മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ ഗൂഢാലോചന നടത്തിയ ഡേവിഡ് ഹെഡ്ലിയെയും കൂട്ടാളി തഹാവൂര്‍ റാണയേയും മൂന്നുകൊല്ലമായി ചോദ്യം ചെയ്യാന്‍ മുംബൈ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനുത്തരവിടേണ്ട അമേരിക്കന്‍ കോടതി നടപടികള്‍ സ്വീകരിക്കാത്തതാണ് കാരണം.
മുംബൈയിലെ മെട്രോപൊളിറ്റന്‍ കോടതി ഒക്ടോബറില്‍ ഇതിനായി അമേരിക്കന്‍ കോടതിക്ക് ലെറ്റര്‍ റോഗേട്ടറി നല്‍കിയിരുന്നു. ഇത് കോടതി അനുവദിച്ചാല്‍ മുംബൈ പോലീസിന് രണ്ടു ഭീകരരേയും ചോദ്യം ചെയ്യാനാവും. ലെറ്റര്‍ റോഗേട്ടറി എന്നാല്‍ ഒരു രാജ്യത്തെ കോടതി മറ്റൊരു വിദേശ രാജ്യത്തെ കോടതിക്ക് നിയമപരമായ സഹായം തേടി അയക്കുന്ന അപേക്ഷയാണ്. ഇതുപ്രകാരം ചിക്കാഗോ കോടതിക്ക് ഹെഡ്ലിയേയും റാണയേയും ചോദ്യം ചെയ്യാനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയെങ്കിലും അതിന് ഇതുവരെ പ്രതികരണമൊന്നുമുണ്ടായില്ലെന്ന് പോലീസ് ജോയിന്റ് കമ്മീഷണര്‍ ഹിമന്‍ഷു റോയി അറിയിച്ചു. ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ പ്രാദേശികമായ ബന്ധങ്ങള്‍ അറിയിക്കാന്‍ കഴിയൂ എന്ന് റോയി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞവര്‍ഷം ജൂണ്‍ മാസത്തില്‍ ലോകനാഥ് ബഹ്റയുടെ നേതൃത്വത്തില്‍ ഒരു നാലംഗ ദേശീയ അന്വേഷണ ഏജന്‍സി സംഘം ഒരാഴ്ച ഹെഡ്ലിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്വേഷണ കാര്യങ്ങള്‍ രണ്ടുരാജ്യങ്ങളും പ്രത്യേകം നടത്തുന്നതിനാല്‍ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍ കൈമാറിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 18-ാം തീയതി 26/11 മുംബൈ ആക്രമണത്തിന്റെ ഗൂഢാലോചനയില്‍ പങ്കുള്ളതായി ഹെഡ്ലി അമേരിക്കന്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഒരു ഡാനിഷ് ദിനപത്രത്തെ ആക്രമിക്കാനുള്ള പരിപാടിയും അയാള്‍ വെളിപ്പെടുത്തിയതാണ്. ഇതുകൂടാതെ 12 തീവ്രവാദ കുറ്റങ്ങളിലുള്ള തന്റെ പങ്കും ഹെഡ്ലി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന് വംശജനായ കനേഡിയന്‍ പൗരന് റാണ ഭീകരാക്രമണത്തിനുള്ള സാമഗ്രികള്‍ സംഘടിപ്പിക്കുന്നതില്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: