ഭൂചലന സാധ്യതാ മേഖലയായ ഇടുക്കി ജില്ലയില്‍ സുര്‍ക്കിയില്‍ പണിത 116 കൊല്ലം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പകരം പുതിയ ഡാം പണിയണമെന്നും ഇപ്പോഴത്തെ ഡാമില്‍ ജലനിരപ്പ് 120 അടിയായി കുറക്കണമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. ഈ വിഷയത്തില്‍ തമിഴ്‌നാടുമായി കേന്ദ്രം മധ്യസ്ഥത വഹിക്കണമെന്നും രാഷ്‌ട്രീയമായും ഭരണപരമായും ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ തമിഴ്‌നാട് ഈ ആവശ്യത്തെ നഖശിഖാന്തം എതിര്‍ക്കുകയും പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും പഴയ അണക്കെട്ട് സുരക്ഷിതമാണെന്നും 2006 ല്‍ സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നുമുള്ള വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. അണക്കെട്ട് പണിതിരിക്കുന്നത് സുരക്ഷിതമായ രീതിയിലാണെന്നും പുതിയ ഡാം ആവശ്യമില്ലെന്നും മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുകയാണ്. സുര്‍ക്കിയില്‍ പണിത ഡാമുകളുടെ ആയുസ്സ് 50 വര്‍ഷമാണെന്നിരിക്കെ 116 കൊല്ലം പഴക്കം ചെന്ന ഈ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രീംകോടതിയില്‍ പോയത്. ഭൂകമ്പഭ്രംശ മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ അഞ്ചില്‍ കൂടുതല്‍ രേഖപ്പെടുത്തിയാല്‍ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്ന് ഒഴുക്കിന്റെ ശക്തിയില്‍ ഇടുക്കി ഡാം പോലും തകരുകയും ചെയ്യുമെന്ന് ഭൗമശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിട്ടും തമിഴ്‌നാട് തിരുവിതാംകൂര്‍ മഹാരാജാവ് 999 വര്‍ഷത്തേക്ക് പൂര്‍ണാവകാശത്തോടുകൂടി നല്‍കിയ കരാറിന്റെ അടിസ്ഥാനത്തില്‍ സ്വന്തം താല്‍പര്യം മാത്രം സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കിരാതമാണ്.
തമിഴ്‌നാടിന് നല്‍കുന്ന വെള്ളത്തില്‍ ഒരു തുള്ളിപോലും കുറയില്ലെന്ന് കരാര്‍ എഴുതിക്കൊടുക്കാമെന്ന കേരള വാഗ്ദാനം പോലും തിരസ്ക്കരിക്കപ്പെട്ടിരിക്കുകയാണ്. പുതിയ അണ്ടര്‍വാട്ടര്‍ സര്‍വേയില്‍ ഡാമിന്റെ മതിലുകളില്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞു. 40 ശതമാനം സുര്‍ക്കി അലിഞ്ഞില്ലാതാകുകയും ചെയ്തു. ഈ ഡാമിന് 136 അടിയില്‍ പോലും വെള്ളം ശേഖരിക്കാന്‍ ശക്തിയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടും തമിഴ്‌നാട് അയയുന്നില്ല. ഇപ്പോള്‍ ഡാമിലെ വെള്ളം 120 അടിയായി കുറക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത് ഡാം തകര്‍ന്നാലും 120 അടി വെള്ളം ഇടുക്കി അണക്കെട്ടിന് താങ്ങാന്‍ ശേഷിയുണ്ടെന്ന നിഗമനത്തിലാണ്. തമിഴ്‌നാടിന്റെ പ്രതികരണം ശാസ്ത്രീയമല്ല, വൈകാരികവും രാഷ്‌ട്രീയവുമായ പ്രതികരണമാണ്. ഡാം തകര്‍ന്നാല്‍ തമിഴ്‌നാടിനും വെള്ളം ലഭിക്കുകയില്ല. പക്ഷെ ഈ ഡാം പൊളിക്കാന്‍ അനുമതി നല്‍കുന്ന രാഷ്‌ട്രീയകക്ഷിയെ പ്രതിക്കൂട്ടിലാക്കി രാഷ്‌ട്രീയലാഭം കൊയ്യാന്‍ മറ്റേ കക്ഷി രംഗത്തുവരും എന്ന തിരിച്ചറിവിലാണ് തമിഴ്‌നാടിനെ ഭരിക്കുന്ന ഡിഎംകെയും എഡിഎംകെയും ഒരുപോലെ പുതിയ ഡാം എന്ന ആശയത്തെ എതിര്‍ക്കുന്നത്. അണക്കെട്ടിനെപ്പറ്റി യാതൊരു ശാസ്ത്രീയബോധവും ഇല്ലാത്ത തമിഴ്ജനതയുടെ പ്രതികരണം ഭയന്നാണ് അവിടെ ‘ഡാം 999’ എന്ന സിനിമ പോലും പ്രദര്‍ശിപ്പിക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കാത്തത്. അണക്കെട്ടുകളുടെ തകര്‍ച്ചയില്‍ സംഭവിച്ചേക്കാവുന്ന ദുരന്തത്തിന് ആഗോള പ്രസക്തിയുണ്ടെന്നിരിക്കെ സങ്കുചിത വീക്ഷണ കോണില്‍ക്കൂടി മാത്രം പ്രശ്നങ്ങളെ കാണുന്ന സര്‍ക്കാര്‍ ചിത്രത്തിലെ അണക്കെട്ട് മുല്ലപ്പെരിയാര്‍ ആണെന്നും അത് പൊട്ടിയ സീന്‍ കണ്ടാല്‍ ജനങ്ങള്‍ ഭയചകിതരാകും എന്നും ഭയക്കുന്നു.
ഇതും തമിഴ്‌നാടിന്റെ കടുത്ത നിലപാടിന്റെ പ്രതിഫലനമാണ്. തമിഴ്‌നാടിന്റെ പ്രധാന വിഷയം അണക്കെട്ടിന്റെ പൂര്‍ണ നിയന്ത്രണം നഷ്ടമാകുമോ എന്ന ഭീതിയാണ്. കേരളത്തിന്റെ സ്ഥിതിയും അത്യന്തം ഗുരുതരംതന്നെയാണ്. മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നത് 8100 ഏക്കര്‍ വനഭൂമിയിലാണ്. കേരളത്തില്‍ക്കൂടി ഒഴുകിയെത്തുന്ന ജലത്തിനാണ് തമിഴ്‌നാട് ഹെക്ടറിന് 30 രൂപയും വെള്ളത്തില്‍നിന്നുല്‍പാദിപ്പിക്കുന്ന വൈദ്യുതി ആയിരം യൂണിറ്റിന് 12 രൂപയും പാട്ടം നല്‍കി ഉപയോഗിക്കുന്നത്. തമിഴ്‌നാടിന് അത്യന്തം ഗുണകരമായ, ഇപ്പോള്‍ കേട്ടുകേള്‍വിപോലുമില്ലാത്ത 999 വര്‍ഷത്തെ കരാറില്‍നിന്നും സ്വാഭാവികമായും അവര്‍ പിന്നോട്ടുപോകില്ല. പക്ഷെ ഈ 8011 ഹെക്ടറിന് പുറമെ കൂടുതല്‍ വനഭൂമി കേരളത്തിന് പുതിയ അണക്കെട്ടിനുവേണ്ടി നഷ്ടമാകും.
ഒരു പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ചുരുങ്ങിയത് 10 കൊല്ലമെങ്കിലും വേണ്ടിവരും. ഈ ഇടവേളയില്‍ അണക്കെട്ട് ഭൂകമ്പംമൂലം തകര്‍ന്നാല്‍ ഉണ്ടാകാവുന്ന ദുരന്തം ഒഴിവാക്കാനാണ് ജലനിരപ്പ് 120 അടിയായി കുറക്കാന്‍ കേരളം ആവശ്യപ്പെടുന്നത്. തമിഴ്‌നാടിന്റെ കുത്സിതശ്രമങ്ങളില്‍ കുടുങ്ങി സുപ്രീംകോടതിയില്‍ മുല്ലപ്പെരിയാര്‍ കേസ് അനന്തമായി നീളുമ്പോള്‍ ഈ വര്‍ഷത്തിലെങ്കിലും ഒരു താല്‍ക്കാലിക പരിഹാരമാണ് കേരളത്തിലെ സര്‍വകക്ഷിയോഗം ലക്ഷ്യമിടുന്നത്. പുതിയ അണക്കെട്ടിന്റെ നിര്‍മാണച്ചെലവ് പൂര്‍ണമായും വഹിക്കാമെന്ന് രേഖാമൂലം ഉറപ്പുനല്‍കാമെന്നുള്ള കേരളത്തിന്റെ നിലപാട് പോലും അംഗീകരിക്കാന്‍ തമിഴ്‌നാട് തയ്യാറാകുന്നില്ല. മുമ്പുണ്ടായ ഭൂചലനങ്ങളില്‍ അണക്കെട്ടില്‍ രൂപീകൃതമായ വിള്ളലുകള്‍ തമിഴ്‌നാട് സിമന്റ് പൂശി അടച്ചു. ഡാമിന്റെ പൂര്‍ണ നിയന്ത്രണം കയ്യടക്കിയ തമിഴ്‌നാട് കേരളത്തെ ഡാമിന്റെ സുരക്ഷാ പരിശോധനയില്‍നിന്ന് പോലും തടയുന്നു.
അണക്കെട്ടുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉപ്പുതറയില്‍ ചപ്പാത്തില്‍ നടക്കുന്ന ഉപവാസ സമരം 1778 ദിവസം പിന്നിട്ടുവെങ്കിലും ഇതിന് കൂടംകുളം ആണവനിലയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് കിട്ടിയ വാര്‍ത്താപ്രാധാന്യം പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടുമായുള്ള ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കാമെന്ന് കേന്ദ്രം ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. പുതിയ അണക്കെട്ടിന്റെ നിര്‍മാണച്ചെലവ് പൂര്‍ണമായി വഹിക്കാമെന്ന രേഖാമൂലമുള്ള ഉറപ്പ് നല്‍കണമെന്ന കേന്ദ്ര ആവശ്യം അംഗീകരിച്ച കേരളം തമിഴ്‌നാടിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറക്കില്ലെന്നും ഉറപ്പുനല്‍കി. പക്ഷെ ഡിഎംകെ താങ്ങിനിര്‍ത്തുന്ന യുപിഎ സര്‍ക്കാരിന്റെ മധ്യസ്ഥം എത്രകണ്ട് സഫലീകൃതമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍നിന്നുള്ള എല്ലാ എംപിമാരും പാര്‍ലമെന്റില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. കേരളത്തിന്റെ ഭാഗത്തുനിന്നും ഇതില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്കില്ല എന്ന സന്ദേശമാണ് ഇതുവഴി നല്‍കിയത്. ഇത്ര ഗുരുതരമായ ഈ പ്രശ്നത്തില്‍ കേന്ദ്രവും സുപ്രീംകോടതിയും മധ്യസ്ഥം വഹിക്കണമെന്നും ഈ സാങ്കേതിക പ്രശ്നം ജനാധിപത്യപരമായ അവബോധത്തോടെ പരിഹരിക്കപ്പെടണമെന്നുമുള്ള തികച്ചും ന്യായമായ ആവശ്യമാണ് കേരളം ഉയര്‍ത്തുന്നത്. ഇതിനുള്ള രാഷ്‌ട്രീയ ഇഛാശക്തി കേന്ദ്രം പ്രകടിപ്പിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: