ആലുവ: ബാങ്ക് ഓഫ് ഇന്ത്യയുടെ കൂനമ്മാവ് ശാഖയില്‍ കവര്‍ച്ചയ്ക്ക് ശ്രമം നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രദേശവാസികളെ കേന്ദ്രീകരിച്ച്. അടുത്തിടെയായി വിവിധ കേസുകളില്‍പ്പെട്ട് ജയിലില്‍നിന്നും പുറത്തിറങ്ങിയിട്ടുള്ളവരെ ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യും. യുവാക്കളടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്നും ലഭിച്ച മുടി ഏതെങ്കിലും ക്രിമിനലുകളുടെതാണോ എന്നതിനെക്കുറിച്ചും അന്വേഷണം നടത്തും. സംശയം തോന്നുന്ന രീതിയില്‍ ബാങ്ക് പരിസരത്ത് അടുത്തിടെ എത്തിയിരുന്ന ചിലരെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്.
ബാങ്കിലെ ജീവനക്കാരെ ഇന്നലെ ആദ്യഘട്ടമായി ചോദ്യം ചെയ്തു. അതുപോലെ ബാങ്കില്‍നിന്നും അടുത്തിടെ സ്ഥലം മാറി പോയിട്ടുള്ളവരെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വിദഗ്ധ മോഷണസംഘമല്ല ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന നിഗമനമാണ് പോലീസിന്റേത്. വളരെ നാളത്തെ ആസൂത്രണം ഇതിന് പിന്നില്‍ ഉണ്ടായിട്ടുണ്ടെന്നും സംശയിക്കുന്നുണ്ട്.
കൂനമ്മാവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില ഗുണ്ടാസംഘങ്ങളുടെ ലിസ്റ്റ് ശേഖരിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള പ്രൊഫഷണല്‍ സംഘങ്ങള്‍ നടത്തുന്നതുപോലുള്ള മോഷണരീതി ഇവിടെ അവലംബിച്ചത് അന്വേഷണം അന്യസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് തിരിച്ചുവിടാനാണെന്നും സംശയിക്കുന്നു. ഇതുവരെ ആരെയും അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഈ മേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജോലികള്‍ ചെയ്തിട്ടുള്ളവരെയും വാടകയ്ക്ക് താമസിച്ച് പിന്നീട് മാറിയിട്ടുള്ളവരുടെയും വിശദവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: