കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തില്‍ തീവ്രവാദ സംഘടനക്ക് വിദേശധനസഹായം ലഭിച്ചതായി കേസന്വേഷിക്കുന്ന എന്‍ഐഎ കണ്ടെത്തി. വിദേശധനസഹായം സ്വര്‍ണ്ണമായിട്ടാണ് എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്‍ഡിഎഫ് നേതാവും സ്വര്ണ്ണക്കടയുടമയുമായ അയൂബ് വഴിയാണ് ധനസഹായം എത്തിയത്. ആലുവയിലും പെരുമ്പാവൂരിലും പ്രവര്‍ത്തിക്കുന്ന ഹിബ ജ്വല്ലറിയുടെ ഉടമകളില്‍ ഒരാളായ അയൂബ് സംഭവത്തിന് ശേഷം ഒളിവിലാണ്.
കൈവെട്ട് സംഭവത്തിനുശേഷം ഹിബ ജ്വല്ലറികളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ആലുവയിലെ ഹിബ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസവും എന്‍ഐഎ സംഘം പരിശോധന നടത്തി. സ്വര്ണ്ണക്കച്ചവടത്തിന്റെ മറവില്‍ ഹിബ ജ്വല്ലറിയിലേക്ക് വന്‍തോതില്‍ വിദേശത്തുനിന്നും സ്വര്‍ണ്ണവും പണവും എത്തുന്നുണ്ടെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അറിയാമായിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള അഞ്ചംഗസംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ഇതിനിടെ കൈവെട്ട് കേസിലെ ആറ് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ എന്‍ഐഎക്ക് പ്രത്യേക കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ ഇനിയും 24ഓളം പ്രതികളെ പിടികൂടാനുണ്ട്.
പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിന് ശേഷം സംസ്ഥാനത്ത് പ്രവര്‍ത്തനം മന്ദീഭവിച്ചിരുന്ന തീവ്രവാദ സംഘടനകളായ എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും വീണ്ടും സജീവമായി തുടങ്ങിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. ഈ മാസം അവസാനം ദല്‍ഹിയില്‍ നടക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ സംസ്ഥാനത്ത് നിന്നും അയ്യായിരം പേര് പങ്കെടുക്കുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. റാലിയില്‍ പങ്കെടുക്കാനായി പ്രത്യേക ബോഗികള്‍ തന്നെ ഇവര്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഇതിന്റെ സാമ്പത്തിക ഉറവിടം രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: