ഗുവാഹത്തി: ആസാമീസ് എഴുത്തുകാരിയും ജ്ഞാനപീഠജേതാവുമായ ഇന്ദിര ഗോസ്വാമി (70) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. അസുഖബാധിതതായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ആസാമിലെ ഉള്‍ഫാ തീവ്രവാദികളുമായി ചര്‍ച്ച നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മദ്ധ്യസ്ഥ കൂടിയായിരുന്നു ഇന്ദിരാ ഗോസ്വാമി. ശ്വാസതടസത്തെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി 13നാണ് ഗോസ്വാമിയെ ഗുവാഹത്തിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം ശമിച്ചതോടെ വീട്ടിലേക്ക് മാറ്റിയിരുന്നു.
സമകാലീന ഇന്ത്യന്‍ സാഹിത്യ രംഗത്തെ പ്രമുഖരിലൊരാളായ ഇന്ദിരയുടെ എഴുത്തില്‍ മുഴുവന്‍ നിഴലിച്ചിരുന്നത് സ്ത്രീകളുടെ പ്രശ്നങ്ങളും ആസാമിലെ രാഷ്ട്രീയ-സാംസ്കാരിക ചലനങ്ങളുമായിരുന്നു. 1942 നവംബര്‍ 14ന് ഗുവാഹത്തിയില്‍ ജനിച്ചു. വിദ്യാര്‍ത്ഥിയായിരിക്കെ 1962ലാണ് ഇന്ദിരാ ഗോസ്വാമി തന്റെ ആദ്യ ചെറുകഥാ സമാഹാരമായ ചിനാകി മോറം പ്രസിദ്ധീകരിക്കുന്നത്. ദല്‍ഹി സര്‍വ്വകലാശാലയില്‍ അധ്യാപികയായിരുന്നു.
ആസാമിലെ വിവിധ സംസ്കാരങ്ങളെ തന്റെ എഴുത്തിലൂടെ പ്രതിഫലിപ്പിച്ച ഇന്ദിര ദല്‍ഹി ആസ്പദമാക്കി ഹൃദോയ്, നങ്കോത് സോഹര്‍, ബോറോഫര് റാണി തുടങ്ങിയ ചെറുകഥകള്‍ രചിട്ടുണ്ട്. 2000 ല്‍ ജ്ഞാനപീഠം പുരസ്കാരം നേടി. 2002 ല്‍ ലഭിച്ച പത്മശ്രീ നിരസിച്ചും ഇന്ദിര വാര്‍ത്തകളില്‍ ഇടം തേടി. അസം സാഹിത്യസഭ പുരസ്കാരം , 1989 ല്‍ ഭാരത് നിര്മ്മാണ് പുരസ്കാരം 1983 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
നിലാകാന്തി ബ്രജ, ചിനാവല്ശ്രോത, സംസ്കാര്‍, ഉദ്ങ്ബകച്, ദ ജോണി, ടു ബ്രേക്ക് അ ബെഗ്ഗിങ് ബൗ, പെയ്ന് ആന്‍ഡ് ഫ്ളഷ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഇന്ദിരയുടെ ജീവിതത്തെ ആസ്പദമാക്കി ജാനു ബറുവ ‘വേര്‍ഡ്സ് ഫ്രം ദി മിസ്റ്റ്’ എന്ന ചലച്ചിത്രവും ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: