പറവൂര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നിരുത്തരവാദിത്വ സമീപനത്തില്‍ പ്രതിഷേധിച്ച് ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറവൂരില്‍ കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലില്‍ പങ്കെടുത്ത നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളില്‍ അര്‍ദ്ധരാത്രിക്കുശേഷം കയറി വാതിലുകള്‍ തല്ലിത്തകര്‍ക്കുകയും പ്രായമമായ സ്ത്രീകളെവരെ മര്‍ദ്ദിക്കുകയും പ്രവര്‍ത്തകരെ ബലമായി പിടിച്ചുകൊണ്ടുപോയി സ്റ്റേഷന് ലോക്കപ്പില്‍ അടച്ച പറവൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീകുമാരന്‍ നായര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. പ്രശ്നം കൂടുതല്‍ സംഘര്ഷാവസ്ഥയിലേക്കുനീങ്ങുന്നതറിഞ്ഞ് സ്ഥലത്ത് എത്തിയ ഡിവൈഎസ്പി ബിജെപി സംഘപരിവാര്‍ നേതാക്കളുമായി സംസാരിക്കുകയും എസ്ഐക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാമെന്നു നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഉപരോധം പിന്‍വലിച്ച് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പറവൂര്‍ പഴയ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റില്‍ ചേര്‍ന്ന യോഗം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.വി.ബാബു അദ്ധ്യക്ഷത വഹിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 50 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവന് വച്ച് പന്താടുന്ന കേന്ദ്ര കേരള സര്‍ക്കാരുകളുടെ നയവൈകല്യത്തില്‍ പ്രതിഷേധിച്ചുകൊണ്ട് വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി ബിജെപി രംഗത്തുവരുമെന്നും ഇതിനുവേണ്ടി സമരം ചെയ്ത പറവൂരില്‍ ബിജെപി നേതാക്കളായ തീവ്രവാദികളെ വേട്ടയാടുന്നതുപോലെ മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ രാത്രിയില്‍ വീടുകളില്‍ കയറി അതിക്രമം കാണിച്ച എസ്ഐക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് മണ്ഡലം കമ്മറ്റി തീരുമാനിച്ചു. അഡ്വ.എ.എം.നസീര്‍, ടി.പി.മുരളി നെടുമ്പാശ്ശേരി രവി, എം.എന്‍.ബാലചന്ദ്രന്, വിജയന് വരാപ്പുഴ, ഇ.എസ്.പുരുഷോത്തമന്, രാജു മാടവന, സോമന് ആലപ്പാട്ട്, ദിലീപ് ഏഴിക്കര, ഹിന്ദുഐക്യവേദി നേതാക്കളായ കെ.ജി.സജീവന്, തമ്പി കല്ലുപുറം, രാജ്കുമാര്, നിര്‍മ്മല്‍ മനക്കപ്പടി, ബിഎംഎസ് മേഖല സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: