നഴ്സുമാരെ ലോകം ‘ഫ്ലോറന്‍സ് നൈറ്റിംഗേല്‍സ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. നഴ്സിംഗ് ജോലിയുടെ മുഖമുദ്ര സേവനമായതിനാലാണത്. പക്ഷെ ഇന്ന് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ആശുപത്രികളിലും നഴ്സിംഗ് കോളേജുകളിലും നഴ്സുമാര്‍, വിശേഷിച്ച് മലയാളി നഴ്സുമാര്‍ പീഡനങ്ങള്‍ അനുഭവിക്കുകയും അത് ആത്മഹത്യയില്‍വരെ എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥയാണ് കാണപ്പെടുന്നത്. നഴ്സുമാര്‍ സമരരംഗത്തിറങ്ങിയിട്ടും സംസ്ഥാനങ്ങള്‍ ഈ പൈശാചിക രീതികള്‍ക്കെതിരെ ക്രിയാത്മകമായ നടപടികള്‍ എടുക്കുന്നില്ല. ഇന്ത്യയിലുള്ള 17.5 ലക്ഷം നഴ്സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നിരിക്കെ ഇതില്‍ കേരള സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടാത്തത് പ്രതിഷേധാര്‍ഹംതന്നെയാണ്. ഏറ്റവും ഒടുവില്‍ ദല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള രാംമനോഹര്‍ ലോഹ്യ നഴ്സിംഗ് കോളേജിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം വനിതാ പ്രിന്‍സിപ്പല്‍ വലിച്ചുകീറുകയും നഗ്നയാക്കി നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മൂന്ന് ദിവസത്തെ അവധിക്കുശേഷം തിരിച്ചെത്തിയപ്പോഴാണ് ഈ അപമാനവും ഭീഷണിയും. ശനിയാഴ്ച നടന്ന ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഇരുന്നൂറോളം വിദ്യാര്‍ത്ഥിനികള്‍ ധര്‍ണയിരുന്നു. നഴ്സുമാരോട് മലയാളിയാണോ എന്ന് ചോദിച്ചശേഷം പീഡിപ്പിക്കുന്നു എന്നതാണ് ആക്ഷേപം. മുംബൈയില്‍ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ നഴ്സായിരുന്ന ബീന പീഡനം സഹിക്കാതെ രാജിവെക്കാന്‍ തീരുമാനിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ചോദിച്ചപ്പോള്‍ അരലക്ഷം രൂപ അടച്ചാല്‍ മാത്രമേ നല്‍കുകയുള്ളൂ എന്ന് അധികൃതര്‍ പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തിരുന്നു.
ഇതിനെതിരെ മുന്നൂറോളം നഴ്സുമാരായിരുന്നു സമരരംഗത്തിറങ്ങിയത്. ഒടുവില്‍ മലയാളിയായ മഹാരാഷ്ട്ര ഗവര്‍ണറും കേരള മുഖ്യമന്ത്രിയും ഇടപെട്ടായിരുന്നു സമരം പിന്‍വലിപ്പിച്ചത്. നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകളും അവര്‍ അനുഭവിക്കുന്ന പീഡനങ്ങളും നഴ്സുമാര്‍ സമരരംഗത്തിറങ്ങുമ്പോള്‍ വാര്‍ത്തയാകുന്നുണ്ടെങ്കിലും അവരുടെ സേവന-വേതന വ്യവസ്ഥകളിലെ അനീതികള്‍ പരിഹരിക്കാനോ പീഡനാനുഭവങ്ങള്‍ക്ക് തടയിടാനോ അധികാരികള്‍ ഇടപെട്ടു കാണുന്നില്ല. ദല്‍ഹിയിലെ പ്രൈവറ്റ് ആശുപത്രിയിലെ നഴ്സുമാര്‍ സര്‍ക്കാര്‍ നഴ്സുമാരുടെ ശമ്പളം ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയിരുന്നു. സര്‍ക്കാര്‍ നഴ്സ് 50,000 രൂപ ശമ്പളം വാങ്ങുമ്പോള്‍ പ്രൈവറ്റ് ആശുപത്രി നഴ്സുമാര്‍ 12 മണിക്കൂര്‍ ജോലിക്ക് 6000 രൂപ കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു. മലയാളി നഴ്സുമാര്‍ കൂടുതല്‍ ശമ്പളം പ്രതീക്ഷിച്ചാണ് മറുനാട്ടിലേക്കും വിദേശത്തേക്കും പോകുന്നത്. ഇവരുടെ കുത്തൊഴുക്കിന് തടയിടാനാണ് പ്രൈവറ്റ് ആശുപത്രികള്‍ ബോണ്ട് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവാങ്ങുന്നതും. “നിങ്ങള്‍ക്കെങ്ങനെ നഴ്സുമാരെ അടിമകളാക്കാന്‍ കഴിയും” എന്ന് ദല്‍ഹി ഹൈക്കോടതി ഒരിക്കല്‍ ചോദിക്കുകയുണ്ടായി. നഴ്സുമാരുടെ സുരക്ഷക്കായി മൂന്ന് മാസത്തിനുള്ളില്‍ മാര്‍ഗരേഖ ഉണ്ടാക്കണമെന്ന കോടതി ഉത്തരവ് ജലരേഖയായി. മിനിമം വേതനം, രോഗി-നഴ്സ് അനുപാതം, മെഡിക്കല്‍ ആനുകൂല്യം മുതലായവ ഉള്‍ക്കൊള്ളിച്ച് സമഗ്ര നഴ്സിംഗ് നിയമം വേണമെന്ന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു. കിടക്കകളുടെ എണ്ണം അനുസരിച്ച് ആശുപത്രികളെ ക്ലാസിഫൈ ചെയ്യണമെന്നും തൊഴില്‍ സുരക്ഷാ വകുപ്പ് ഉള്‍പ്പെടുത്തണം എന്ന ആവശ്യങ്ങളും നിലനില്ക്കുന്നു.
ഏറ്റവും പ്രാകൃതമായ രീതി നഴ്സിംഗ് സര്‍ട്ടിഫിക്കറ്റുകളും ബോണ്ടും വാങ്ങിയുള്ള നിയമനവും ജോലി രാജിവെക്കുമ്പോള്‍ ബോണ്ടിന്റെ പിഴ അടക്കേണ്ടിവരുന്നതും മാനസികപീഡനവുമാണ്. നഴ്സിംഗ് ജോലിയില്‍ പ്രവേശിക്കുന്നവരില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ളവരാണ്. ബാങ്ക് ലോണ്‍ വാങ്ങി പഠിച്ച് ജോലിക്ക് കയറുന്നവര്‍ക്ക് ലോണ്‍ തിരിച്ചടക്കാനും വീട്ടുകാരെ സഹായിക്കാനും എല്ലാ പീഡനങ്ങളും സഹിച്ച് ജോലിയില്‍ തുടരേണ്ട ഗതികേടുണ്ടാകുന്നു. നഴ്സുമാര്‍ വിദേശജോലി സ്വപ്നം കാണുന്നവരാണ്. വിദേശ ജോലിയുണ്ടെങ്കില്‍ മെച്ചപ്പെട്ട ശമ്പളം മാത്രമല്ല, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്ന യുവാക്കളെ വിവാഹം കഴിക്കാനുള്ള അവസരവും ലഭ്യമാകുന്നു. നഴ്സുമാരെ വിവാഹം കഴിച്ച് മറുനാട്ടില്‍ ജോലി ലഭ്യമാക്കുക എന്നത് പല യുവാക്കളുടെയും ശൈലിയായി മാറുന്ന കാലംകൂടിയാണിത്. മലയാളി നഴ്സുമാരുടെ സാന്നിധ്യം ആഗോളതലത്തിലാണ്. അവരുടെ സേവനം പ്രശംസ പിടിച്ചുപറ്റുന്നതുമാണ്. പക്ഷെ അവരുടെ ക്ഷേമമോ സുരക്ഷിതത്വമോ ഉറപ്പാക്കാനോ അവരുടെ തൊഴില്‍-സേവന സുരക്ഷിതത്വത്തിന് നിയമനിര്‍മാണം നടത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനോ രാഷ്ട്രീയ അതിജീവനം മാത്രം ലക്ഷ്യമിടുന്ന കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ല എന്നത് ഖേദകരമായ വസ്തുതയാണ്. ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും ദല്‍ഹിയില്‍ തുടരെത്തുടരെ അരങ്ങേറുന്ന നഴ്സിംഗ് പീഡനങ്ങളെപ്പറ്റിയോ സമരങ്ങളെപ്പറ്റിയോ ശ്രദ്ധിക്കുകയോ നടപടി കൈക്കൊള്ളുകയോ ചെയ്യുന്നില്ല.
ഇത് തെമ്മാടിത്തം
കേരളത്തില്‍ സദാചാര പോലീസ് പ്രതിഭാസം അപകടകരമായി തുടരുന്നു. കോഴിക്കോട് ജില്ലയില്‍ മേലേരി വീട്ടിലെ ഷഹിദ് ബാവയെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് കമ്പിവടികൊണ്ട് അടിച്ചും കല്ലെറിഞ്ഞും മാരകമായി പരിക്കേല്‍പ്പിച്ചത് അവിഹിതം ആരോപിച്ചാണ്. റോഡില്‍ അവശനായി കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ വന്ന പോലീസിനെ പോലും തടയാന്‍ ഇവര്‍ തയ്യാറായി. കൊലപാതകംതന്നെയാണ് അവര്‍ ലക്ഷ്യമിട്ടത് എന്ന് ഇതില്‍നിന്ന് വ്യക്തമായി. തൊടുപുഴയില്‍ ഞായറാഴ്ച സ്വന്തം സഹോദരിയെ കൂട്ടിക്കൊണ്ടുപോകാന്‍ സ്വകാര്യവാഹനത്തിലെത്തിയ മഫ്ത്തിയിലായിരുന്ന എസ്ഐയെ സദാചാര പേലീസ് ചമഞ്ഞെത്തിയ സംഘം ആക്രമിക്കുകയും അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു. ഭാര്യയോടൊപ്പം എത്തിയ ഇദ്ദേഹത്തിന്റെ വാഹനവും അക്രമികള്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചു. ജനമൈത്രി പോലീസ് സംവിധാനമുണ്ടെങ്കിലും മേല്‍പ്പറഞ്ഞ സംഭവത്തില്‍ പോലീസ് എസ്ഐ വിളിച്ചുപറഞ്ഞിട്ടു പോലും പോലീസുകാര്‍ രക്ഷക്കെത്തിയില്ല എന്നത് പോലീസിന്റെ ‘കാര്യക്ഷമത’ തെളിയിക്കുന്നു.
സദാചാര പോലീസ് ചമയുന്നവര്‍ക്ക് അമ്മ പെങ്ങന്മാരെ പോലും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഭര്‍ത്താവിനൊപ്പം ബസ് കാത്തു നിന്നിരുന്ന ഭാര്യയോട് ‘ആരാണിവന്‍’ എന്ന് സദാചാര പോലീസ് ചമയുന്നവര്‍ ചോദിച്ചപ്പോള്‍ ഭര്‍ത്താവാണെന്ന് മറുപടി നല്കി. അപ്പോള്‍ അവര്‍ താലി കാണിക്കാനാണ് സ്ത്രീയോട് ആവശ്യപ്പെട്ടത്. തസ്നി ബാനു എന്ന ഐടി ഉദ്യോഗസ്ഥ രാത്രിയില്‍ സ്നേഹിതന്റെ ബൈക്കില്‍ യാത്ര ചെയ്തപ്പോഴും സദാചാര പോലീസ് ചമഞ്ഞവര്‍ അവരെ കയ്യേറ്റം ചെയ്തിരുന്നല്ലോ. ഈമാതിരി സംഭവങ്ങള്‍ ഇന്ന് ഒറ്റപ്പെട്ടതാകുന്നില്ല. സ്ത്രീയെയും പുരുഷനെയും ഒന്നിച്ചു കണ്ടാല്‍ ഭര്‍ത്താവാണെങ്കിലും അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും കൈകാര്യംചെയ്യുന്ന ഈ തെമ്മാടികളെ നിലക്കു നിര്‍ത്തിയേ പറ്റൂ. സംസ്കാരസമ്പന്നമെന്നും അഭ്യസ്തവിദ്യരെന്നും അഭിമാനിക്കുന്ന മലയാളിക്കും കേരളത്തിനും അപമാനമാണ് ഈ കാട്ടുനീതി നടപ്പാക്കുന്ന ഈ ക്രിമിനലുകള്‍. സദാചാരവിരുദ്ധകുറ്റം കാണുകയാണെങ്കില്‍ നിയമം കയ്യിലെടുക്കലല്ല പോലീസിനെ അറിയിക്കുകയാണ് ചെയ്യേണ്ടത്.
ഈ അപകടകരമായ പ്രവണത മുളയിലേ നുള്ളാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ ഷഹിദ് ബാവമാര്‍ ഇനിയും ഉണ്ടാകും. ഇതോടൊപ്പം പറയേണ്ട മറ്റൊരു വസ്തുത മലയാളികള്‍ മരണത്തോട് മല്ലിടുന്നവരുടെ ചിത്രം മൊബെയിലില്‍ പകര്‍ത്താന്‍ കാണിക്കുന്ന വെമ്പലാണ്. ഷഹിദ് ബാവയെ കല്ലെറിഞ്ഞും അടിച്ചും മൃതപ്രായനാക്കിയപ്പോള്‍ എടുത്ത പടം ഇപ്പോള്‍ മൊബെയിലില്‍ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച് മുങ്ങിത്താഴുന്ന പെണ്‍കുട്ടിയെ രക്ഷിക്കാനല്ല ആ ചിത്രം മൊബെയിലില്‍ പകര്‍ത്താനാണ് പല കാഴ്ചക്കാരും ശ്രമിച്ചത്. ഹാ കഷ്ടം! എന്നല്ലാതെ എന്ത് പറയാന്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: