തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ബിജെപി നേതാവ് എല്‍.കെ.അദ്വാനി ഇടപെടുന്നുവെന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നതായി മന്ത്രി പി.ജെ.ജോസഫ്. പ്രധാനമന്ത്രിയെക്കണ്ട് പ്രശ്നം ധരിപ്പിക്കാമെന്നാണ് അദ്വാനി പറഞ്ഞിരിക്കുന്നത്. ദേശീയവിഷയമായി മുല്ലപ്പെരിയാര്‍ മാറിക്കഴിഞ്ഞു എന്നാണ് ഇത് തെളിയിക്കുന്നത്. കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ദേശീയനേതൃത്വവും അദ്വാനിയെപ്പോലെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണം. മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭാസമ്മേളനത്തില്‍ മറുപടിപറയവെ പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് പ്രധാനമന്ത്രി മന്മോഹന് സംഗിനോട് ആവശ്യപ്പെടുമെന്ന് എല്‍.കെ.അദ്വാനി വ്യക്തമാക്കിയിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചുചേര്‍ത്ത് പ്രശ്നത്തിന് അടിയന്തരപരിഹാരമുണ്ടാക്കാന് പ്രധാനമന്ത്രി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അണക്കെട്ട് തകര്‍ന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അത്യാഹിതമുണ്ടാകുന്ന അവസ്ഥ ആലോചിക്കാന്‍ കഴിയില്ലെന്നും ജനങ്ങളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും അദ്വാനി പരസ്യമായി നിലപാടറിയിക്കുകയും ചെയ്തു. കേരളവും തമിഴ്നാടുമായുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ കേന്ദ്ര ഇടപെടല്‍ വൈകാന്‍ പാടില്ലെന്ന് അദ്വാനി വ്യക്തമാക്കിയിരുന്നു. സംസ്ഥാന ബിജെപി നേതൃത്വം അദ്വാനി ഉള്‍പ്പെടെയുള്ള കേന്ദ്രനേതാക്കളെകണ്ട് പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രിയെക്കാണാന്‍ അദ്വാനി തീരുമാനിച്ചത്.
രാജ്യത്തെ മുഴുവന്‍ അണക്കെട്ടുകളെയും നിയന്ത്രിക്കാന്‍ ഉതകുന്ന ഡാം സുരക്ഷാബില്‍ കേന്ദ്ര ക്യാബിനറ്റ് പാസാക്കിയിട്ടുണ്ട്. അത് ഇനി പാര്‍ലമെന്റ് പാസാക്കി നിയമമാക്കിയാല്‍ മതി. ശ്രമിച്ചാല്‍ ഇപ്പോഴത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഇത് സാധ്യമാകും. ഇക്കാര്യം എ.കെ.ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മറ്റ് രാഷ്ട്രീയപാര്ട്ടികളുംകൂടി സഹകരിച്ച് സബ്ജക്ട് കമ്മറ്റിയില്‍ തീരുമാനമുണ്ടായാല്‍ മാത്രമേ അത് സാധ്യമാകൂ എന്നാണ് ആന്റണി പറഞ്ഞത്. അദ്വാനിയുടെ മാര്‍ഗ്ഗം സ്വീകരിച്ച് മറ്റ് ദേശീയപാര്‍ട്ടികളും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. ജോസഫ് ആവശ്യപ്പെട്ടു.
അദ്വാനിയുടെ നിലപാടിന് പൂര്‍ണ്ണ പിന്തുണയാണ് പി.ജെ.ജോസഫ് ഇന്നലെ നിയമസഭയില്‍ നല്‍കിയത്. കേസ് നല്ല രീതിയില്‍ നടത്തിക്കൊണ്ടുപോയ മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രനെ അഭിനന്ദിക്കാനും പി.ജെ.ജോസഫ് മടികാട്ടിയില്ല. മുല്ലപ്പെരിയാര്‍ കേസ് കേരളത്തിനനുകൂലമല്ലാതാക്കിയതില് ഇരു മുന്നണികളിലെയും നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ജോസഫ് ആരോപിക്കുകയും ചെയ്തു.
ക്രിസ്തുമസ്സിന് മുന്‍പ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ താന്‍ മരണം വരെ ഉപവസിക്കുമെന്നും മന്ത്രി ജോസഫ് സഭയില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഉപവാസം പ്രഖ്യാപിക്കാനുള്ള വേദിയല്ല നിയമസഭയിലെ ചര്‍ച്ചയെന്നു സ്പീക്കര്‍ പറഞ്ഞു. ഇതേ തുടര്‍ന്നു ക്ഷമ ചോദിക്കുന്നെന്നു പി. ജെ. ജോസഫ് അറിയിച്ചു. ഒരംഗത്തിന് സഭയില്‍ സമരം പ്രഖ്യാപിക്കാന്‍ അവകാശമില്ലെന്ന സ്പീക്കറുടെ നിലപാട് ഏതു ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: