തിരുവനന്തപുരം: കടുത്തസമ്മര്ദ്ദത്തിനും വിമര്‍ശനത്തിനും ഒടുവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം തിരുത്തുന്നു. ബാര്‍ ലൈസന്‍സിനുള്ള എന്‍ഒസി നല്കാന് പഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചായത്ത്-നഗരപാലിക നിയമത്തില്‍ നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ പുനഃസ്ഥാപിക്കും. എക്സൈസ്മന്ത്രി കെ. ബാബുവിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവില്‍ മന്ത്രി ഒപ്പുവെച്ചു.
മദ്യനയം തിരുത്തണമെന്ന് യുഡിഎഫ് ഘടക കക്ഷികളും നിരവധി സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച മന്ത്രി കെ.ബാബുവിന്റെ ആവശ്യപ്രകാരം അടിയന്തരമായ യുഡിഎഫ് ഉപസമിതി ചേര്‍ന്നിരുന്നു.മുസ്ലീംലീഗും മുതിര്‍ന്ന നേതാവ് വി.എം.സുധീരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിലെ ഒരുവിഭാഗവും വിവിധ മതസംഘടനകളും മദ്യനയം തിരുത്തുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
പഞ്ചായത്ത് നിയമത്തിലെ സെക്ഷന്‍ 232 ഉം നഗരപാലിക നിയമത്തിലെ വകുപ്പ് 424 ഉം പ്രകാരമുള്ള അധികാരം പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നത്. പഞ്ചായത്തീരാജ്- നഗരപാലികാ നിയമങ്ങളില്‍ ഈ വകുപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും എല്‍ ഡി എഫ് സര്‍ക്കാര്‍ ഈ അധികാരം എടുത്തുകളഞ്ഞ് നിയമത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അധികാരം പുനസ്ഥാപിക്കണമെന്ന് യുഡിഎഫ് ഉപസമിതിയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ബാര്‍ ലൈസന്‍സ് സംബന്ധിച്ച് പഞ്ചായത്തുകളുടെ അധികാരം പുനഃസ്ഥാപിച്ചത് പരീക്ഷണാടിസ്ഥാനത്തിലാണെന്ന് എക്സൈസ് മന്ത്രി കെ.ബാബു കൊച്ചിയില്‍ പ്രതികരിച്ചു. ഒരുവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യു.ഡി.എഫിന്റെ ഭേദഗതികള്‍ അടുത്തസാമ്പത്തിക വര്‍ഷത്തില്‍ മാത്രമേ നടപ്പാക്കുകയുള്ളൂ. അടുത്ത സാമ്പത്തിക വര്‍ഷം മദ്യനയത്തില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: