കൊച്ചി: മുല്ലപ്പെരിയാറില്‍ ദുരന്തമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും ഹൈക്കോടതി അറിയിച്ചു.
മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തമുണ്ടായാല്‍ ഇടുക്കിയിലെയും ചെറുതോണിയിലെയും ഡാമുകളിലെ വെള്ളം ഒഴുക്കിവിടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ് നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ ഇതിനു മറുപടിയായി കോടതിയെ അറിയിച്ചു. അപകടമുണ്ടായാല്‍ ഇടുക്കി, ചെറുതോണി ഡാമുകളിലെ വെള്ളം തുറന്നുവിടാനുള്ള നടപടികള്‍ സ്വീകരിക്കും. റൂര്‍ക്കി ഐ.ഐ.ടിയുമായി ചേര്‍ന്നു മേഖലയിലെ ഭൂചലനത്തെക്കുറിച്ചു പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു വിശദീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയത്. എന്നാല്‍ ദുരന്തമുണ്ടായല്‍ എടുക്കേണ്ട അടിയന്തര നടപടികളെക്കുറിച്ചു 48 മണിക്കൂറിനുള്ളില്‍ എഴുതി നല്കാന് കോടതി നിര്‍ദേശിക്കുകയായിരുന്നു.
നടപടികള്‍ മുന്‍ഗണനാ ക്രമത്തിലാകണം എഴുതി നല്‍കേണ്ടത്. അപകടമുണ്ടായല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ എന്നും അറിയിക്കണം. ഡാം തകര്‍ന്നാലുണ്ടാകുന്ന അപകടത്തെക്കുറിച്ചു മാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തണം. ജനങ്ങളുടെ ആശങ്കയില്‍ പങ്കുചേരുന്നുവെന്നും കോടതി പറഞ്ഞു. ജനങ്ങള്‍ ഒറ്റക്കെട്ടായി നില്ക്കുമ്പോള് സര്‍ക്കാര്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ എന്തുകൊണ്ട് വൈകുന്നുവെന്ന് ഹൈക്കോടതി ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: