കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് വീണ്ടും സജീവമായി. മനുഷ്യക്കടത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായിരുന്ന രണ്ട് എസ്ഐമാര്‍ ഉന്നത സ്വാധീനമുപയോഗിച്ച് തിരിച്ചെത്തിയതോടെയാണ് ഈ റാക്കറ്റ് വീണ്ടും സജീവമായത്.
‘ചവിട്ടിക്കയറ്റ്’ എന്ന ഓമനപ്പേരിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും വിദേശത്തേക്ക് ആളുകളെ അനധികൃതമായി കയറ്റിവിടുന്നത്. ഏജന്റുമാരും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമടങ്ങിയ ശക്തമായ റാക്കറ്റാണ് ഇതിന് പിന്നില്‍.
ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമായ പാസ്പോര്ട്ടുകളില്പോലും ഇസിഎന്‍ആര്‍ (ക്ലിയറന്‍സ് ആവശ്യമില്ലാത്ത) പാസ്പോര്‍ട്ടെന്ന് മുദ്രകുത്തിയാണ് വ്യാപകമായി ആളുകളെ കടത്തിയിരുന്നത്. ടൂറിസം വിസയുടെ മറവിലാണ് വിദേശത്തേക്ക് പലരും തൊഴിലിനായി പോകുന്നത്. ഇങ്ങനെ പോകുന്നവരെ ഒറ്റനോട്ടത്തില്‍ത്തന്നെ ഇമിഗ്രേഷന്‍ വിഭാഗത്തിന് തിരിച്ചറിയുവാനാകും. അപ്പോള്‍തന്നെ ഇവരെ തടയുവാനാകും. എന്നാല്‍ ബാഹ്യസമ്മര്‍ദ്ദത്തില്‍ ഉദ്യോഗസ്ഥര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. ടൂറിസം വിസയില്‍ വിദേശത്ത് ജോലിക്ക് പോകുന്നവര്‍ പലപ്പോഴും വഞ്ചിക്കപ്പെടുകയാണ് പതിവ്. ഏജന്‍സികളാല്‍ കബളിപ്പിക്കപ്പെടുന്ന ഇവര്‍ ജോലിയില്ലാതെ വരികയോ പിന്നീട് തിരിച്ചയക്കപ്പെടുകയോ ജയിലിലാകുകയോ ചെയ്യാറുണ്ട്. എന്നാല്‍ ടൂറിസം വിസയില്‍ വിദേശത്തേക്ക് പോകുവാനെത്തുന്നവരെ കര്ശനസ്വഭാവത്തില് പരിശോധിക്കേണ്ടതില്ലെന്ന് മുകളില്‍നിന്നും നിര്‍ദ്ദേശമുണ്ടത്രേ. ഇതിന് തൊട്ടുപിന്നാലെയാണ് വിദേശത്തേക്കുള്ള ചവിട്ടിക്കയറ്റ് വര്‍ധിച്ചത്.
നെടുമ്പാശ്ശേരി വഴി തമിഴ് പുലികളും തീവ്രവാദികളും യഥേഷ്ടം കയറിപ്പോയിരുന്നത് ഈ അനുകൂല സാഹചര്യം മുതലാക്കിയാണ്. തീവ്രവാദികളുടെ സുരക്ഷിത ഹബ്ബായി നെടുമ്പാശേരി മാറുകയാണ്.
ഇമിഗ്രേഷനിലെ സബ് ഇന്‍സ്പെക്ടര്‍ നിയമനങ്ങളെല്ലാം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുള്ളവയായിരുന്നു. 120 എസ്ഐമാരാണ് ഇമിഗ്രേഷനിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും പോലീസ് മൂത്ത് എസ്ഐമാരായവരാണ്. വിമാനത്താവളം പോലുള്ള അതിസുരക്ഷാ മേഖലയില്‍ ഡിഗ്രിയില്ലാത്ത പ്രമോഷന് എസ്ഐമാരെ കൂട്ടത്തോടെ നിയമിച്ചത് സംസ്ഥാനസര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സത്യസന്ധരായ ക്വാളിഫൈഡ് ഡയറക്ട് എസ്ഐമാര്‍ ധാരാളമുള്ളപ്പോഴാണീ നടപടി.
ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ ചുമതല ഇന്റലിജന്‍സ് ബ്യൂറോ ഏറ്റെടുത്താലും സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലത്രേ. ഐബിയില്‍ വേണ്ടത്ര എസ്ഐമാരില്ല. സംസ്ഥാനസര്‍ക്കാര്‍തന്നെ ഐബിയിലേക്ക് എസ്ഐമാരെ ഡെപ്യൂട്ടേഷനില്‍ നല്‍കേണ്ടിവരും.
രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: