കറാച്ചി: കറാച്ചിയിലെ സൊഹബൃ ഗോഥ് മേഖലയിലെ ഒരു മതസ്ഥാപനത്തില്‍ ബന്ധനസ്ഥരാക്കി തടവില്‍ പാര്‍പ്പിച്ചിരുന്ന 50 കുട്ടികളെ പാക് പോലീസ് രക്ഷപ്പെടുത്തി. സ്ഥാപനത്തിന്റെ ഉടമയായ ക്വാഖി ഉസ്മാനെ അറസ്റ്റു ചെയ്തു. മറ്റു നടത്തിപ്പുകാര്‍ക്കായി അന്വേഷണം തുടങ്ങി. ഒരു പള്ളിയോടു ചേര്‍ന്നായിരുന്നു ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
കറാച്ചിയില്‍ നിന്നും വളരെ ദൂരത്തിലുളള ഖൈബര്‍ പഖ്തുന്കാവാ പ്രവിശ്യ സ്വദേശികളായ കുട്ടികളെ ഒരിക്കലും രക്ഷിതാക്കളുമായി ഇടപെടാന്‍ അനുവദിക്കാറുണ്ടായിരുന്നില്ല. ചലിക്കാന്‍ പോലും കഴിയാത്ത വിധത്തിലായിരുന്നു കുട്ടികളെ കൂട്ടമായി കെട്ടിയിട്ടിരുന്നതെന്നും ഇവരുടെ സ്ഥിതി അതിദയനീയമായിരുന്നെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
സ്ഥാപനത്തിന്റെ അടിത്തറയ്ക്കു താഴെയുള്ള രഹസ്യസ്ഥലത്തായിരുന്നു കുട്ടികളെ കെട്ടിയിട്ടിരുന്നത്. സിന്ധ് ഐ.ജിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു ഇവിടെ റെയ്ഡ് നടത്തിയത്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനാണ് കുട്ടികളെ തടവിലിട്ടിരിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.
തെഹ്റിക് ഇ താലിബാനുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നും കുട്ടികളെ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്നതും അന്വേഷിച്ചു വരികയാണെന്നും ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് പറഞ്ഞു. രക്ഷിതാക്കള്‍ മതപഠനത്തിനായി മാസത്തില്‍ 10,000 രൂപ സ്ഥാപനത്തിന് നല്‍കാറുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: