ന്യൂദല്‍ഹി: കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ അന്തിമ യുദ്ധത്തിനുള്ള ആഹ്വാനത്തോടെ ബിജെപി നേതാവ് എല്‍.കെ.അദ്വാനി നയിച്ച ജനചേതനയാത്രക്ക് ദല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീലാ മൈതാനിയില്‍ സമാപനമായി. കേന്ദ്രസര്‍ക്കാരിന്റെ അഴിമതി രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച മൂടല്‍മഞ്ഞ് സ്വയം ഒഴിഞ്ഞുപോകില്ലെന്നും ജനങ്ങളെ ഇതിനെതിരെ ബോധവല്‍ക്കരിച്ച് അവരുടെ സമ്മര്‍ദ്ദംകൊണ്ട് മാത്രമേ ഈ മൂടല്‍മഞ്ഞിനെ ആട്ടിപ്പായിക്കാനാവൂവെന്നും സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്ത എല്‍.കെ.അദ്വാനി പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്വാനി ജനചേതനയാത്രക്ക് ലഭിച്ച പിന്തുണ അഭൂതപൂര്‍വമാണെന്ന് അഭിപ്രായപ്പെട്ടു.
“ഘാസിയാബാദില്നിന്ന് ശനിയാഴ്ച ജനചേതനയാത്രക്ക് തുടക്കമിടുമ്പോള്‍ കടുത്ത മൂടല്‍മഞ്ഞായിരുന്നു. എന്നാല്‍ ദിവസം പുരോഗമിച്ചതോടെ അതില്ലാതായി. അഴിമതികളുടെ മൂടല്‍മഞ്ഞ് ഇങ്ങനെ സ്വയം ഇല്ലാതാകില്ല”-രാംലീലയില്‍ ഇരമ്പിയെത്തിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി അദ്വാനി പറഞ്ഞു.
വിദേശബാങ്കുകളില്‍ കള്ളപ്പണനിക്ഷേപമില്ലെന്ന് വ്യക്തമാക്കി എന്‍ഡിഎയുടെ എല്ലാ എംപിമാരും പാര്‍ലമെന്റില്‍ സത്യവാങ്മൂലം നല്‍കുമെന്ന് അദ്വാനി പ്രഖ്യാപിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലായിരിക്കും ഇത്. സമ്മേളനം തുടങ്ങി ഒരാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കും. ഇന്ത്യക്ക് പുറത്ത് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു തരത്തിലുള്ള കള്ളപ്പണനിക്ഷേപവും അനധികൃത സ്വത്തും തങ്ങള്‍ക്കില്ലെന്ന് വ്യക്തമാക്കുന്നതായിരിക്കും സത്യവാങ്മൂലം. ലോക്സഭാ സ്പീക്കര്‍ മീരാ കുമാറിനും രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്സാരിക്കുമായിരിക്കും സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുക. ഇതു സംബന്ധിച്ച് എന്‍ഡിഎ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തി ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു. സ്വിസ്ബാങ്കില്‍ കള്ളപ്പണനിക്ഷേപമുള്ള 700 പേരില്‍ മൂന്നുപേര്‍ എംപിമാരാണെന്ന വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇതുപോലൊരു പ്രഖ്യാപനം ഉണ്ടാകുന്നത്. കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും അദ്വാനിയുടെ ഈ പ്രഖ്യാപനം കടുത്ത സമ്മര്‍ദ്ദത്തിലാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ കള്ളപ്പണവിഷയം ഉന്നയിക്കുമെന്ന് പറഞ്ഞ അദ്വാനി ഇതുസംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്ന് താന്‍ നേരത്തെ ആവശ്യപ്പെട്ടകാര്യം ഓര്‍മിപ്പിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി എടുത്തുവെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഓരോ എംപിമാര്‍ക്കാണ് സ്വിസ് ബാങ്കില്‍ കള്ളപ്പണനിക്ഷേപമുള്ളതെന്ന് ജനചേതനയാത്രക്ക് മുംബൈയില്‍ നല്കിയ സ്വീകരണത്തില്‍ അദ്വാനി ആരോപിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 11ന് ബീഹാറിലെ ജയ്പ്രകാശ് നാരായണന്റെ ജന്മനാട്ടില്നിന്ന് തുടക്കം കുറിച്ച ജനചേതനയാത്ര 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 40ദിവസംകൊണ്ട് പര്യടനം പൂര്‍ത്തിയാക്കിയാണ് ഇന്നലെ ദല്‍ഹിയില്‍ സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: