ചെന്നൈ: കൂടംകുളം ആണവനിലയത്തിനുവേണ്ടി മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം തയ്യാറാക്കിയ പത്തിന പദ്ധതികള്‍ പ്രതിഷേധക്കാര്‍ക്കുള്ള കൈക്കൂലിയാണെന്ന് ആണവവിരുദ്ധ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രജ്ഞര്‍, നിയമജ്ഞര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഗൂഢസിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും സംഘം അഭിപ്രായപ്പെടുന്നു.
ആണവവിരുദ്ധ പ്രവര്‍ത്തക സംഘം കൂടംകുളത്ത് മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തുന്നുണ്ട്. 500 കിടക്കകളുള്ള ആശുപത്രി, നാലുവരിപ്പാത എന്നിവ ആശുപത്രിക്ക് സമീപം സ്ഥാപിക്കുമെന്ന വാഗ്ദാനം സമീപവാസികളെ നിലവിലുള്ള പ്രശ്നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ്. ആണവവിരുദ്ധ സമരത്തില്‍ സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവര്‍ പങ്കെടുക്കുന്നതിനിടെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജ് കോസ്ലെ പാട്ടീല്‍ പറഞ്ഞു. ജപ്പാന്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ആണവോര്‍ജം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നത് വ്യാപകമായിട്ടുണ്ട്. രാജ്യത്ത് സൗരോര്‍ജത്തിന്റെ ലഭ്യത ഉണ്ടെന്നിരിക്കെ ആണവോര്‍ജത്തെ ആശ്രയിക്കേണ്ട ആവശ്യകതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഉല്പാദിപ്പിക്കുന്ന മൊത്തം ഊര്‍ജത്തിന്റെ 0.75 ശതമാനം മാത്രമേ ആണവോര്ജമുള്ളൂ. ചെറിയ തോതിലുള്ള ആണവോര്‍ജത്തിന്റെ ഉപയോഗം വന്‍തോതിലുള്ള ദുരന്തങ്ങള്‍ക്ക് കാരണമായേക്കുമെന്ന് സംഘത്തിലെ ശാസ്ത്രജ്ഞരായ ബല്വാരി ശര്‍മ്മ, വി.ടി. പദ്മനാഭന് എന്നിവര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: