കുമളി/തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയേത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 136.6 അടിയായി. ബലക്ഷയം വന്ന ഡാമിലെ അനുവദനീയമായ ജലനിരപ്പ് 136 ആടിയാണ്. ജലനിരപ്പ് കൂടുന്നതു മൂലം ഡാമിന്റെ ചോര്‍ച്ചയും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ ജലനിരപ്പ് 135.5 അടിയായിരുന്നു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. വൃഷ്ടി പ്രദേശത്ത് ഇടയ്ക്കിടെ മഴ തുടര്‍ന്നതോടെ ഉച്ചയ്ക്ക് 135.6 അടിയാകുകയായിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെയും ജലനിരപ്പ് അല്പം ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയ്ക്കാന്‍ വൈദ്യുതി ഉല്പാദനം വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനിടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന അടിയന്തര സാഹചര്യം നേരിടാന്‍ വൈദ്യുതിബോര്‍ഡ്, പീരുമേട് കേന്ദ്രമായി ദ്രുതകര്‍മ്മസേന രൂപീകരിച്ചു.
പീരുമേട്ടില്‍ വച്ച് തൊടുപുഴ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഷാജി പീറ്റര്‍ കല്ലടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പീരുമേട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അഷറഫ് വി.എ കണ്‍വീനറായി ദ്രുതകര്‍മ്മസേന രൂപീകരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരടങ്ങുന്ന രണ്ടു ടീം മുല്ലപ്പെരിയാറിന്റെ രണ്ടു ഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളില്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തയ്യാറായിട്ടുണ്ട്.
ഇതിനിടെ, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു നില്‍ക്കുകയും കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ 26 തവണ അവിടെ ഭൂചലങ്ങള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ജലനിരപ്പ് 120 അടിയിലേക്കു കുറച്ചുകൊണ്ടു വരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു.
മുല്ലപ്പെരിയാര്‍ മേഖലയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ സുപ്രീം കോടതിയിലും എംപവേര്‍ഡ് കമ്മറ്റിയിലുമുള്ള നിയമപരവും സാങ്കേതികവുമായ തര്‍ക്കങ്ങള്‍ക്ക് അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ കാത്തുനില്‍ക്കാതെ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ജലനിരപ്പ് കുറയ്ക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം തമിഴ്നാടിന് നിലവിലുള്ള തോതില്‍ തന്നെ വെള്ളം ലഭിച്ചുകൊണ്ടിരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേരളത്തിലെ ജനങ്ങളുടെ പരിഭ്രാന്തി പരിഗണിച്ച് ജലനിരപ്പ് എത്രയും വേഗം താഴ്ത്തണം. ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്നമായതിനാല്‍ ഇത് കേരളത്തിന് അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥ കേരളത്തിന് എക്കാലവും ഉല്‍ക്കണ്ഠ നല്‍കിയിട്ടുണ്ട്. ഡാമിന്റെ പരിസരത്ത് സമീപകാലത്തുണ്ടായ ഭൂചലനങ്ങളും ഉയര്‍ന്ന ജലനിരപ്പും മൂലം ജനങ്ങളുടെ ഉല്‍കണ്ഠ പരിഭ്രാന്തിയായി വളര്‍ന്നിരിക്കുകയാണ്. 2011 ജൂലൈയ്ക്ക് ശേഷം മാത്രം 26 തവണ അവിടെ ഭൂചലനങ്ങള്‍ ഉണ്ടായി. ഇതിന്റെ വിശദാംശങ്ങള്‍ കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
റിക്ടര്‍ സ്കെയിലില്‍ 3.8 വരെ ഉള്ള ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ ആറിന് മുകളിലുള്ള ഭൂചലനമുണ്ടായാല്‍ ഡാമിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നാണ് റൂര്‍ക്കി ഐഐറ്റിയുടെ പഠനം മുന്നറിയിപ്പ് നല്കയിട്ടുള്ളത്. ഡാമിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നാണ് കേരളത്തിന്റെ എക്കാലത്തേയും നിലപാട്. വൃഷ്ടി പ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴമൂലം ഇപ്പോള്‍ ജലനിരപ്പ് 136 അടിയും കവിഞ്ഞിരിക്കുന്നു. ഈ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാമിന്റെ മുകള്ഭാഗം തകര്‍ന്ന് അപകടം ഉണ്ടാകുമെന്ന് ദല്‍ഹി ഐഐറ്റിയുടെ പഠനവും മുന്നറിയിപ്പ് നല്കുന്നു.
മുല്ലപ്പെരിയാര്‍ ഡാം മേല്‍പ്പറഞ്ഞ കാരണത്താല്‍ തകര്‍ന്നാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളെ അത് അതീവ ഗുരുതരമായി ബാധിക്കും. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുമെന്നും ഭയപ്പെടുന്നു. ഇത്രയും ഭീമാകാരമായ അപകടം മുന്നില്‍ നില്ക്കുമ്പോള് സംസ്ഥാന സര്‍ക്കാരിന് നിശബ്ദമായിരിക്കാന്‍ കഴിയില്ല. ദുരന്തം സംഭവിക്കില്ലെന്ന് ആര്‍ക്കാണ് ഉറപ്പു നല്കാന് കഴിയൂയെന്ന് മുഖ്യമന്ത്രി കത്തില്‍ ചോദിച്ചു.
ഇതിനിടെ, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയിലേക്ക് താഴ്ത്തുവാന്‍ കഴിയുമെന്നാണ് തന്റെ ശുഭാപ്തിവിശ്വാസമെന്ന് മുഖ്യമന്ത്രി ആലുവ പാലസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിന്റെ ഈ ആവശ്യത്തിനൊപ്പം തമിഴ്നാടും നില്‍ക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിെന്റ ആശങ്ക തമിഴ്നാട് ഉള്‍ക്കൊണ്ടുതുടങ്ങിയിട്ടുണ്ട്. പ്രശ്നത്തില്‍ അതിവൈകാരികമായ സമീപനം സ്വീകരിക്കുവാന്‍ കേരളം ആഗ്രഹിക്കുന്നില്ല. തമിഴ്നാടിന്റെ വൈകാരിക സമീപനങ്ങളിലും മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. തമിഴ്നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് ചര്‍ച്ചയുടെ പാത സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: