തൃശൂര്‍ : പച്ചക്കറി വിപണിയിലെ കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച കണ്‍സ്യൂമര്‍ ഫെഡിന്റെ പച്ചക്കറി വിപണനശാലയില്‍ ജനങ്ങളെ കൊള്ളയടിക്കുന്നു. പൊതുവിപണിയിലേക്കാള്‍ അധികവിലയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ പല വില്പനശാലകളിലും ഈടാക്കുന്നതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് ഔദ്യോഗികമായി പ്രഖ്യാപിച്ച വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചുകൊണ്ടുതന്നെയാണ് ഉത്പന്നങ്ങള്‍ക്ക് അധിക വില ഈടാക്കുന്നത്. പലസ്ഥലങ്ങളിലും രണ്ടുരൂപമുതല്‍ പത്തുരൂപ വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പതിനഞ്ച് ഇനങ്ങള്‍ മാത്രം വില്‍ക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ വിപണനശാലയില്‍ തക്കാളിയും ഉരുളന്കിഴങ്ങും ഉള്‍പ്പടെ പത്തിനങ്ങള്ക്കും പൊതുവിപണിയിലേക്കാള്‍ അധികവിലയാണ് ഈടാക്കുന്നത്.
ഇന്നലെ തൃശൂര്‍ ശക്തന് നഗറിലെ മാര്‍ക്കറ്റില്‍ 20 രൂപയാണ് തക്കാളിക്ക് വില. എന്നാല്‍ തൃശൂരിലെത്തന്നെ കണ്‍സ്യൂമര്‍ ഫെഡിന്റെ പച്ചക്കറി വിപണനശാലയില്‍ തക്കാളിയുടെ വില 24 രൂപ 50 പൈസയായിരുന്നു. ഇത്തരത്തില്‍ പല ഇനങ്ങള്‍ക്കും പൊതു വിപണിയിലേക്കാള്‍ കൂടുതല്‍ വിലയാണ് ഈടാക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ ആദ്യത്തെ കണ്‍സ്യൂമര്‍ ഫെഡിന്റെ പച്ചക്കറി വിപണനശാല തൃശൂരില്‍ ഉദ്ഘാടനം ചെയ്തത്. നഷ്ടം സഹിച്ചും വിപണിയില്‍ ഇടപെടുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് സ്വന്തം തട്ടകമായ തൃശൂരില്‍ത്തന്നെ തിരിച്ചടിയായതിന്റെ തെളിവാണ് പച്ചക്കറി വിപണന ശാലയിലെ അധിക വില ഈടാക്കല്‍. വിപണി വിലയേക്കാള്‍ 18മുതല്‍ 67 ശതമാനം വരെ വില കുറവുണ്ടാകുമെന്നും വിപണിയില്‍ വിലകുറഞ്ഞാല്‍ കണ്‍സ്യൂമര്‍ ഫെഡും അതനുസരിച്ച് വില കുറച്ച് വില്‍ക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിപണിയില്‍ വന്‍ വിലക്കുറവ് അനുഭവപ്പെട്ടപ്പോഴാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ വിപണനശാലയില്‍ വിലവര്‍ദ്ധിപ്പിച്ചത്. വിപണി ഇന്നലെ അവധിയായിരുന്നിട്ടുകൂടി വിലവര്ദ്ധിപ്പിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.
കണ്‍സ്യൂമര്‍ ഫെഡിന്റെ എല്ലാകേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിച്ച വിലയല്ല ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: