കേരളത്തില്‍ ഏത് നല്ല കാര്യം നടപ്പാക്കുന്നതിനും ഇന്ന് ഹൈക്കോടതി ഇടപെടല്‍ ആവശ്യമായിവന്നിരിക്കുകയാണ്. ഇപ്പോള്‍ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലും മറ്റും ആക്കി പൊതുനിരത്തില്‍ തള്ളുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട കോടതി അങ്ങനെ ചെയ്യുന്നവര്‍ക്ക് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ആറുമാസത്തെ തടവും 5000 രൂപ പിഴയും ശിക്ഷ ലഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പോലീസിനോട് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും കോടതി ആവശ്യപ്പെട്ടിരിക്കുകയുമാണ്. വകുപ്പ് 268 (പബ്ലിക് ന്യൂയിസന്‍സ്), വകുപ്പ് 269 (സാംക്രമികരോഗങ്ങള്‍ പടര്‍ത്താന്‍ ഇടനല്കുന്ന അനാസ്ഥ), വകുപ്പ് 278 (അന്തരീക്ഷ മലിനീകരണം) എന്നിവയില്പ്പെടുത്തി കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. മലയാളി വിദ്യാസമ്പന്നനും സംസ്കാരസമ്പന്നനും ആണെന്ന ധാരണ തിരുത്തിക്കുറിക്കുന്നതാണ് കേരളത്തില്‍ അരങ്ങേറുന്ന പല അനാചാരങ്ങള്‍ക്കും പുറമെ തന്റെ വീട്ടിലെ മാലിന്യം അന്യന്റെയോ അയല്പക്കക്കാരന്റെയോ പറമ്പിലേക്കോ റോഡിലേക്കോ തോടുകളിലേക്കോ ജലാശയങ്ങളിലേക്കോ വലിച്ചെറിയുന്ന പ്രവണത. കുടിക്കാനുള്ള വെള്ളത്തില്‍ പോലും കക്കൂസ് മാലിന്യം നിക്ഷേപിക്കുന്ന സംസ്കാരശൂന്യതയുടെ ഉടമയാണ് ഇന്ന് മലയാളി. ഈ സംസ്കാരശൂന്യതയാണ് കേരളത്തില്‍ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, എച്ച്1 എന്‍1 പനി, മഞ്ഞപ്പിത്തം മുതലായ രോഗങ്ങള്‍ പടരാന്‍ കാരണം.
മാലിന്യക്കൂമ്പാരങ്ങള്‍ കൊതുകിനെയും എലികളെയും വളര്‍ത്തുന്നു. എല്ലാ മഴക്കാലത്തും ഈ സാംക്രമികരോഗ വ്യാപനം പടരുന്നെങ്കിലും മലയാളിയുടെ ഈ അധമ ശീലം മാറുന്നില്ല. പ്ലാസ്റ്റിക് നിരോധനം നിലവില്‍വന്നിട്ടും പല സൂപ്പര്‍മാര്‍ക്കറ്റുകളും പ്ലാസ്റ്റിക്കില്‍നിന്ന് ‘ബയോഡിഗ്രേഡിബിള്’ ബാഗുകളിലേക്ക് മാറിയിട്ടും പ്ലാസ്റ്റിക് ബാഗുകള്‍ കേരളത്തില്‍ സുലഭമാണ്. ഇവ മാലിന്യസംഭരണത്തിനും വഴിയില്‍ വലിച്ചെറിയുന്നതിനും പ്രയോജനപ്പെടുത്തുന്നു.
ജീര്‍ണിക്കാത്ത വസ്തുവായ പ്ലാസ്റ്റിക്കിലെ മാലിന്യനിക്ഷേപമാണ് ഇന്ന് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. മാലിന്യനിര്‍മാര്‍ജനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കടുത്ത അനാസ്ഥയാണ് പുലര്‍ത്തുന്നതെന്ന് മുന്‍പും കോടതി നിരീക്ഷിക്കുകയുണ്ടായി. ഗാര്‍ഹിക മാലിന്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന സ്ഥലത്തുതന്നെ സംസ്കരിക്കാനുള്ള സംവിധാനം കേരളത്തില്‍ ഫ്ലാറ്റുകളില്‍ പോലും പ്രാവര്‍ത്തികമായിട്ടില്ല. മാലിന്യം തരംതിരിച്ച് ശേഖരിക്കാന്‍ ബക്കറ്റുകള്‍ നല്‍കിയതോടെ കോര്‍പ്പറേഷന്റെ ഉത്തരവാദിത്തം തീര്‍ന്നു. ഈ മാലിന്യം നീക്കാനുള്ള വണ്ടികള്‍ പോലും എത്താതെ ഇവയും വഴിയോരത്ത് തള്ളപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് കോടതി മാലിന്യനിക്ഷേപം ശിക്ഷാര്‍ഹമാക്കുകയും നിക്ഷേപകര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുന്നത്. ഓപ്പറേഷന് സ്വീപ്പ് എന്ന് നാമകരണം ചെയ്യപ്പെട്ട പദ്ധതി നടപ്പിലാക്കാന്‍ എല്ലാ പോലീസ്സ്റ്റേഷനുകള്ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇതിനായി പ്രത്യേക പട്രോളിംഗിന് പുറമെ ദൈനംദിന പുരോഗതി വിലയിരുത്തുകയും ചെയ്യും. വാഹനങ്ങളില്‍ മാലിന്യം നിറച്ച് റോഡില്‍ തള്ളുന്ന വണ്ടികളുടെ നമ്പര്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. ഈ വിവരം പോലീസിനെ വിളിച്ചറിയിക്കാന്‍ എസ്എംഎസ് നമ്പറുകളും പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. കേരളത്തിലെ മലിനീകരണ ഗ്രാഫ് ഉയരുകയാണ്. മാലിന്യനിക്ഷേപം ഭൂഗര്‍ഭജലം പോലും മലിനപ്പെടുത്തുന്നു. അഴുകിയ ഭക്ഷ്യവസ്തുക്കള്‍ വലിച്ചെറിയുന്നത് ഭക്ഷിക്കുന്ന പക്ഷിമൃഗാദികള്‍ പോലും മരണത്തിനിരയാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. മാലിന്യനിക്ഷേപം തടയല്‍ ജോലികൂടി പോലീസില്‍ നിക്ഷിപ്തമാകുമ്പോള്‍ ഇപ്പോള്‍തന്നെ മതിയായ സ്റ്റാഫ് ഇല്ലാത്ത പോലീസ്സേനയില്‍ അമിതഭാരം ഏല്‍പ്പിക്കപ്പെടുന്നു എന്ന വസ്തുത നിലനില്ക്കുന്നു. ഈ വസ്തുത കണക്കിലെടുത്ത് സര്‍ക്കാരും ഈ കോടതിവിധി പ്രാവര്‍ത്തികമാക്കാന്‍ ക്രിയാത്മകമായി ഇടപെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: