കുമളി : മുല്ലപ്പെരിയാര്‍ ഡാം സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ ഇടുക്കിയില്‍ റിക്ടര്‍ സ്കെയിലില്‍ തീവ്രത ആറുവരെ വരാവുന്ന ശക്തിയേറിയ ഭൂചലനം അനുഭവപ്പെടാന്‍ സാധ്യത ഏറെയാണെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. അണക്കെട്ട് പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചേയുണ്ടായ ഭൂചനലത്തെക്കുറിച്ച് പഠിക്കുന്നതിനായി മുല്ലപ്പെരിയാറ്റിലെത്തിയ സെസ്സ് ഡയറക്ടര്‍ ജോണ്‍ മത്തായിയാണ് ഇടുക്കിയില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന സൂചനകള്‍ നല്‍കിയത്.
ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തികുറഞ്ഞ ഭൂചലനത്തില്‍ പോലും ഡാമിന് കാര്യമായ വിള്ളലാണ് സംഭവിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ശക്തികൂടിയ ഒരു ചലനമുണ്ടായാല്‍ എന്തും സംഭവിക്കാം എന്ന നിലയിലാണ് ഡാം. തീവ്രത കുറഞ്ഞ ഭൂചലനങ്ങള്‍ ഉണ്ടായപ്പോള്‍ അതിന്റെ പ്രഭവസ്ഥാനം മറ്റിടങ്ങളിലായിരുന്നു. എന്നിട്ടും ഡാമിന് കാര്യമായ വിള്ളല്‍ സംഭവിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇനിയൊരു ഭൂകമ്പമുണ്ടാവുന്നതിന്റെ പ്രഭവസ്ഥാനം മുല്ലപ്പെരിയാറോ തൊട്ടടുത്ത പ്രദേശമോ ആയാല്‍ അതുവന് ദുരന്തത്തിന് തന്നെ വഴിയൊരുക്കും. ഡാമിന്റെ നിലവിലെ സ്ഥിതി തീര്‍ത്തും ആശങ്കാജനകമാണെന്ന വസ്തുത സെസ്സ് ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ അതിന് തീവ്രതവളരെ കൂടുതലാണ് താനും.
ഇടയ്ക്കിടെയുണ്ടാകുന്ന ചെറുചലനങ്ങള്‍ ഈ പ്രദേശത്തിലുണ്ടാകാവുന്ന അപകടസാധ്യത കുറയ്ക്കുമെന്നു വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും റിക്ടര്‍ സ്കെയിലില്‍ അഞ്ചോ അതിന് മുകളിലോ തീവ്രതയുള്ള ചലനമുണ്ടായാല്‍ മുല്ലപ്പെരിയാറിനെപ്പോലെ തന്നെ ഇടുക്കി ഡാമിനും അതു വലിയ ഭീഷണിയായിരിക്കും. ഈ സാഹചര്യത്തിലായിരിക്കും ജപ്പാനെപ്പോലെ തന്നെ നമ്മളും വളരെ ജാഗ്രതയോടെ ഇരിക്കണം എന്ന് ഭൂകമ്പ വിദഗ്ദ്ധര്‍ പറയുന്നത്.
പ്രദേശവാസികള്‍ തീര്‍ത്തും ആശങ്കാജനകമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള വിദഗ്ദ്ധസംഘം ഇന്ന് രാവിലെ മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കും. മുല്ലപ്പെരിയാര്‍ സെല്‍ ചെയര്മാന് എം.കെ പരമേശ്വരന് നായര്‍, ജലവിഭവവകുപ്പ് ചീഫ് എഞ്ചിനീയര്‍ പി. ലതിക, കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍ കറുപ്പന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ ഡാം സന്ദര്‍ശിക്കുന്നത്. ഉച്ചയ്ക്ക് ശേഷം റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണവും സംഘവും ഡാം സന്ദര്‍ശിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: