ആലപ്പുഴ: കസ്റ്റഡി പീഡന കേസില്‍ ഐജി: ടോമിന്.ജെ.തച്ചങ്കരി അടക്കമുള്ള എട്ട് പ്രതികളെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.രാഗിണി വെറുതെവിട്ട് ഉത്തരവായി. വാദി പറവൂര്‍ പുത്തന്‍വളപ്പില്‍ എന്‍.പ്രകാശന് കേസ് തുടര്‍ന്ന് നടത്താന്‍ താല്പര്യമില്ലെന്നും പ്രതികളെ കുറ്റവിമുക്തരാക്കണമെന്നും അഭ്യര്‍ഥിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കുറ്റപത്രം വായിച്ചതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് നടന്ന ക്രോസ് വിസ്താരത്തില്‍ പ്രകാശന് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്കി. കസ്റ്റഡി പീഡനം നടന്നിട്ടില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ ഓര്‍മയില്ലെന്നും പ്രകാശന് മൊഴി നല്‍കിയിരുന്നു.
1991 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രകാശന്റെ അയല്‍വാസി പുന്നപ്ര പുത്തന്‍വളപ്പില്‍ രാജേന്ദ്രപ്രസാദിന്റെ ഭാര്യ സുജ (19) തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് ആലപ്പുഴ എഎസ്പിയായിരുന്ന ടോമന് തച്ചങ്കരിയും പോലീസുകാരും ചേര്‍ന്ന് പ്രകാശനെ പ്രതിയാക്കി കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചതായാണ് കേസ്.
പിന്നീട് നടന്ന അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് പ്രകാശനെ കുറ്റവിമുക്തനാക്കിയിരുന്നു. 1996ലാണ് കസ്റ്റഡി പീഡനത്തിനെതിരെ പ്രകാശന് കേസ് ഫയല്‍ ചെയ്യുന്നത്. ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരെ നീണ്ട കേസാണിത്. തച്ചങ്കരിയുടെ നേതൃത്വത്തില്‍ പീഡനങ്ങളെ കുറിച്ച് 2008ല്‍ 52 പേജുള്ള മൊഴിയും പ്രകാശന് നല്‍കിയിരുന്നു. കേസിനെതിരെ തച്ചങ്കരി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് തുടരാന്‍ ഉത്തരവിടുകയായിരുന്നു. വിചാരണ നടപടികള്‍ 6 മാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് നാടകീയമായി വാദി പ്രകാശന് പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയത്.
1991ല്‍ അമ്പലപ്പുഴ സിഐയായിരുന്ന ഷേയ്ഖ് അന്‍വര്‍, എസ്ഐ: പീറ്റര്ബാബു, കോണ്‍സ്റ്റബിള്‍മാരായ ഹരിദാസ്, കേശവന്കുട്ടിആചാരി, ജാഫര്‍, അബൂബക്കര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഇതില്‍ അബൂബക്കര്‍ ഒഴികെയുള്ള മറ്റ് പ്രതികളെല്ലാം സര്‍വീസില്‍ നിന്ന് വിരമിച്ചു. തിരുവനന്തപുരത്ത് വിജിലന്‍സ് എസ്പിയായിരുന്ന ഷേയ്ഖ് അന്‍വറിന് ഐപിഎസ് ലഭിക്കുന്നതിന് തടസമായിരുന്നത് ഈ കേസാണ്. അഭിഭാഷകരായ ബി.രാമന്‍പിള്ള, ബി.ശിവദാസ്, വിധു.എം.ഉണ്ണിത്താന്, എസ്.ഗുല്‍സാര്‍ എന്നിവരാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്.
കള്ളമൊഴി നല്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് വാദി പ്രകാശനെതിരെ കേസെടുക്കണമെന്ന മിത്രക്കരി സ്വദേശി ബോബി കുരുവിള അഡ്വ.പദ്മകുമാര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജി കോടതി നിലനില്‍ക്കുന്നതല്ലെന്ന് കണ്ട് തള്ളി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബോബി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രകാശന് മേല്‍ പണത്തിന്റെ സ്വാധീനമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: