കോട്ടയം: യാചക നിരോധിത മേഖലയായ കോട്ടയം നഗരത്തില്‍ യാചകശല്യം രൂക്ഷമായതോടെ അവരെ പിടിക്കാനും പുനരധിവസിപ്പിക്കാനുമുള്ള നടപടി നഗരസഭ ആരംഭിച്ചു. നഗരത്തില്‍ യാചകമാഫിയാ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. അന്യസംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് മാഫിയാസംഘങ്ങള്‍ യാചകരെ കോട്ടയം നഗരത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇവരെ പാര്‍പ്പിക്കുവാന്‍ ചിങ്ങവനത്തിനടുത്ത് തുരുത്തി ഭാഗത്ത് ചില കേന്ദ്രങ്ങള്‍ തന്നെ യാചകര്‍ക്കായി മാഫിയാസംഘം ഒരുക്കിയിട്ടുണ്ട്. നേരം പുലരുന്നതിനുമുമ്പുതന്നെ പെട്ടി ഓട്ടോകളില്‍ ഇവരെ നഗരത്തിലെത്തിക്കും. ഓരോ യാചകര്‍ക്കും പ്രത്യേകം സ്ഥലവും നിശ്ചയിച്ചിട്ടുണ്ട്. വഴിയോരത്ത് ഇടതടവില്ലാതെ യാചനസ്വരവുമായി ഇരിക്കുന്ന ഈ യാചകര്‍ക്ക് വൈകുന്നേരമാകുമ്പോള്‍ വന്‍തുകയാണ് ലഭിക്കുന്നത്. സന്ധ്യയാകുന്നതോടെ മാഫിയകളുടെ പെട്ടി ഓട്ടോകള്‍ നഗരത്തിലെത്തി യാചകരുമായി താവളത്തിലേക്കും മടങ്ങും. യാചകര്‍ക്ക് ദിവസവും ഒരു നിശ്ചിത തുക നല്‍കുകയും ബാക്കി വരുന്ന വന്‍തുക മാഫിയാസംഘം കൈക്കലാക്കുകയും ചെയ്യുന്നു. ഇതൊരു വാന്‍ കച്ചവടമായി മാറിയിരിക്കുകയാണ്. കോട്ടയം നഗരത്തില്‍ ഇന്ന് എവിടെ നോക്കിയാലും യാചകരുടെ ആധിക്യം കാണാം. നഗരസഭാ കാര്യാലയത്തിനു പിറകുവശത്ത് വൈഎംസിഎയ്ക്കു സമീപമുള്ള ഫുട്പാത്തില്‍ ഇത്തരം യാചകര്‍ അധികമാണ്. ഇതില്‍ത്തന്നെ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും മോഷ്ടാക്കളുമാണ്. മയക്കുമരുന്നിനും മദ്യത്തിനും അടിപ്പെട്ടവരും ഏറെ. ശബരിമല സീസണ് ആരംഭിച്ചതോടെ അയ്യപ്പന്മാരുടെ ഇടത്താവളമായ കോട്ടയം നഗരത്തില്‍ യാചകമാഫിയ കൂടുതല്‍ യാചകരെ എത്തിച്ചത് നഗരസഭയ്ക്കെന്നപോലെ പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രാജഭരണകാലത്ത് സര് സി.പി.യുടെ കാലത്തു തന്നെ കോട്ടയം നഗരത്തെ യാചകമുക്തമാക്കാന്‍ യാചകനിരോധന മേഖലയായി പ്രഖ്യാപിക്കുകയും യാചകനിരോധനമേഖലയെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്തിരുന്നു. അതിനെ സംബന്ധിച്ചുള്ള ബൈലോ ഇപ്പോഴും നഗരസഭയിലുണ്ട്. ആശുപത്രികവാടത്തിലുണ്ടായിരുന്ന ബോര്‍ഡും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡും നശിപ്പിക്കപ്പെട്ടു. പുതിയതായി നഗരസഭ സ്ഥാപിച്ചിരുന്ന ‘യാചകനിരോധനമേഖല’ യെന്ന ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു. യാചകശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യം നഗരസഭയുടെ ആംബുലന്‍സുമായി നഗരം ചുറ്റി അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും യാചകരെയും പിടികൂടി മുട്ടമ്പലത്തുള്ള ശാന്തിഭവനില്‍ എത്തിക്കുന്നത് അനിയന്, രാജു എന്നീ ചെറുപ്പക്കാരാണ്. ഇവര്‍ ഈ തൊഴിലുമായി നഗരസഭയിലെത്തിയിട്ട് ഇരുപത്തിരണ്ടു വര്‍ഷം പിന്നിട്ടിട്ടും ഇവര്‍ ഇന്നും ദിവസവേതനത്തിനാണ് പണിയെടുക്കുന്നത്. ഇവരെ സ്ഥിരപ്പെടുത്തുകയും ആഴ്ചയില്‍ രണ്ടു ദിവസമെന്നത് ആറുദിവസമാക്കിയാല്‍ ഒരു പരിധിവരെയെങ്കിലും കോട്ടയം നഗരത്തെ യാചകമാഫിയാസംഘങ്ങളുടെ പിടിയില്‍ നിന്നും മുക്തമാക്കാനുവും. ഇപ്പോള്‍ ശാന്തിഭവനില്‍ ഇവര്‍ പിടികൂടി പുനരധിവസിപ്പിച്ച എണ്‍പതോളം യാചകരുണ്ട്. ശാന്തിഭവനിലെ മതിലുകള്‍ ഇടിഞ്ഞു കിടക്കുന്നതിനാല്‍ ഇവിടെ നിന്നും ചാടിപ്പോകുന്നവരും കുറവല്ല. അവര്‍ വീണ്ടും നഗരത്തിലെത്തി യാചകമാഫിയാസംഘത്തിനുവേണ്ടി യാചകനിരോധിതമേഖലയില്‍ കടന്നുകയറി യാചകരായി മാറുന്നു. ഇവരില്‍ പലര്‍ക്കും മദ്യം, മയക്കുമരുന്ന്, കഞ്ചാവ് കച്ചവടവും ക്രിമിനല്‍ പശ്ചാത്തലവുമുള്ളവരാണ്. സ്ഥിതിക്കും ഇവര്‍ക്കെതിരെ നഗരസഭാധികാരികള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കോട്ടയം നഗരത്തിലും സൗമ്യവധക്കേസുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് പൊതുജനം വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: