കൊച്ചി: ദര്‍ബാര്‍ ഹാള്‍ മൈതാനിയെ ലോകോത്തര നിലവാരത്തില്‍ പുന:സൃഷ്ടിക്കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പറഞ്ഞു. ഒരു കോടി രൂപയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായം മന്ത്രി എ.പി.അനില്‍കുമാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുളള പ്രൊജക്ടറും ശബ്ദ വെളിച്ച വിന്യാസവും സ്റ്റേജില്‍ ഒരുക്കും. 70 എം.എം ഫിലിം ഡിജിറ്റല്‍ സൗകര്യത്തോടെ പ്രദര്‍ശിപ്പിക്കാന്‍ കഴിയും വിധം സ്റ്റേജിന്റെ ഘടന പുന:സംവിധാനം ചെയ്യും. ഗ്രൗണ്ടില്‍ മൊത്തം പ്രേക്ഷകര്‍ക്കും കാണും വിധം സ്റ്റേജിന്റെ ഉയരം നേരിയ തോതില്‍ വര്‍ധിപ്പിക്കും. അതിമനോഹരമായി രൂപകല്പന ചെയ്ത വാക്-വേ സ്റ്റേജിനു മുകളില്‍ കൂടി കടന്നു പോകുമെന്നതാണ് സൗന്ദര്യവത്കരണ പരിപാടിയുടെ സവിശേഷത.
ലോകോത്തര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്ന രീതിയില്‍ മൈതാനിയിലുളള സ്റ്റേജ് സംവിധാനത്തെ മാറ്റും. സ്റ്റേജിനോടനുബന്ധിച്ച് ഗ്രീന്‍ റൂം സജ്ജമാക്കും. മേല്‍ക്കൂരയില്ലെന്ന പരാതി പരിഹരിക്കും. കേരളീയ വാസ്തു ശില്പരീതി അവലംബിക്കുന്നതാകും മേല്‍ക്കൂര. മേല്‍ക്കൂരയ്ക്കു മുകളില്‍ കൃത്രിമ പുല്‍ത്തകിടിയും ഇരിപ്പിടങ്ങളും സജ്ജീകരിക്കും. സ്റ്റേജിന്റെ പിന്‍വശം സിനിമാ പ്രദര്‍ശനങ്ങള്‍ക്കു കൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് നിര്‍മിക്കുക. സിനിമാ സാങ്കേതിക രംഗത്തെ വിദഗ്ധരുടെ സഹായത്തോടെ മികച്ചൊരു തീയറ്റര്‍ ആയി ദര്‍ബാര്‍ ഹാള്‍ മൈതാനിയെ മാറ്റും വിധത്തിലുളള സാങ്കേതിക പരിഷ്കാരമാണ് ഇവിടെ വരുത്തുക.
പുനരുദ്ധാരണ ജോലികള്‍ക്ക് മുന്നോടിയായി ജില്ലാ കളക്ടര്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് മൈതാനത്തെത്തി സാങ്കേതിക വശങ്ങള് വിലയിരുത്തി. ആര്‍കിടെക്റ്റും എഞ്ചിനീയര്‍മാരും ഡി.റ്റി.പി.സി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
കുടുംബങ്ങള്‍ക്കു സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ നല്ലൊരു കേന്ദ്രം കൊച്ചിയില്‍ ഇല്ലെന്നതിന്റെ കുറവും തീര്‍ക്കുന്ന രീതിയിലാകും മൈതാനി മോടിപിടിപ്പിക്കുകയെന്ന് കളക്ടര്‍ പറഞ്ഞു. നിതൃവും കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ സൗകര്യം ഒരുക്കുന്നതിനൊപ്പം ആഴ്ചയിലൊരിക്കല്‍ വിശ്രുത ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും കഴിയുന്ന തരത്തിലാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: