കേരളത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ജൂബിലിയാഘോഷത്തിന് തുടക്കംകുറിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അനന്തപുരിയില്‍ നടന്ന ഹിന്ദു നേതൃസമ്മേളനം സാമൂഹ്യരംഗത്തെ വലിയൊരു കുതിച്ചുചാട്ടത്തിനും ഹൈന്ദവ ഐക്യത്തിനും വഴിതുറന്നിരിക്കുകയാണ്. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളബരം ഇങ്ങനെയായിരുന്നു. “നമ്മുടെ മതത്തിന്റെ പരമാര്ഥതയും സുപ്രമാണതയും ഗാഢമായി ബോധ്യപ്പെട്ടും, ആയതു ദൈവികമായ അനുശാസനത്തിലും സര്‍വവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും അതിന്റെ പ്രവര്‍ത്തനത്തില്‍ അതു ശതവര്‍ഷങ്ങളായി കാലപരിവര്‍ത്തനത്തിന് അനുയോജിച്ചുപോന്നുവെന്നു ധരിച്ചും നമ്മുടെ ഹിന്ദു പ്രജകളില്‍ ആര്‍ക്കുംതന്നെ അവരുടെ ജനനമോ, ജാതിയോ, സമുദായമോ കാരണം ഹിന്ദുമത വിശ്വാസത്തിന്റ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാന്‍ പാടില്ലയെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാല്‍ പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാല്‍, സമുചിതമായ പരിതഃസ്ഥിതികള്‍ പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചു നടത്തുന്നതിനും നാം നിശ്ചയിക്കയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവണ്മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായാരിക്കാന്‍ പാടില്ലെന്നാകുന്നു.”
കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ പാതയിലെ അതി പ്രധാനമായൊരു നാഴികക്കല്ലായിരുന്നു ഈ വിളംബരമെന്നതില്‍ രണ്ടഭിപ്രായം ഉണ്ടാകില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതുപോലൊരു സംഭവം മുമ്പുണ്ടായിട്ടില്ല.1829-ല്‍ സതി നിരോധിച്ച ശേഷമുണ്ടായ ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഈ വിളബരം ഒരു രക്തരഹിതവിപ്ലവമായിരുന്നു. മഹാത്മാഗാന്ധി ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത് തിരുവിതാംകൂറിനെ സംബന്ധിക്കുന്ന മേറ്റ്ല്ലാ കാര്യങ്ങളും വിസ്തൃതമായാലും മഹാരാജാവിന്റെ ഈ ഒരൊറ്റ പ്രവൃത്തി ഭാവി തലമുറകള്‍ എക്കാലത്തും ഓര്‍മയില്‍ സൂക്ഷിക്കുമെന്നാണ്. ഹിന്ദു മതം ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത അനീതികളുടെ ഭാരം പേറി നൂറ്റാണ്ടുകളായി തളര്‍ന്നു കിടക്കുന്ന തിരുവിതാംകൂറിലെ അവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ജനങ്ങളുടെ ആത്മീയമായ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഒരു പുതിയ സ്മൃതി പുറപ്പെടുവിച്ച ഈ മാഹാരാജാവ് മറ്റേതൊരു മഹാരാജാവിനെക്കാളും കൂടുതല്‍ കാലം ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നും ഗാന്ധിജി പറഞ്ഞു.
എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളീയ സമൂഹം ക്ഷേത്ര പ്രവേശന വിളംബരത്തെ ആ അര്‍ഥത്തില്‍ മനസിലാക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ നവോത്ഥാന പ്രക്രിയയ്ക്ക് ഏറ്റവും വലിയ സംഭാവനയാകേണ്ടിയിരുന്ന സംഭവം ഹൈജാക്ക് ചെയ്യപ്പെട്ടു എന്നു പറഞ്ഞാലും തെറ്റില്ല. ശ്രീനാരായണ ഗുരു തുടങ്ങിയ ആധ്യാത്മികാചാര്യന്മാര് പടുത്തുയര്‍ത്തിയ നവോത്ഥാന പ്രസ്ഥാനത്തെ കമ്മ്യൂണിസ്റ്റുകാര്‍ ഹൈജാക്ക് ചെയ്തതിന്റെ തുടര്‍ച്ചയായിരുന്നു ഇതും. ഹിന്ദുഐക്യവേദി മാത്രമാണ് ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പ്രസക്തിക്കും പ്രാധാന്യത്തിനും ഊന്നല്‍ നല്കി പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹത്തിലെ തിന്മകള്ക്കും വിപത്തുക്കള്‍ക്കുമെതിരെ ബഹുജനാഭിപ്രായം സ്വരൂപിക്കുന്നതിനും ജനമനസ്സാക്ഷി ഉണര്‍ത്തുന്നതിനും വ്യാപകമായ ബോധവത്കരണ പരിപാടികള്‍ ജൂബിലി വര്‍ഷത്തില്‍ നടത്തുവാനാണ് ഹിന്ദുഐക്യവേദി തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ കാലയളവ് സാമൂഹ്യനീതി വര്‍ഷമായി ആചരിക്കും. കേരളത്തില്‍ സാമൂഹികസമത്വത്തിനും നീതിക്കും വേണ്ടി നടന്ന ഒട്ടേറെ ചരിത്രസംഭവങ്ങളുടെയും മുന്നേറ്റങ്ങളുടെയും ശതാബ്ദി ആഘോഷങ്ങള്‍ ഈ കാലയളവിലാണ് നടക്കുന്നത് എന്ന വസ്തുത ക്ഷേത്രപ്രവേശന വിളംബര ജൂബിലി ആഘോഷത്തിന് മാറ്റുകൂട്ടുന്നു.
ശ്രീനാരായണഗുരുദേവന്റെ ശാരദാപ്രതിഷ്ഠ, ചട്ടമ്പിസ്വാമിയുടെ സന്ന്യാസശിഷ്യപരമ്പരയ്ക്ക് തുടക്കമിട്ട തീര്‍ഥപാദാശ്രമ സ്ഥാപനം, ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്വെന്ഷന് ആരംഭം, ഹരിപ്പാട് മിശ്രഭോജനം, അയ്യങ്കാളിയുടെ പ്രജാസഭാ പ്രസംഗം തുടങ്ങിയ മഹാസംഭവങ്ങളുടെ ശതാബ്ദി ആഘോഷങ്ങള്‍ നടക്കുന്നത് ഈ വര്‍ഷമാണ്. ഈ ചരിത്രസംഭവങ്ങളെല്ലാം നടന്നത് സാമൂഹ്യസമത്വത്തിനും പരിവര്‍ത്തനത്തിനും നീതിക്കും വേണ്ടിയായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിന് ഇടയാക്കിയ എല്ലാ മുന്നേറ്റങ്ങളെയും, നേതൃത്വം നല്കിയ സാമൂഹ്യപരിഷ്കര്‍ത്താക്കളെയും സ്മരിച്ചുകൊണ്ടാണ് സംസ്ഥാന വ്യാപകമായി സാമൂഹ്യനീതി സമ്മേളനങ്ങള്‍ നടത്തുക. ഇതിനു തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്നത്. കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്രസരസ്വതിയും തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മയും ഹിന്ദു സംഘടനാ നേതാക്കളും പങ്കെടുത്ത യോഗം ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രസക്തി ഇന്നും നിലനില്ക്കുന്നു എന്ന് വിളിച്ചു പറയുന്നതായിരുന്നു.
ഹിന്ദുക്കളില്‍ ജാതി ഭേദം കൂടാതെ ഐക്യം ഉണ്ടാകണമെന്നും ഹിന്ദുമതം ഉപേക്ഷിച്ചുപോയവരെ തിരികെ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നുമാണ് യോഗത്തില്‍ പങ്കെടുത്തുകൊണ്ട് കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്രസരസ്വതി പറഞ്ഞത്. ചരിത്രത്തില്‍ ചില കാലത്ത് അസ്പൃശ്യതയും അനാചാരങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ശ്രീനാരായണ ഗുരുദേവനെ പോലെയുള്ള ഗുരുക്കന്മാര് അത്തരം ദോഷങ്ങളെ അകറ്റി ഹിന്ദുസമാജത്തെ രക്ഷിച്ചു. ആചാര്യന്മാര് അനാചാരങ്ങളെ തിരുത്തിയ ചരിത്രമാണ് ക്ഷേത്ര പ്രവേശന വിളംബരം ഓര്‍മിപ്പിക്കുന്നത് എന്നായിരുന്നു ശങ്കരാചാര്യരുടെ അഭിപ്രായം. ഗുരുക്കന്മാര് നീക്കിയ ദോഷത്തെ വീണ്ടും കൊണ്ടു വരാനുള്ള ശ്രമം ചില കോണുകളില്‍നിന്ന് നടക്കുമ്പോള്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ പ്രാധാന്യത്തിന് പ്രസക്തിയേറുന്നു. ക്ഷേത്ര പ്രവേശനത്തെ കണ്ടില്ലെന്നു നടിക്കുന്നവരും അവഗണിക്കുന്നവരും ബോധപൂര്‍വം കേരളത്തിന്റെ സാംസ്കാരിക സാമൂഹ്യ മുന്നേറ്റത്തിന് തടയിടുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: