പള്ളുരുത്തി: കൊടിയനഷ്ടത്തിലേക്ക് കുപ്പുകുത്തുന്ന കൊച്ചിതുറമുഖത്തെ കരകയറ്റാന്‍ കടുത്തസാമ്പത്തിക അച്ചടക്കനടപടികള്‍ നടപ്പാക്കാന്‍ തീരുമാനമായി. ജനുവരി ഒന്നുമുതല്‍ നടപടികള്‍ക്ക് തുടക്കമാകും. 3,500 ഓളം ജീവനക്കാര്‍ക്കും, ഏഴായിരത്തോളം പെന്ഷന് കാര്‍ക്കും നടപടികള്‍ ബാധകമാകും. കഴിഞ്ഞ സാമ്പത്തികവര്‍ഷം 86 കോടിയുടെ നഷ്ടമാണ് തുറമുഖത്ത് ഉണ്ടായത്. രാജ്യത്തെ പോര്‍ട്ടുകളില്‍ തന്നെ ഇത്രയും നഷ്ടം നേരിടുന്നത് കൊച്ചി തുറമുഖം മാത്രമാണ്. വരുന്ന സാമ്പത്തിക വര്‍ഷം ഇത് 136 കോടിയുടെ നഷ്ടമായി മാറുമെന്നാണ് തുറമുഖ സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. നിലവിലെ സാമ്പത്തിക നഷ്ടം മറികടക്കാന്‍ സമീപപോര്ട്ടുകളുടെ സഹായം തേടേണ്ട അവസ്ഥയാണ് കൊച്ചിതുറമുഖത്തിന് ഉള്ളത്. വരുന്ന ജനുവരി മുതല്‍ ജീവനക്കാരുടെ ഡിഎ ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കും. കൊച്ചി തുറമുഖത്തിന്റെ എല്ലാ വിഭാഗം ജീവനക്കാരുടേയും ഓവര്‍ടൈം ജോലികളും നിര്‍ത്തലാക്കും. വരുന്ന രണ്ടുവര്‍ഷത്തേക്ക് ഇന്‍സെന്റീവ് തടയുവാനും ആലോചനയുണ്ട്.
ആര്‍ജ്ജിത അവധി ആനുകൂല്യം കര്‍ശനമായും നിര്‍ത്തലാക്കും. വാഹനം, ഗൃഹനിര്‍മാണം, കമ്പ്യൂട്ടര്‍ തുടങ്ങിയവ വാങ്ങുന്നതിനുള്ള അഡ്വാന്‍സും നിര്‍ത്തലാക്കും. അവധി എടുക്കുമ്പോള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. കപ്പല്‍ പെയിലറ്റുമാരുടെ ശമ്പളം നേര്‍പകുതിയാകും. വരുന്ന ഒരുവര്‍ഷത്തേക്ക് യൂണിഫോം നല്‍കില്ല. മെഡിക്കല്‍ ആനുകൂല്യം നിയന്ത്രിക്കുവാനും സാമ്പത്തിക അച്ചടക്ക കരടില്‍ നിര്‍ദ്ദേശമുണ്ട്. പോര്‍ട്ട് തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കാന്‍ സാദ്ധ്യതയുള്ള നിര്‍ദ്ദേശങ്ങള്‍ തുറമുഖമന്ത്രാലയം അനുവാദം നല്‍കിക്കഴിഞ്ഞു. സാമ്പത്തിക അച്ചടക്കനടപടിയുടെ ഭാഗമായി തുറമുഖത്തെ മുഴുവന്‍ യൂണിയന് പ്രതിനിധികളുമായി പോര്‍ട്ട് ചെയര്മാന് തുറമുഖ ആസ്ഥാനത്ത് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. യൂണിയന് പ്രതിനിധികളില്ത്തന്നെ ഭിന്നാഭിപ്രായമുള്ളവരെ അനുനയിപ്പിക്കാനും തുറമുഖത്തിന്റെ യഥാര്‍ത്ഥ അവസ്ഥമുന്നില്വെച്ച് സാമ്പത്തിക നടപടികള്‍ക്ക് തുറമുഖ സംഘടനാ പ്രതിനിധികളുടെ പിന്തുണ നേടിയെടുക്കാനും ചെയര്മാന് നടത്തുന്ന നീക്കമാണ് തിങ്കളാഴ്ച ഉണ്ടാവുകയെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: