കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ നാലായപ്പോഴും- മൂന്നുപേര്‍ വയനാട്ടിലും ഒരാള്‍ കണ്ണൂരിലും- കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില ഇടിയുമ്പോഴും കാലാവസ്ഥാ വ്യതിയാനത്തില്‍ കൃഷിനാശം സംഭവിച്ച് ഇഞ്ചി, വാഴ കൃഷിക്കാര്‍ക്ക് എല്ലാം നഷ്ടപ്പെടുമ്പോഴും കേരളത്തില്‍ കൊഴുക്കുന്നത് എല്ലാ ആത്മഹത്യകളും കര്‍ഷക ആത്മഹത്യയല്ല എന്ന വാദവും കര്‍ഷകരുടെ, പ്രത്യേകിച്ച് വയനാടന്‍ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ നിസ്സംഗത പുലര്‍ത്തിയ ഇടതുസര്‍ക്കാരിന്റെ പഴിചാരല്‍ വൈദഗ്ധ്യവുമാണ്. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞതല്ലാതെ നിലച്ചിരുന്നില്ല. കാര്‍ഷികകടം എഴുതിത്തള്ളുക എന്നത് കേന്ദ്രനയമായിട്ടുപോലും അത് പ്രാവര്‍ത്തികമാകാതിരുന്നത് ഇടതുസര്‍ക്കാരിന്റെ പ്രതിബദ്ധത ഇല്ലായ്മയും ഭൂമിയില്ലാത്ത ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള നൂലാമാലകളുമാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള തത്രപ്പാടില്‍ കര്‍ഷകര്‍ ബ്ലേഡ്കമ്പനികളില്‍നിന്നും അമിതപലിശക്ക് വായ്പയെടുക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. പാട്ടകൃഷി നിരോധിച്ചിരിക്കുന്ന കേരളത്തില്‍ പാട്ടകൃഷി തുടരുന്നതോടൊപ്പം മറ്റ് ഉപജീവനമാര്ഗങ്ങളില്ലാത്ത കര്‍ഷകര്‍ കര്‍ണാടകയില്‍ പോയി ഭൂമി പാട്ടത്തിനെടുത്തും വാഴയും ഇഞ്ചിയും കൃഷിചെയ്യുന്നുണ്ട്. ഇവരും കടക്കെണിമൂലം ആത്മഹത്യാവഴി തെരഞ്ഞെടുക്കുമ്പോള്‍ കേരളത്തിലല്ല കൃഷി ചെയ്തത് എന്ന വാദഗതി എങ്ങനെ അംഗീകരിക്കും? കേന്ദ്ര കാര്‍ഷികകടം എഴുതിത്തള്ളാന്‍ പദ്ധതി പ്രഖ്യാപിച്ച് 220.8 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടും 82.6 കോടി രൂപ കടാശ്വാസ കമ്മീഷന് പ്രഖ്യാപിച്ചിട്ടും കടാശ്വാസം നല്‍കിയത് 62 കോടി മാത്രമായിരുന്നല്ലോ. ബജറ്റില്‍ തുക അനുവദിച്ചിട്ടുപോലും ചെലവാക്കാതെ ‘ശത ശതമാനം കേരളീയം’ പദ്ധതിയിലൂടെ പലിശ കടത്തില്‍ ലയിപ്പിച്ചതും കടവര്ധനക്ക് കാരണമായിരുന്നു. കേന്ദ്ര കടാശ്വാസ പലിശ അടക്കാത്ത കര്‍ഷകനായി ചുരുങ്ങിയപ്പോള്‍ പലിശ അടച്ചവര്‍ പദ്ധതിക്ക് പുറത്തായി ഋണബാധ്യതയുള്ളവരായി തുടര്‍ന്നതും ആത്മഹത്യയിലേക്ക് നയിച്ചതായി കാണാം. ബാങ്ക് കടവും സ്വകാര്യവ്യക്തികളില്നിന്നെടുത്ത കടവും ചേര്‍ന്നപ്പോള്‍ കടഭാരം പെരുകിയിരുന്നു. ഇതെല്ലാം കൃഷിക്ക് വേണ്ടിയല്ല എന്ന വാദഗതി മനുഷ്യത്വപരമല്ല. കേരളത്തില്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചപ്പോള്‍ കേരളത്തില്‍ കര്‍ഷകരുടെ ശതമാനം 23 ആയിയെങ്കിലും വയനാട്ടില്‍ 47 ശതമാനം ഇന്നും കൃഷിയെ ആശ്രയിക്കുന്നു. ഇവര്‍ വട്ടിപലിശക്കാരെ ആശ്രയിച്ച് 1000 രൂപക്ക് രണ്ടര മാസത്തേക്ക് 250 രൂപ പലിശ നല്കുമ്പോള് കടക്കെണി സ്വാഭാവികമാകുന്നു. ഒരേക്കര്‍ കൃഷിക്ക് ബാങ്ക് ഒരുലക്ഷം രൂപ കൊടുക്കുന്നത് സ്ഥലം പണയംവെച്ചാണ്. പണയംവെക്കാന്‍ സ്ഥലമില്ലാത്തവര്‍ എങ്ങനെ കൃഷി ഉപജീവനമാര്‍ഗമാക്കും? വയനാട്ടിലെ ആത്മഹത്യകള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജയകുമാര്‍ കമ്മറ്റിയെക്കൊണ്ട് പഠനം നടത്തി കാര്‍ഷികവായ്പക്ക് ഒരുവര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. കാര്‍ഷിക കടാശ്വാസ കമ്മീഷന് നിയമപ്രകാരം 2009 മെയ് 31 വരെയുള്ള വായ്പകള്‍ക്കേ അപേക്ഷ സമര്‍പ്പിക്കാനാകൂ. ഇപ്പോള്‍ 2011 ഒക്ടോബര്‍ 31 വരെയുള്ള വായ്പകള്‍ സംബന്ധിച്ചും അപേക്ഷ സ്വീകരിക്കാന്‍ കഴിയുന്ന തരത്തില്‍ നിയമ ഭേദഗതി ചെയ്യാനും തീരുമാനമായി. 2006 ലെ കേരള കടാശ്വാസ നിയമവും ഭേദഗതി ചെയ്യണമെന്ന നിര്‍ദ്ദേശവും അംഗീകരിച്ചിരിക്കുന്നു. കടത്തിന്റെ കാലപരിധി പുതുക്കിനിശ്ചയിച്ച് 2011 മെയ് 31 ന് ശേഷമുള്ള അപേക്ഷകളും സ്വീകരിക്കാനാണ് തീരുമാനം. വയനാട് ഇന്ന് ദുരന്തഭൂമിയായി തുടരുന്നത് ഭാരിച്ച സഹായപദ്ധതികള്‍ പ്രഖ്യാപിച്ച് തുക അനുവദിച്ചിട്ടും അത് എത്തേണ്ടവരില്‍ എത്തിച്ചേരാത്തതാണ്. കാര്‍ഷികകടം എന്ന സങ്കല്‍പ്പംതന്നെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുന്നത് കര്‍ഷകര്‍ കല്യാണാവശ്യങ്ങള്‍ക്കും മറ്റും എടുക്കുന്ന കടവും കാര്‍ഷിക കടമായി കണക്കാക്കുന്നു എന്ന ആരോപണത്തിലാണ്. പക്ഷേ കര്‍ഷകരോടുള്ള അനാസ്ഥ കേരളത്തില്‍ കുട്ടനാട്ടിലും മറ്റ് കാര്‍ഷിക മേഖലകളിലും പ്രകടമാണ്. കൊയ്ത നെല്ല് സംഭരിക്കാതെ നെല്ല് മുളച്ച് നശിക്കുന്നത്, കൊയ്യാന്‍ ആളില്ലാതെ വിള നശിക്കുന്നത് മുതലായ പ്രതിഭാസങ്ങള്‍ തുടര്‍സംഭവങ്ങളാണ്. പക്ഷെ ആ മേഖയില്‍നിന്ന് ഒരു ദുരന്തവാര്‍ത്ത ഉണ്ടാകുമ്പോള്‍ മാത്രം പ്രതികരിക്കുന്ന സര്‍ക്കാര്‍ രീതി ന്യായീകരിക്കാവുന്നതല്ല. കര്‍ഷകര്‍ നാടിന്റെ നട്ടെല്ലാണ് എന്ന് പറയുമ്പോഴും ഏറ്റവും അവഗണിക്കപ്പെടുന്നതും കാര്‍ഷിക മേഖലയാണ്. അതാണ് ഈ രംഗത്ത് ആത്മഹത്യ ഉണ്ടാകാനും വര്‍ധിക്കാനും പ്രധാന കാരണം. ആത്മഹത്യ ചെയ്ത കര്‍ഷകകുടുംബങ്ങള്‍ക്ക് ധനസഹായവും കടം എഴുതിത്തള്ളലും വേണമെന്ന ആവശ്യം കേരള കര്‍ഷകസംഘം ഉയര്‍ത്തുന്നുണ്ട്. അവര്‍ ആവശ്യപ്പെടുന്നത് താങ്ങുവിലയല്ല, മറിച്ച് കാര്‍ഷികച്ചെലവും ജീവിതച്ചെലവും പരിഗണിച്ചുള്ള യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വിലനിലവാരമാണ്. സ്വാശ്രയ അഴിമതിക്ക് തടയിടാന്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല എന്നും വിവാദച്ചുഴിയിലാണ്. അഭ്യസ്തവിദ്യരുടെ നാടാണെന്ന് ഉദ്ഘോഷിക്കുമ്പോഴും കേരളത്തില്‍ ഇന്ന് ഏറ്റവും വികസിച്ചു വരുന്ന വ്യാപാര മേഖല വിദ്യാഭ്യാസമായി മാറിയിരിക്കുന്നു. പ്രശ്നബാധിതമായ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖല കോളേജ് തുറക്കുന്ന അവസരങ്ങളിലെല്ലാം കേരളത്തെ പ്രക്ഷുബ്ധമാക്കുന്നത് അവിടെ നിയന്ത്രണമില്ലാതെ നടമാടുന്ന അനഭിലഷണീയമായ രീതികളാണ്. കേരളത്തില്‍ ആന്റണി സര്‍ക്കാര്‍ സ്വകാര്യ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയത് ഇവിടെനിന്നും അന്യസംസ്ഥാന കോളേജുകളിലേക്ക്. അഡ്മിഷന് വാങ്ങിപ്പോകുന്ന വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് തടയാനാണ്. ഇപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ജാതി-മത സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി യഥേഷ്ടം അനുമതിനല്കിയപ്പോള് പ്രവേശന പരീക്ഷയും ക്വാട്ടാ രീതിയിലുള്ള അഡ്മിഷനും എല്ലാം ലാഭം കൊയ്യുന്ന വ്യവസായമായി മാറി. ഈ പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത് ഈ സാങ്കേതിക മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗ്യത ഇല്ലാത്ത അധ്യാപകരെ ഭാരിച്ച തലവരിപ്പണം വാങ്ങി നിയമിക്കുന്നതാണ്. ഈ അയോഗ്യരായ അധ്യാപകര്‍ വിദ്യാഭ്യാസ നിലവാരം താഴ്ത്തുന്നു. എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് അഞ്ച് ലക്ഷവും എംബിബിഎസിന് 35 ലക്ഷവും മറ്റുമാണ് തലവരി. മെഡിക്കല്‍ പിജി കോഴ്സുകളിലേക്ക് ഒരു കോടി രൂപവരെ നല്കിയ കേസും കേരളത്തിലുണ്ട്. ഇപ്പോള്‍ സ്വാശ്രയ മേഖലയില്‍ സാങ്കേതിക-മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നതിനെ വിലക്കിക്കൊണ്ടുള്ള കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ച നിയമഭേദഗതി അത്യന്തം സ്വാഗതാര്‍ഹമാണ്. തലവരിപ്പണം വാങ്ങിയതായി തെളിഞ്ഞാല്‍ ശിക്ഷ ഒരു കോടി രൂപയാണ്. ശമ്പളം, ആനുകൂല്യങ്ങള്‍, റിട്ടയര്‍മെന്റ് ആനുകൂല്യം, നിയമനം, പ്രെമോഷന്, സ്ഥാനക്കയറ്റം മുതലായ എല്ലാ കാര്യങ്ങളും പ്രസിദ്ധപ്പെടത്തണമെന്നാണ് നിബന്ധന. അധ്യാപകരുടെ യോഗ്യതയും അധ്യാപന ഗുണനിലവാരവും ഇനി സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാകുമ്പോള്‍ ഇത് വിദ്യാര്‍ത്ഥികളുടെ അവകാശമാകുന്നു. ഇപ്പോള്‍ കേരള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം ലഭിച്ചവരില്‍ 91 ശതമാനം വിജയിക്കുന്നില്ല എന്ന കണക്ക് കേന്ദ്ര നിയമത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നു. ഇനിയെങ്കിലും വിദ്യാഭ്യാസം വ്യാപാരമാകുകയില്ല എന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: