ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിനു രണ്ടു രൂപ വരെ കുറച്ചേക്കും. നാളെ നടക്കുന്ന എണ്ണക്കമ്പനി മേധാവികളുടെ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നു സൂചന. വില കുറച്ചുകൊണ്ടുളള പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാകും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണു തീരുമാനത്തിനു കാരണം.
പെട്രോള്‍ ലിറ്ററിന് 1.82 രൂപയാണു കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണു രാജ്യത്തുയര്‍ന്നത്. ഈ സാഹചര്യത്തിലാണു തീരുമാനം പുനഃപരിശോധിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. എണ്ണക്കമ്പനികളുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നും ആഗോള സാഹചര്യമനുസരിച്ചാണ് അവര്‍ തീരുമാനം എടുക്കുന്നതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.
എന്നാല്‍ 22നു തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം വിലക്കയറ്റം ചൂണ്ടിക്കാട്ടി തടസപ്പെടുത്തുമെന്നു പ്രതിപക്ഷം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മാത്രമല്ല 20ന് അവസാനിക്കുന്ന എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തിലുളള ജനചേതനയാത്രയുടെ സമാപന സമ്മേളനത്തിലും ഇന്ധവില വര്‍ധന വലിയ ചര്‍ച്ചാ വിഷയമാകും. ഇതിനു മുന്നോടിയായി വില കുറച്ചുകൊണ്ടു പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
സിംഗപ്പൂര്‍ വിപണിയില്‍ ബാരലിന് 115 ഡോളറാണ് എണ്ണവില. നേരത്തേ ക്രൂഡ് ഓയില്‍ വില 125 ഡോളര്‍ വരെ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലും എണ്ണവില കുറയ്ക്കാന്‍ സാധിക്കുമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: