കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമില്‍ 136 അടി ജലം ഉള്‍ക്കൊള്ളുന്നത് സുരക്ഷിതമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ തകര്‍ന്ന് അപകടമുണ്ടാകുകയാണെങ്കില്‍ അതിന്റെ വ്യാപ്തി എത്രത്തോളം വരുമെന്ന് ഡാം ബ്രേക്ക് അനാലിസിസിന് ശേഷം മാത്രമെ പറയാനാകുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മുല്ലപ്പെരിയാറിലെ ജലം ഇടുക്കി അണക്കെട്ട് താങ്ങുമെന്ന് അഡ്വക്കേറ്റ് ജനറല്‍ മുമ്പ് കോടതിയില്‍ പറഞ്ഞതിന്റെ പേരില്‍ ഉണ്ടായ വിവാദത്തെ തുടര്‍ന്ന് പുതുക്കി നല്കിയ പ്രസ്താവനയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇടുക്കി, കുളമാവ് ഡാമുകള്‍ക്ക് സ്പില്‍വേ ഇല്ലാത്തതിനാല്‍ വെള്ളം താങ്ങാന്‍ കഴിയില്ലെന്നും അതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ 136 അടി ജലം ഉള്‍ക്കൊള്ളുന്നത് സുരക്ഷിതമല്ലെന്നും അതേസമയം ചെറുതോണി ഡാമിന് സ്പില്‍വേ ഉണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഡാമില്‍ 136 അടി വെള്ളം ഉണ്ടായിരിക്കുന്നതു പോലും വളരെ അപകടകരമാണ്. ഇതു 120 അടിയായി കുറയ്ക്കണമെന്നാണു സര്‍ക്കാരിന്റെയും ജനങ്ങളുടെയും ആവശ്യം. അടിത്തറ ബലപ്പെടുത്തിയെങ്കിലും ഡാമിനു കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ദുരന്തത്തെ നേരിടാന്‍ 18 നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പുതിയ വസ്തുതാ പ്രസ്താവനയില്‍ പറയുന്നു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാം തകരുകയാണെങ്കില്‍ നാലു ജില്ലകളിലുള്ള 40 ലക്ഷത്തോളം പേരെ അത് ബാധിക്കുമെന്ന് 60 പേജുള്ള പ്രസ്താവനയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ നേരത്തെ നല്കിയ വിശദീകരണം വിവാദമായ സാഹചര്യത്തിലാണ് പുതിയ പ്രസ്താവന സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ക്രിയാത്മക പ്രവര്‍ത്തനം ഉണ്ടാകുന്നില്ല, മറിച്ച് ക്രിയാത്മക പ്രതികരണങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: