ന്യൂദല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ആറ് മാസത്തെ തടവിന് ശിക്ഷിച്ച സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ജയരാജന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പതിനായിരം രൂപയുടെ സ്വന്തം ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം. ഈ തുക ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുമ്പാകെ കെട്ടിവയ്ക്കണം. കൂടാതെ ഹൈക്കോടതി വിധിച്ച പിഴ ഒരാഴ്ചയ്ക്കുള്ളില്‍ ജയരാജന് അടയ്ക്കണമെന്നും സുപ്രീംകോടതി വിധിച്ചു.
അതേസമയം ജയരാജനെ ശിക്ഷിച്ചുകൊണ്ട് ഹൈക്കോടതി നടത്തിയ പദപ്രയോഗങ്ങളെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. തീര്‍ത്തും ഞെട്ടിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ് ഹൈക്കോടതി വിധി എന്ന് സുപ്രീംകോടതി പരാമര്‍ശിച്ചു. ജഡ്ജിമാര്‍ സ്വാധീനിക്കപ്പെടരുതെന്നും വിധി മരവിപ്പിക്കാത്ത നടപടി അപലപനീയമെന്നും വിമര്‍ശിച്ച സുപ്രീംകോടതി, ഹൈക്കോടതിക്കെതിരെ നടത്തിയ സമരം ശരിയല്ലെന്നും വിലയിരുത്തി.
ജസ്റ്റിസുമാരായ ആര്.എം ലോധ, എച്ച്.എല്‍ ഗോഖ്ലെ എന്നിവരടങ്ങുന്ന ബഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. പുഴുവെന്നും വിഷം ചീറ്റുന്ന ഇഴജന്തു എന്ന് വിശേഷിപ്പിച്ചതും ആറ് മാസത്തെ കഠിനതടവിന് ആദ്യം വിധി പ്രസ്താവിച്ചതുമെല്ലാം ഹൈക്കോടതിയുടെ മുന്ധാര്ണകളെ സൂചിപ്പിക്കുന്നതാണെന്ന് ജയരാജന് വേണ്ടി ഹാജരായ അനില്‍ ദിവാന് സുപ്രീംകോടതിയെ ബോധിപ്പിച്ചു.
വിശാലമായ ചിന്തയ്ക്ക് ശേഷമാകണം കോടതികള്‍ വിധി പറയേണ്ടത്. വിധി പറയുമ്പോള്‍ ഇത്തരം ഭാഷകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഏതൊരു പൗരനും വിധി വന്നുകഴിഞ്ഞാല്‍ അതിനെതിരെ അപ്പീലിന് പോകാനുള്ള അവസരം നിയമം നല്‍കുന്നുണ്ട്. ഇതെല്ലാം ലംഘിച്ച ഹൈക്കോടതി നടപടി തീര്‍ത്തും അസാധാരണവും ഖേദകരമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഹൈക്കോടതിക്ക് വേണ്ടി ഹാജരായ അഡ്വ.വി ഗിരി ജയരാജന്റെ വിധി മരവിപ്പിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് അറിയിച്ചു. ഇന്നലെ ഹൈക്കോടതിക്ക് മുന്നില്‍ രാവിലെ എട്ട് മണി മുതല്‍ അയ്യായിരത്തോളം പേര് തടിച്ചു കൂടിയിരുന്നു. ജഡ്ജിമാര്‍ ഹൈക്കോടതിയിലേക്ക് എത്തുന്നത് തടയുന്ന തരത്തിലായിരുന്നു ഇത്. അതിനാല്‍ ജഡ്ജിമാര്‍ക്ക് വളരെ നേരത്തേ തന്നെ ഹൈക്കോടതിയില്‍ എത്തേണ്ടി വന്നു. കോടതിക്കെതിരെ രൂക്ഷമായ മുദ്രാവാക്യം വിളിച്ചാണ് പ്രക്ഷോഭം നടത്തിയതെന്നും വി.ഗിരി ചൂണ്ടിക്കാട്ടി.
വി.ഗിരിയുടെ വാദം കേട്ട സുപ്രീംകോടതി നീതിന്യാസ വ്യവസ്ഥയെ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന് പരാമര്‍ശിച്ചു. ഹൈക്കോടതിക്ക് വരെ തെറ്റ് പറ്റാം. എന്നാല്‍ അതിനെതിരെ നിയമപരമായി വേണം പ്രതിവിധി തേടേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: