ന്യൂദല്‍ഹി: രാജ്യത്തിന് 1.76 ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം ഇടപാടില്‍ ആരോപണം നേരിടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരെ എന്‍ഡിഎ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ അദ്ദേഹത്തെ ബഹിഷ്കരിക്കാന്‍ എന്‍ഡിഎ തീരുമാനിച്ചു.
ചിദംബരത്തിന്റെ രാജിക്കായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നിര്‍ദ്ദേശിക്കുന്നതുവരെ അദ്ദേഹത്തെ ബഹിഷ്കരിക്കും. ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എല്‍.കെ. അദ്വാനിയുടെ വസതിയല്‍ ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. രാജിവെക്കാന്‍ തീരുമാനിക്കുന്നതുവരെ ചിദംബരത്തെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും എന്‍ഡിഎ യോഗത്തിനുശേഷം ബിജെപി നേതാവ് എസ്.എസ്. ആലുവാലിയ അറിയിച്ചു. വിദേശത്ത് കള്ളപ്പണമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് എന്‍ഡിഎ അംഗങ്ങള്‍ നല്കുന്ന സത്യപ്രസ്താവനക്കും യോഗം അന്തിമരൂപം നല്കി.
ചിദംബരത്തെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിന് പുറമെ വിലക്കയറ്റം, അഴിമതി തുടങ്ങിയ പ്രശ്നങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഇതോടെ, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് വ്യക്തമാണ്. ഇന്നലെ ബിജെപി എംപിമാരും അദ്വാനിയുടെ വസതിയില്‍ യോഗം ചേര്‍ന്നു.
കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരുടെ പട്ടിക സ്വിറ്റ്സര്‍ലണ്ടിലെ എച്ച്എസ്ബിസി ബാങ്ക് ഇന്ത്യക്ക് കൈമാറിയ സാഹചര്യത്തില്‍ പേരുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. ഇതില്‍ ചില എംപിമാരുടെ പേരുകളും ഉള്‍പ്പെടുന്നതായി സൂചനയുള്ളതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ എന്‍ഡിഎ അംഗങ്ങളും സത്യപ്രസ്താവന നല്കാന് തീരുമാനിച്ചിട്ടുള്ളത്.
വിലക്കയറ്റ പ്രശ്നത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ ഇടതുപാര്‍ട്ടികളും തീരുമാനിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പോലുള്ള ചില പ്രധാന യുപിഎ ഘടകകക്ഷികളും വിലക്കയറ്റത്തില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളിലെ സംഭവവികാസങ്ങളും പാര്‍ലമെന്റില്‍ പ്രതിഫലിക്കാന്‍ ഇടയുണ്ട്. പ്രത്യേക തെലുങ്കാന സംസ്ഥാനത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകാതെ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് മേഖലയില്‍ നിന്നുള്ള എംപിമാരും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഇന്ധന വിലനിയന്ത്രണം എടുത്തുകളഞ്ഞ നടപടി പിന്‍വലിക്കണമെന്ന് ഇടതുപാര്‍ട്ടികളും ആവശ്യപ്പെടുന്നു.
ശീതകാല സമ്മേളനത്തിന്റെ അവസാനവാരത്തില്‍ ലോക്പാല്‍ ബില്ലും പാര്‍ലമെന്റിന്റെ പരിഗണനക്ക് വരും. ബില്‍ പരിശോധിക്കുന്ന പാര്‍ലമെന്ററി സ്റ്റാന്റിങ്ങ് കമ്മറ്റി ഡിസംബര്‍ ആദ്യവാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
ഒട്ടേറെ നീറുന്ന പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ശീതകാല സമ്മേളനംപോലെ ഇത്തവണയും പാര്‍ലമെന്റ് അലങ്കോലമായേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്പെക്ട്രം അഴിമതിയെക്കുറിച്ച് ജെപിസി അന്വേഷണം ആവശ്യപ്പെട്ടാണ് കഴിഞ്ഞ സമ്മേളനം പൂര്‍ണ്ണമായും പ്രതിപക്ഷം സ്തംഭിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: