ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് കത്തെഴുതി. അണക്കെട്ടിന്റെ കാര്യത്തില്‍ അനാവശ്യഭീതിയുണര്ത്തുന്ന നടപടികള്‍ ഉണ്ടാകരുതെന്നും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി കത്തില്‍ പറയുന്നു.
ഇരുസംസ്ഥാനങ്ങളിലേയും ഭരണാധികാരികളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ത്ത് പ്രശ്നപരിഹാരത്തിന് ജലവിഭവമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് ജയലളിത അയച്ച രണ്ട് കത്തുകളും ലഭിച്ചുവെന്നും കേരളത്തിലെ മന്ത്രിമാര്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും പ്രശ്നം സുപ്രീംകോടതി എംപവേര്‍ഡ് കമ്മറ്റിയുടെ മുന്നിലാണെന്ന് അവരെ അറിയിച്ചുവെന്നും പ്രധാനമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ ഭീതി ജനിപ്പിക്കുന്ന പരസ്യപ്രസ്താവനകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
പുതിയ ഡാമിനായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രസ്താവന നടത്തുന്നത് ശരിയല്ല. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ആശങ്ക പരത്തുന്നുവെന്നും ഹര്‍ജി ആരോപിക്കുന്നു.
ഇതിനിടെ, മുല്ലപ്പെരിയാറിലെ പുതിയ ഡാമിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവന പുറത്തിറക്കി. പ്രശ്നം ഇരുസംസ്ഥാനങ്ങളും രമ്യമായി പരിഹരിക്കണമെന്നും സുപ്രീംകോടതി നടപടികള്‍ വേഗത്തിലാക്കണമെന്നും പിബി ആവശ്യപ്പെട്ടു. കോടതിവിധിയുണ്ടാകുന്നതുവരെ നിലവിലുള്ള ഡാം സുരക്ഷിതമായി നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്നുവെങ്കിലും പുതിയ ഡാമിനെക്കുറിച്ച് പരാമര്‍ശമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: