കല്‍പ്പറ്റ: വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ നടന്ന സ്ഥലം എല്‍.ഡി.എഫ് സംഘം സന്ദര്‍ശിക്കുന്നു. വയനാട്ടിലെ ദുരന്തത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന കുറ്റബോധമാണ് കെ.പി.സി.സിയുടെ ആരോപണത്തിന്റെ പിറകിലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ ആഘോഷിക്കാനാണ് എല്‍.ഡി.എഫ് സംഘത്തിന്റെ സന്ദര്‍ശനമെന്ന കെ.പി.സി.സിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് വൈക്കം വിശ്വന് ഇക്കാര്യം പറഞ്ഞത്.
കര്‍ഷക ആത്മഹത്യയില്‍ കെ.പി.സി.സിക്കും സര്‍ക്കാരിനും യു.ഡി.എഫിനും വലിയ കുറ്റബോധമാണുള്ളത്. കര്‍ഷക ആത്മഹത്യകളെ ആഘോഷിക്കാനല്ല, മറിച്ച് ഇതിന് പ്രതിവിധി കാണാമെന്ന കാര്യം കണ്ടെത്തുന്നതിന് വേണ്ടിയാണ് തങ്ങളെത്തിയിരിക്കുന്നതെന്നും വൈക്കം വിശ്വന് പറഞ്ഞു.
തൃക്കൈപ്പറ്റയില്‍ ആത്മഹത്യ ചെയ്ത വര്‍ഗീസ് എന്ന രാജുവിന്റെ വീട്ടിലാണ് എല്‍.ഡി.എഫ് സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് അമ്പലവയലില്‍ ആത്മഹത്യ ചെയ്ത പൈലിയുടെ വീട്ടിലും സംഘം സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ വച്ച് സ്ഥിതിഗതികള്‍ വിവരിച്ചുകൊണ്ട് വൈക്കം വിശ്വന് വാര്‍ത്താസമ്മേളനം നടത്തും.
വൈക്കം വിശ്വന്റെ നേതൃത്വത്തില്‍ ഏഴ് പേരാണ് സംഘത്തിലുള്ളത്. സി.പി.ഐ നേതാവും എം.പിയുമായ കെ.ഇ ഇസ്മയില്‍, ആര്.എസ്.പി നേതാവും മുന്‍മന്ത്രിയുമായ എന്‍.കെ പ്രേമചന്ദ്രന്, കോണ്‍ഗ്രസ് എസിന്റെ രാമചന്ദ്രന് കടന്നപ്പള്ളി, കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ്, എം.എല്‍.എമാരായ സി.കെ നാണു, ശശീന്ദ്രന് എന്നിവരാണ് സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: