവം മറന്ന് അഴീക്കോടിനെ കാണാനെത്തിയപ്പോള്‍ ആ കൂടിക്കാഴ്ച കണ്ണീരില്‍ കുതിര്‍ന്നു.
ആദ്യം മുറിയിലേക്കെത്തിയ വെള്ളാപ്പള്ളി അഴീക്കോടിന്റെ കൈപിടിച്ച് വിതുമ്പലോടെ നിന്നു. തുടര്‍ന്ന് കൈകള്‍ ചേര്‍ത്തുപിടിച്ച് കുറച്ച് നേരം നിശബ്ദനായി. ഒടുവില്‍ അഴീക്കോട് തന്നെ മൗനം മുറിച്ച് സംസാരം തുടങ്ങി. കുറച്ചുനേരത്തെ കുശലാന്വേഷണത്തിനു ശേഷം തനിക്ക് കുടിക്കാന്‍ വെള്ളം വേണമെന്നായി അഴീക്കോട്. മകനെപ്പോലെ എന്നും അഴീക്കോടിന്റെ കൂടെ നടക്കുന്ന സുരേഷിന്റെ കൈയില്‍ നിന്നും ഗ്ലാസ് വാങ്ങി വെള്ളാപ്പള്ളി അല്പാല്പമായി വെള്ളം നല്കി.
വെളളം കുടിച്ചു കഴിഞ്ഞപ്പോള്‍ തന്നെ കാണാന്‍ വന്ന വെളളാപ്പള്ളിക്ക് എന്തെങ്കിലും കൊടുക്കണമെന്നായി അഴീക്കോടിന്. ഉടന്‍തന്നെ അടുത്ത മുറിയില്‍ നിന്നും ഒരു ആപ്പിള്‍ കൊണ്ടുവന്ന് കൊടുത്തപ്പോള്‍ അതുവാങ്ങിയ അഴീക്കോട് വെള്ളാപ്പളളിയുടെ ഭാര്യ പ്രീതി നടേശന് നല്കി.
വെളളാപ്പള്ളി വലിയ ആളാണെന്ന് അഴീക്കോട് പറഞ്ഞപ്പോള്‍ താനല്ല, അങ്ങ് തന്നെയാണ് വലുതെന്ന് വെളളാപ്പള്ളി തിരുത്തി. കൈകള്‍ പിടിച്ച് വിതുമ്പിയ പ്രീതി നടേശനോട് അഴീക്കോട് ചോദിച്ചു; മകനുണ്ടോ കൂടെ. അവനോട് വരാന്‍ പറയണം. ഇന്ന് നല്ല ദിവസമാണ്.
യാത്ര പറയുന്നതിനിടയില്‍ അഴീക്കോടിന്റെ കൈപിടിച്ച് വെളളാപ്പള്ളി പറഞ്ഞു; താനെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. വിതുമ്പലോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയ വെള്ളാപ്പള്ളി പിന്നീട് അഴീക്കോടിനെക്കുറിച്ച് പറഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു.
അഴീക്കോടുമായി ഏറെ തെറ്റിയിട്ടുള്ള ടി.പത്മനാഭന് ആശുപത്രിയില്‍ എത്തിയപ്പോഴും വൈകാരികമായ മുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിച്ചത്. ടി.പത്മനാഭനും അഴീക്കോടിന്റെ കൈകള്‍ പിടിച്ച് കരഞ്ഞു. കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലും ഇന്നലെ അഴീക്കോടിനെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: