ന്യൂദല്‍ഹി: പണപ്പെരുപ്പവും വിലക്കയറ്റവും ഉള്‍പ്പെടെയുള്ള പ്രശ്ങ്ങള്‍ക്ക് ചെറുകിട മേഖലയിലെ വിദേശനിക്ഷേപം പരിഹാരമാകുമെന്ന പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കാനാണെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി പറഞ്ഞു.
ചില്ലറ വ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് തീരുമാനമെടുത്തത് എന്തിനാണെന്നും അദ്വാനി ചോദിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന്റെ നേതൃത്വത്തില്‍ നടന്ന നേതൃത്വ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ യാതൊരു ന്യായീകരണവുമില്ല. വലിയൊരു വിഭാഗം ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്.
കോടിക്കണക്കിന് ചെറുകിട വ്യാപാരികളെ ഇത്തരമൊരു തീരുമാനം ദോഷകരമായി ബാധിക്കുമെന്നും അദ്വാനി പറഞ്ഞു. വിദേശനിക്ഷേപം വരുന്നതോടെ പണപ്പെരുപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക പരിഹാരമാകുമെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണ്. ജനങ്ങള്‍ക്ക് തൊഴിലാണ് നഷ്ടപ്പെടുന്നതെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.
പാശ്ചാത്യ രീതികളെ ഇന്ത്യക്കാര്‍ അനുകരിക്കരുത്. 2011 കുംഭകോണങ്ങളുടെ വര്‍ഷമായിരുന്നു. എന്നാല്‍ 2012 കടബാധ്യതയുടെ വര്‍ഷമാണെന്ന് അദ്വാനി പറഞ്ഞു. 15 വര്‍ഷം കൊണ്ടു രാജ്യം വികസിതമാകുമെന്നാണ് സ്വാതന്ത്ര്യ സമരപോരാളികള്‍ കരുതിയത്. എന്നാല്‍ 50 വര്‍ഷം വേണ്ടിവന്നു. ജനമോചന യാത്രയ്ക്കു പൊതുജനങ്ങളുടെ വന്‍ പിന്തുണയാണു ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പുരോഗതിയ്ക്കു വേണ്ടിയാണ് യാത്ര നടത്തിയത്. അതല്ലാതെ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായിരുന്നില്ല യാത്രയെന്നും അദ്ദേഹം പറഞ്ഞു. യാത്രയിലുടനീളം ലഭിച്ച ജനപിന്തുണ വളരെ വലുതായിരുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: