കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനം നടത്തുന്ന സ്വാശ്രയഭാരത്് 2011 പ്രദര്‍ശനമേള സാമൂഹികക്ഷേമവകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ സന്ദര്‍ശിച്ചു. ഇടുക്കിയിലെ ആദിവാസി കൂട്ടായ്മയായ അമൃതനന്ദ ഒരുക്കിയ പവലിയനിലാണ് മന്ത്രി ആദ്യമെത്തിയത്. കരകൗശല വസ്തുക്കള്‍ ഇഷ്ടപ്പെട്ട മന്ത്രി പണം നല്കി അവര്‍ ഇൗറ്റയും മുളയും ഉപയോഗിച്ച് കൈകൊണ്ട് നെയ്ത മുറം വാങ്ങി.
തെരുവുബാല്യങ്ങളുടെ കഥ പറയുന്ന തെരുവോര കാഴ്ചകള്‍ എന്ന മുരുകന്റെ ചിത്രപ്രദര്‍ശനത്തിന്റെ പവലിയന് മന്ത്രി സന്ദര്‍ശിച്ചു. ‘ജീവിതം എന്തെന്ന് തിരിച്ചറിഞ്ഞ സമൂഹത്തിന്റെ മൂന്നാം കണ്ണാണ് മുരുകന്’ എന്ന് രേഖപ്പെടുത്താന്‍ മറന്നില്ല. വയനാട്ടിലെ വംശീയ പാരമ്പര്യ വൈദ്യന്മാര് നടത്തുന്ന പവലിയന് സന്ദര്‍ശിച്ച മന്ത്രി പാരമ്പര്യ ചികിത്സാരീതികളെക്കുറിച്ചും ഔഷധ സസ്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കിയ ഭക്ഷണശാലയിലെ നാടന്‍ വിഭവങ്ങളുടെ വേറിട്ട രുചിയും അദ്ദേഹം അറിഞ്ഞു.
ഐഎസ്ആര്‍ഒയുടെ ബഹിരാകാശ വിക്ഷേപണ വാഹനങ്ങളായി പിഎസ്എല്‍വി, ചാന്ദ്രയാന്‍ തുടങ്ങിയവയുടെ മാതൃകകളും ഡിആര്‍ഡിഒയിലെ എന്‍ബിസി സ്യൂട്ടും മറ്റും മന്ത്രിയെ ഏറെ ആകര്‍ഷിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ വിജ്ഞാനവും കൗതുകവുമുണര്‍ത്തുന്ന ശാസ്ത്ര അറിവുകളും മറ്റും കണ്ട മന്ത്രി അതിനെക്കുറിച്ച് അവരോട് ചോദിച്ചാണ് മടങ്ങിയത്.
തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ എം.വി. പ്രസന്നയുടെ നേതൃത്വത്തില്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ ‘ഭാവിക്കുവേണ്ടി തിരിച്ചുപോക്ക്’ എന്ന പേരില്‍ ഓലയും പ്ലാവിലയും കടലാസുംമറ്റും ഉപയോഗിച്ച് നിര്‍മിച്ച കളിപ്പാട്ടങ്ങളും കൗതുകവസ്തുക്കളും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. ഓലപീപ്പി, ഒാലപന്ത്, മോതിരം, പാവകള്‍, മച്ചിങ്ങ വണ്ടി, കടലാസിലും ഓലയിലും ഉള്ള കിളികള്‍ തുടങ്ങിയവ നിര്‍മിക്കുന്നത് കാണാന്‍ ജനങ്ങള്‍ തിങ്ങിക്കൂടി. കുട്ടികളുടെ ഈ കളിയരങ്ങ് സ്വാശ്രയ ഭാരത് 2011 ല്‍ കാണികള്‍ക്ക് വ്യത്യസ്താനുഭവമായി.
രാജ്യത്തെ പ്രമുഖ ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍ അണിനിരക്കുന്ന പ്രദര്‍ശനം 20 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: