ലക്നൗ: ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കുന്നതിനുള്ള പ്രമേയം നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതിലും ഭരണഘടനാവിരുദ്ധമായി സംസ്ഥാനത്തെ വിഭജിക്കുന്നതിനെതിരെയും സഭയില്‍ ബിജെപി, കോണ്‍ഗ്രസ്, സമാജ്വാദി അംഗങ്ങള്‍ പ്രതികരിച്ചതിനെത്തുടര്‍ന്ന് ശബ്ദായമാനമായ രംഗങ്ങള്‍ അരങ്ങേറി. ഇതുമൂലം സഭ ഒരുമണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവക്കേണ്ടിവന്നു. ഈ സമയത്ത് മുഖ്യമന്ത്രി മായാവതി സഭയിലുണ്ടായിരുന്നില്ല.
സഭാ നടപടികള്‍ ആരംഭിച്ചതോടെ സമാജ്വാദി പാര്‍ട്ടി അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കി. തങ്ങള്‍ക്ക് എല്ലാ പ്രതിപക്ഷ കക്ഷികളുടെയും ഭരണകക്ഷിയായ ബിഎസ്പിയിലെ 70 എല്‍എല്‍എമാരുടെയും പിന്തുണയുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. അവിശ്വാസപ്രമേയം ഉടന്‍ ചര്‍ച്ചക്കെടുത്ത് വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപിയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പ്രമേയം നിയമപ്രകാരം താമസിയാതെ ചര്‍ച്ച ചെയ്യാമെന്നായിരുന്നു സ്പീക്കര്‍ സുഖ്ദേവ്രാജ്ദറിന്റെ നിലപാട്. ഇതിന് പ്രതിപക്ഷം വഴങ്ങിയില്ല.
സഭയില്‍ വോട്ട് വോണ്‍ അക്കൗണ്ട് പാസാക്കിയതിനുശേഷം അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാമെന്ന ഭരണകക്ഷി അംഗങ്ങളുടെ നിലപാടും സഭയില്‍ ഭൂരിപക്ഷമില്ലാത്തവര്ക്ക് അത് നടത്താന്‍ അവകാശമില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാടും തര്‍ക്കത്തിനിടയാക്കി. അവിശ്വാസപ്രമേയത്തിന് മറ്റ് വിഷയങ്ങളേക്കാള്‍ മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നാണ് നിയമമെന്ന് സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു.
സംസ്ഥാനത്തെ വിഭജിക്കുന്ന പ്രമേയത്തെ എതിര്‍ത്ത സമാജ്വാദി പാര്‍ട്ടി നേതാവ് ശിവ്പാല്‍യാദവ് തനിക്ക് എല്ലാ പ്രതിപക്ഷ കക്ഷികളുടെയും പിന്തുണയുണ്ടെന്ന് പറഞ്ഞു. ആര്‍എല്‍ഡി സംസ്ഥാന വിഭജനത്തെ അനുകൂലിക്കുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഒരു സ്വകാര്യബില്‍ അവതരിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശത്തെ വിഭജിക്കാനുള്ള തീരുമാനമെടുക്കുന്നതിന് മുമ്പ് അതിന്റെ സാധ്യതയെക്കുറിച്ചും വ്യാപ്തിയെക്കുറിച്ചും വിചിന്തനം ചെയ്യേണ്ടതുണ്ടെന്നായിരുന്നു ബിജെപി നിലപാട്. തങ്ങള്‍ വിഭജനത്തെ അനുകൂലിക്കുന്നുവെങ്കിലും നന്നായി ആലോചിച്ചശേഷം ഒരു തീരുമാനമെടുക്കണമെന്ന അഭിപ്രായമാണുള്ളതെന്നും അത് തിടുക്കത്തിലാവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു മതേതര പാര്‍ട്ടി അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ തങ്ങള്‍ അതിനെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി അറിയിച്ചു. സംസ്ഥാനത്തെ നാലാക്കി വിഭജിക്കുമ്പോള്‍ ഇതിനായി പാര്‍ലമെന്റ് ഒരു സംസ്ഥാന പുനസംഘടനസമിതി ഉണ്ടാക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു നടപടിയിലൂടെ മാത്രമേ സംസ്ഥാന പുനഃസംഘടനക്ക് നിയമസാധുത കൈവരിക്കാനാവൂ എന്നും അദ്ദേഹം തുടര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: