ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന് അധികാരത്തിന്റെയും പണത്തിന്റെയും ലഹരിയില്‍ മത്തുപിടിച്ചിരിക്കുകയാണെന്ന് അണ്ണാഹസാരെ. അവസാന ശ്വാസം വരെ ജന്‍ ലോക്പാല്‍ ബില്ലിനായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. നാളെ നടത്തുന്ന ഉപവാസ സമരത്തിന് ദല്‍ഹിയിലേക്കു പുറപ്പെടുന്നതിനു മുന്‍പു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള രണ്ടാമത്തെ ഈ പോരാട്ടമാണിത്. അഴിമതി പൂര്‍ണമായും തുടച്ചു നീക്കുന്നത് വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി ധീരയോദ്ധാക്കള്‍ക്ക് സ്വാതന്ത്ര്യസമരക്കാലത്ത് ജീവന് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ആ ജീവത്യാഗം യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭ്യമാക്കിയിട്ടില്ല. അഴിമതിയും കൊള്ളയടിയും നിര്‍ബാധം ഇപ്പോഴും തുടരുകയാണ്. അതിനാല്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള രണ്ടാമത്തെ പോരാട്ടം തുടരുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. ഇത് നീണ്ട പോരാട്ടമാണെന്നും അഴിമതിയില്ലാത്ത ലോകമാണ് സമരത്തിന്റെ ലക്ഷ്യമെന്നും എന്തു ത്യാഗം സഹിച്ചും അതുതുടരുമെന്നും ഹസാരെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പണവും അധികാരവും സര്‍ക്കാരിനെ വിഷമയമാക്കിയിരിക്കുകയാണ്. ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു തുടങ്ങിയ ധീരനേതാക്കളെ അവര്‍ മറന്നുവെന്നും ഹസാരെ കുറ്റപ്പെടുത്തി. ഒരു മദ്യപന് ബോധാവസ്ഥ നഷ്ടപ്പെടുന്നത് പോലെയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലയെന്നും ഹസാരെ ചൂണ്ടിക്കാട്ടി.
ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ ഡിസംബര്‍ 27 മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: