വാഷിംഗ്ടണ്‍: ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തിന് അനുമതി നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അമേരിക്ക സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തെ വിദേശനിക്ഷേപ തീരുമാനം കൂടുതല്‍ ശക്തമാക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.
ഇന്ത്യന്‍ സര്‍ക്കാരിന്റെ ഈ നടപടി ഇന്ത്യ- യു.എസ് സാമ്പത്തിക സഹകരണമേഖല കൂടുതല്‍ ശക്തമാക്കുമെന്നും മാര്‍ക്ക് ടോണര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ചില്ലറ വ്യാപാരമേഖലയില്‍ ഇന്ത്യയിലേക്ക് കടന്നുവരാന്‍ യു.എസ് കമ്പനികള്‍ ഏറെ കാലമായി ആഗ്രഹിക്കുകയാണെന്നും വാഷിംഗ്ടണ്‍ ഈ ആവശ്യമുയര്‍ത്തി ഏറെ കാലം സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നും ടോണര്‍ വെളിപ്പെടുത്തി.
ഇന്ത്യയുടെ തീരുമാനം സാമ്പത്തിക പരിഷ്കരണമുള്‍പ്പെടെയുള്ള ഗുണപരമായ മാറ്റങ്ങള്‍ക്കിടയാക്കുമെന്നും പുതിയ സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും തിരഞ്ഞെടുക്കാനുള്ള കൂടുതല്‍ സ്വാതന്ത്ര്യം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും ടോണര്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പാര്‍ട്ടികളുള്‍പ്പെടെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ഇന്ത്യയെ പോലെ ശക്തമായ ജനാധിപത്യമുള്ള രാജ്യത്ത് പ്രതിഷേധങ്ങള്‍ പുതുമയല്ലെന്നും യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വരാനിരിക്കുന്ന വാണിജ്യബന്ധത്തെ മുഖ്യ വിലയ്ക്കെടുത്താല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: