വാഷിങ്ടണ്‍: മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനെ അമേരിക്കയില്‍ വിമാനത്താവളത്തില്‍ വച്ച് ദേഹപരിശോധന നടത്തിയ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഗതാഗതസുരക്ഷയുടെ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെയാണ് സര്‍വീസില്‍ നിന്ന് നീക്കിയത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ഇന്ത്യയിലേക്ക് മടങ്ങാനിരിക്കവെ സെപ്തംബര്‍ 29നാണ് കലാമിനെ ജോണ്‍ എഫ്.കെന്നഡി വിമാനത്താവളത്തില്‍ വച്ച് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിമാനത്തില്‍ കയറുന്നതിന് മുമ്പും കയറിയ ശേഷവുമായിരുന്നു കലാമിന്റെ ദേഹപരിശോധന.
വിമാനത്തില്‍ കയറുന്നതിന് മുമ്പുള്ള പരിശോധനയ്ക്ക് ശേഷം എയര്‍ഇന്ത്യ വിമാനം പുറപ്പെടാന്‍ ഒരുങ്ങവെ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ കയറി കലാമിനെ വീണ്ടും പരിശോധിക്കുകയും അദ്ദേഹത്തിന്റെ ഷൂസും ജാക്കറ്റും അഴിച്ചു വാങ്ങുകയും ചെയ്തു. പിന്നീട് ഇവ തിരിച്ചു നല്‍കുകയും ചെയ്തു.
കലാമിന്റെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥന ചെവിക്കൊള്ളാതെയാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് അമേരിക്ക മാപ്പു പറയുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: