ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടി. അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി തമിഴ്നാടിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരളവും ജലനിരപ്പ് ഉയര്‍ത്തണമെന്ന വിധി നടപ്പാക്കണമെന്നും ഡാം പരിസരത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാടും നല്കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
കേരളത്തിന്റെ ആവശ്യങ്ങള്‍ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് കോടതി വ്യക്തമാക്കി. ഉന്നതാധികാരസമിതി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാനിരിക്കെ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന് ബെഞ്ച് പറഞ്ഞു. കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് ജലനിരപ്പ് 120 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയിരുന്ന ഹര്‍ജി കേരളം പിന്‍വലിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ പത്രങ്ങളില്‍ നല്കിയ പരസ്യത്തില്‍ കോടതി പരാമര്‍ശങ്ങള്‍ അനാവശ്യമായി ഉപയോഗിച്ചതിനെയാണ് സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി സുപ്രീംകോടതിയെ ഉപയോഗിക്കരുതെന്നും ഇരുസംസ്ഥാനങ്ങളെയും കോടതി ഓര്‍മിപ്പിച്ചു. കേരളാ മുഖ്യമന്ത്രി പരസ്യപ്രസ്താവന നടത്തുന്നത് വിലക്കണമെന്ന ഹര്‍ജി തമിഴ.നാട് പിന്‍വലിച്ചു. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ഓരോ ജീവനും വിലപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജലനിരപ്പ് 136 അടിയില്‍ കൂട്ടരുതെന്ന് തമിഴ്നാടിന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടി കവിഞ്ഞിട്ടും തമിഴ്നാട് എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും സുപ്രീംകോടതി ചോദിച്ചു. കേരളത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം കേസില്‍ തുടര്‍ നടപടിയെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രസേനയെ വിന്യസിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം കോടതി തേടി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടു കൊണ്ട് കേരളം ഒരിക്കല്‍ കൂടി സുപ്രീംകോടതിയില്‍ നാണം കെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് തിരുവനന്തപുരത്ത് കുറ്റപ്പെടുത്തി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി പ്രതികൂല വിധി പ്രസ്താവിച്ചത്. സുപ്രീംകോടതിയില്‍ വളരെ ദുര്‍ബലമായ വാദമുഖങ്ങള്‍ ഉയര്‍ത്തിയ ശേഷം സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നതു കൊണ്ട് കേരളത്തിന് പ്രയോജനം ലഭിക്കില്ല. കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായ അഡ്വക്കേറ്റ് ജനറല്‍ കൈക്കൊണ്ട നിലപാട് സുപ്രീംകോടതി വിധി പ്രതികൂലമാകാന് കാരണമായി. സുപ്രീംകോടതിയില്‍ നിന്നും പ്രതികൂല നിലപാട് ഉണ്ടായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശമില്ലെന്നും മുരളീധരന് പറഞ്ഞു.
ഡാം സംബന്ധിച്ച് ആശങ്കകള്‍ കേരളം സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്കു മുന്നില്‍ കാര്യകാരണ സഹിതം വ്യക്തമാക്കിയിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഡാം തകര്‍ന്നാലുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഉന്നതാധികാര സമിതിയെ ബോധ്യപ്പെടുത്തിയിട്ടില്ല. ഇതും സുപ്രീംകോടതി വിധി സംസ്ഥാനത്തിന് എതിരാകാന്‍ കാരണമായി. ഇത്തരത്തില്‍ വേണ്ട നിലപാടുകളെടുക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാര്‍ 35 ലക്ഷം ജീവന് വച്ച് പന്താടുകയാണ്. കേരളത്തിന്റെ അഭിഭാഷകനെ യഥാസമയം സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞില്ലെന്നത് കഴിവുകേടാണ്. സുപ്രീംകോടതിക്കു പുറത്ത് രാഷ്ട്രീയ തീരുമാനം ഉണ്ടാക്കാന്‍ ശ്രമിക്കണമായിരുന്നു. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിന് ഉണ്ട്. എന്നാല്‍ സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസും യുഡിഎഫ് സര്‍ക്കാരും തികഞ്ഞ പരാജയമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു, അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍വകക്ഷി സംഘത്തെ ദല്‍ഹിയില്‍ കൊണ്ടു പോകുന്നത് ഈ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണെന്നു കാണിക്കാനാണ്. മന്ത്രിമാരായ കെ.എം.മാണിക്കും പി.ജെ.ജോസഫിനും ആത്മാര്‍ഥതയുണ്ടെങ്കില്‍ പ്രതിപക്ഷത്തിന്റെ റോള്‍ കളിക്കുകയല്ല വേണ്ടത്. മന്ത്രിസഭയിലിരുന്ന് പ്രസ്താവനാ യുദ്ധമാണോ നടത്തേണ്ടതെന്ന് ഇരുവരും ചിന്തിക്കണം. ചപ്പാത്തില്‍ ഉപവാസം കിടക്കുന്ന മന്ത്രിമാര്‍ ദല്‍ഹിയില്‍ സോണിയയുടെയും പ്രധാനമന്ത്രിയുടെയും വസതികള്‍ക്കു മുന്നിലാണ് സമരം ചെയ്യേണ്ടത്. സുപ്രീംകോടതി വിധി അനുകൂലമായിരുന്നെങ്കില്‍ സര്‍വകക്ഷി സംഘത്തിന്റെ ദല്‍ഹി യാത്ര കൊണ്ട് കേരളത്തിന് ഗുണമുണ്ടാകുമായിരുന്നു. സര്‍വകക്ഷി സംഘത്തില്‍ ബിജെപി പ്രതിനിധിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ദല്‍ഹിക്കു പോകും. കേരളത്തിന് പ്രതികൂലമായി നിലപാടെടുത്ത അഡ്വക്കേറ്റ് ജനറലിനെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും സംരക്ഷിക്കുകയാണെന്നും മുരളീധരന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: