തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇടപെടാന്‍ നിയമം അനുവദിക്കുന്നില്ലെന്നു പറഞ്ഞ ചെയര്മാന് ജസ്റ്റിസ് ജെ.ബി.കോശി മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റി പറഞ്ഞു. പ്രഹസന സന്ദര്‍ശനത്തിന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനില്ലെന്ന് ഇന്ന് രാവിലെ പറഞ്ഞ കമ്മീഷന് വൈകുന്നേരം നിലപാട് മാറ്റി. ഡിസംബര്‍ ആറിന് കമ്മീഷന് അംഗങ്ങളെല്ലാവരുംകൂടി മുല്ലപ്പെരിയാറിലേക്ക് പോകുമെന്നായി വൈകിട്ടത്തെ നിലപാട്.
മുല്ലപ്പെരിയാര്‍ വിഷയം വലുതാക്കിയത് കേരളത്തിലെയും തമിഴ്നാട്ടിലെയും മാധ്യമങ്ങളാണെന്നായിരുന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഇന്നലെ രാവിലെ പറഞ്ഞത്. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ആണ് പ്രശ്നത്തില്‍ ഇടപെടാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടണമെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. സാധ്യമല്ലെന്ന് കമ്മീഷന് നിലപാട് ഫലത്തില്‍ തമിഴ്നാടിന്റെ വാദങ്ങളെ ബലപ്പെടുത്തുന്നതാണ്.
സുപ്രീംകോടതിയുടെ വിധി മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നാണ് തമിഴ്നാടിന്റെ നിലപാട്. വിധി വരുന്നതിനുമുമ്പ് മറ്റേതെങ്കിലും ഏജന്‍സിയുടെയോ വിദഗ്ധ സമിതിയുടെയോ കണ്ടെത്തലിനും അഭിപ്രായ പ്രകടനത്തിനും സാധുതയില്ലെന്നാണ് തമിഴ്നാട് പറയുന്നത്. ഇടപെടാന്‍ സാധ്യമല്ലെന്ന് കേരളത്തിലെ മനുഷ്യാവകാശ കമ്മീഷന് തന്നെ പറയുമ്പോള്‍ അത് തമിഴ്നാടിന് ഏറെ ഗുണം ചെയ്യും. നിയമസഭ കൂടി പ്രമേയം പാസാക്കുന്നതുകൊണ്ടോ ഐഐടിയിലെയും മറ്റും വിദഗ്ധര്‍ അഭിപ്രായം വ്യക്തമാക്കിയതുകൊണ്ടോ ഫലമില്ലെന്ന സൂചനയും ഇതിലുണ്ട്.
തെളിവെടുപ്പ് എന്ന പേരില്‍ മുല്ലപ്പെരിയാറില്‍ സന്ദര്‍ശന പ്രഹസനം നടത്തില്ലെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പറയുന്നു. ഇതെല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതും തമിഴ്നാടിന്റെ നിലപാട് ഏറെക്കുറെ ശരിവയ്ക്കുന്നതാണ്. മുല്ലപ്പെരിയാര്‍ ഡാമിന് കുഴപ്പമൊന്നുമില്ലെന്നും കേരളം വെറുതെ ഭീതി പരത്തുകയാണെന്നുമാണ് തമിഴ്നാട് പ്രചരിപ്പിക്കുന്ന ഒരു കാര്യം. കേരളത്തിലെ മനുഷ്യാവകാശ കമ്മീഷന് തന്നെ അതു സമ്മതിക്കുമ്പോള്‍ തമിഴ്നാടിനിനി ചര്‍ച്ചകളില്‍ എടുത്തുകാട്ടാന്‍ തുറുപ്പുചീട്ടുകളില്‍ ഒന്നായിതുമാറും.
ഈ സാഹചര്യത്തിലാണ് വൈകുന്നേരം നിലപാട് മാറ്റിക്കൊണ്ട് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിറക്കിയത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജല നിരപ്പ് 120 അടിയിലേക്ക് മാറ്റാന്‍ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി മുമ്പാകെ കേരളം ഹര്‍ജി നല്‍കണമെന്നാണ് വൈകുന്നേരം കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയത്. മുല്ലപ്പെരിയാറില്‍ അധിവസിക്കുന്ന ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കോടതിയെ സമീപിക്കണം. ജലവിതാനം 120 അടിയിലേക്ക് താഴ്ത്തുന്നത് സംബന്ധിച്ച് കേരളം, തമിഴ്നാട് സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്യണമെന്നും ഇതിന് കേരള മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണമെന്നും ജസ്റ്റിസ് കോശി നിര്‍ദ്ദേശിച്ചു.
സെന്‍ട്രല്‍ വാട്ടര്‍ റഗുലേറ്ററി അതോറിറ്റിയുടെയോ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സിയുടേയോ മേല്‍നോട്ടത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണം. ഇതിനാവശ്യമായ പണം കേരള സര്‍ക്കാര്‍ അല്ലെങ്കില്‍ കേന്ദ്ര, കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ സംയുക്തമായി വഹിക്കണം. തമിഴ്നാട് കരാര്‍ പ്രകാരം വെള്ളം കൊടുക്കുന്നുണ്ടോ എന്ന് കേന്ദ്രം ഉറപ്പുവരുത്തണം. അണക്കെട്ട് നിര്‍മ്മിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ ജലവിതാനം കുറയ്ക്കണം.
ജലനിരപ്പ് 120 അടിയായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും ഇടുക്കി അണക്കെട്ടിന് വെള്ളം താങ്ങി നിര്‍ത്താനാകും. ജസ്റ്റിസ് കോശ് ഉത്തരവില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി, കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് കമ്മീഷന് ഉത്തരവ് അയച്ചു. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി, കേരള, തമിഴ്നാട് ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് പകര്‍പ്പ് അയച്ചു.
മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കലിന്റെ പരാതിയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറിയോടാവശ്യപ്പെടുമെന്നും ജെ.ബി. കോശി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: