തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുക, നിലവിലുള്ള ജലനിരപ്പ് 120 അടിയായി കുറയ്ക്കുക എന്നീ ആവശ്യങ്ങളില്‍ നിന്ന് പുറകോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തികച്ചും ന്യായമാണെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
അപകടഘട്ടമുണ്ടായാല്‍ മുല്ലപ്പെരിയാറിലെ ജലം കൂടി താങ്ങാന്‍ കഴിയുന്ന വിധത്തില്‍ ഇടുക്കിയിലെ ജലനിരപ്പ് താഴ്ത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാവുന്നതിന്റെ ഭാഗമായി ഇടുക്കിയിലെ ജലനിരപ്പ് താഴ്ത്തും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി ഇന്ന് പ്രധാനമന്ത്രിയെ കാണും. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് തികഞ്ഞ ആത്മസംയമനത്തോടെ സമരവും പ്രതിഷേധവുമെല്ലാം നടത്താന്‍ കഴിയണം.
ഡാമിന്റെ കാര്യത്തില്‍ കേരളത്തിന്റെ നിലപാടിന് വ്യാപകമായ അംഗീകാരം ലഭിച്ചു. കാര്യങ്ങള്‍ വിശദീകരിച്ച് ജയലളിതക്ക് കത്തയക്കും. പുതിയ ഡാം നിര്‍മ്മിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. തമിഴ്നാടുമായി നിലനില്‍ക്കുന്ന നല്ല ബന്ധം തുടരും. ജനങ്ങളുടെ സുരക്ഷക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡാമില്‍ നിന്ന് ഇപ്പോള്‍ തമിഴ്നാടിന് കിട്ടുന്ന അതേ അളവില്‍ ജലം നല്‍കുമെന്ന് ഏതുതരത്തിലുള്ള ഉറപ്പും നല്കാന് കേരളം തയ്യാറാണ്. കൂടംകുളം ആണവ പദ്ധതിയെ ജനസുരക്ഷയുടെ പേരില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എതിര്‍ക്കുന്നു. ഇതേ സുരക്ഷ കേരളത്തിലെ ജനങ്ങള്‍ക്കും ബാധകമല്ലേ.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്താനായി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്ന 2012 ഫെബ്രുവരി വരെ കാത്തിരിക്കാനാവാത്തതിനാലാണ് കേരളം അടിയന്തര നടപടി ആവശ്യപ്പെടുന്നത്. കേരളത്തില്‍ ഉയരുന്നത് കേവലം വൈകാരിക പ്രതിഷേധമല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കത്തിലൂടെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷവുമായി അഭിപ്രായ വ്യത്യാസമില്ല. പ്രശ്നത്തില്‍ ഒറ്റക്കെട്ടോടെ മുന്നോട്ടുപോകാന്‍ കഴിയണം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: