കോഴിക്കോട്: കൊടിയത്തൂരില്‍ മര്‍ദ്ദനമേറ്റ് ഷഹീദ് ബാബു എന്ന യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തില്‍ മുസ്ലീം മതതീവ്രവാദസംഘത്തിന് പങ്കുള്ളതായി സംശയം. മലപ്പുറം, വയനാട്, ജില്ലകളില്‍ നിന്നടക്കം എത്തിയ ക്രിമിനല്‍ സംഘങ്ങള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. അന്വേഷണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കൊടുവള്ളി സി.ഐ. രാജപ്പന് റാവുത്തറില്‍ നിന്നും കോഴിക്കോട് സിറ്റി കണ്ട്രോള് റൂം എസി ജോസി ചെറിയാന് അന്വേഷണം ഏറ്റെടുത്തു. ജോസി ചെറിയാന്റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ വീട്ടിലെത്തിച്ച ഓട്ടോഡ്രൈവറേയും മറ്റ് അഞ്ച് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നു.
ഇവരില്‍നിന്ന് ലഭിച്ച പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മതതീവ്രവാദ സംഘടനയിലേക്ക് വ്യാപിപ്പിച്ചത്. യുവാവ് ഇടക്കിടെ സന്ദര്‍ശിക്കുന്നുവെന്ന് പറയപ്പെടുന്ന വീട്ടുകാരോ നാട്ടുകാരോ ഇയാളെക്കുറിച്ച് ഇതുവരെ പരാതിയൊന്നും നല്‍കിയിരുന്നില്ല. ഇതിനിടെയാണ് താലിബാന് മോഡല്‍ വിധി നടപ്പാക്കിയിരിക്കുന്നത്. യുവാവിന്റെ കൈകള്‍ കൂട്ടിക്കെട്ടി തല അടിച്ചുതകര്‍ക്കുകയും കെട്ടിയിട്ടതിനു ശേഷം ക്രൂരമായി കല്ലെറിയുകയും ചെയ്തു. ജനനേന്ദ്രിയത്തിനും സാരമായി പരിക്കേല്‍പ്പിച്ചു.
യുവാവിന്റെ സന്ദര്‍ശനം നിരീക്ഷിക്കാന്‍ രണ്ട് പേര് വീതമുള്ള നിരീക്ഷണസംഘത്തെ ഏര്‍പ്പാടാക്കിയിരുന്നതായി പറയപ്പെടുന്നു. ഷഹീദ് എത്തിയെന്നറിഞ്ഞതിനെത്തുടര്ന്നാണ് കൂടുതല്‍ പേര് സ്ഥലത്തെത്തി ശിക്ഷ നടപ്പാക്കിയത്. നിലവിളി കേട്ട് ഓടിയെത്തിയവരെ അക്രമിസംഘം ഭീഷണിപ്പെടുത്തി ഓടിച്ചു. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പോലീസ് സംഘത്തെയും അക്രമിസംഘം സ്ഥലത്തേക്ക് അടുപ്പിച്ചില്ല. പിന്നീട് മുക്കം എസ്ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തിയതോടെയാണ് യുവാവിനെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്. പ്രശ്നത്തെ പ്രാദേശിക വഴക്കായി ലഘൂകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മണല്‍ മാഫിയയാണ് പിന്നിലെന്ന പ്രചാരണം ഇതിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്നലെ ഒരു ദിനപത്രത്തില്‍ ” ഷഹീദിന്റെ മരണം നാട്ടുകാരുടെ കൈപ്പിഴ” എന്നാണ് വാര്‍ത്ത വന്നത്.
കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് ഷഹീദ് ബാബുവിനെ ഒരു സംഘം കല്ലെറിഞ്ഞും മര്‍ദ്ദിച്ചും ക്രൂരമായി പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് ഷഹീദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അക്രമിസംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് നാട്ടുകാര്‍ ആരും ആശുപത്രിയിലെത്തിക്കാത്തതിനെത്തുടര്ന്ന് ഒന്നരമണിക്കൂര്‍ നേരം ഷഹീദ് റോഡരികില്‍ കിടക്കുകയായിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകള്‍ക്ക് നല്ല ശക്തിയുള്ള പ്രദേശങ്ങളാണ് കൊടിയത്തൂരും പരിസരവും.
കൊടിയത്തൂരിനടുത്ത ചെനങ്ങാപറമ്പ് എന്ന സ്ഥലത്തും ഇതേ രീതിയിലുള്ള ആക്രമണം ഇക്കഴിഞ്ഞ ബുധനാഴ്ച നടന്നിരുന്നു. മുസ്ലീം സമുദായത്തില്‍ പെട്ട ഒരു യുവാവും യുവതിയും പ്രണയത്തിലായതിനെ തുടര്‍ന്ന് ഇരുവീട്ടുകാരും ബന്ധപ്പെട്ട് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ പ്രണയ വിവാഹം ഇസ്ലാമികമല്ലെന്നാരോപിച്ച് യുവതിയുടെ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. ഞായറാഴ്ചയാണ് ഇദ്ദേഹം സ്വകാര്യ ആശുപത്രി വിട്ടത്. ഇതിനടുത്ത ചെറുവാടിയില്‍ മാസങ്ങള്‍ക്ക് മുമ്പ് മുന്‍കാല സിമി പ്രവര്‍ത്തകരുടെ രഹസ്യയോഗം നടന്നിരുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
ഷഹീദിന്റെ മൃതദേഹം ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദില്‍ സംസ്കരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ജില്ലാ കളക്ടര്‍ ഡോ.പി.ബി.സലീം, എംഎല്‍എമാരായ എളമരം കരീം, പി.ടി.എ റഹീം, സി. മോയിന്‍കുട്ടി, സിപിഐ ജില്ലാ സെക്രട്ടറി ടി.വി.ബാലന് എന്നിവര്‍ ഷഹീദിന്റെ വീട് സന്ദര്‍ശിച്ചു. ഡിഐജി എസ്. ശ്രീജിത്തും ഇന്നലെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: