ഇംഫാല്‍: മണിപ്പൂരിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇംഫാലില്‍ നടക്കുന്ന വിനോദസഞ്ചാര ഫെസ്റ്റിവല്‍ വേദിയുടെ സമീപം പതിനൊന്നു മണിയോടെയായിരുന്നു സ്ഫോടനം. പ്രധാനമന്ത്രി മന്മോഹന് സിങ് രണ്ടു ദിവസത്തിനു ശേഷം മണിപ്പുര്‍ സന്ദര്‍ശിക്കാനിരിക്കുകയാണ് സ്ഫോടനം ഉണ്ടായത്.
പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കുന്ന സിറ്റി കണ്വെന്ഷന് സെന്ററില്‍ നിന്ന് 50 മീറ്റര്‍ അകലെയാണു സ്ഫോടനം നടന്നത്. ബോംബ് കൊണ്ടുവന്നയാളാണു മരിച്ചതെന്നു സംശയിക്കുന്നു. പൊട്ടാത്ത ഒരു ബോംബും പരിസരത്തു നിന്നു ലഭിച്ചിട്ടുണ്ട്.
മണിപ്പുര്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാന്‍ഗായ് വിനോദസഞ്ചാര ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ തായ് ലന്‍ഡ്, മലേഷ്യ തുടങ്ങിയ തെക്കു കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നു നിരവധി വിദേശീയര്‍ എത്താറുണ്ട്. തീവ്രവാദ സംഘടനയായ കാങ്ലി പാക് കമ്യൂണിസ്റ്റ് പാര്‍ട്ടി (കെസിപി) പ്രവര്‍ത്തകരാണു സ്ഫോടനത്തിന് പിന്നിലെന്നു പോലീസ് സംശയിക്കുന്നു.
കെ.സി.പി ആഹ്വാനം ചെയ്ത 72 മണിക്കൂര്‍ ബന്ദ് ഇന്നലെയാണ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: