കൊച്ചി: അനിതര സാധാരണമായ കൈവഴക്കവും മനോധര്‍മ പാടവവുംകൊണ്ട് സദസിനെ വിസ്മയിപ്പിച്ച് പനമണ്ണ ശശിയും സംഘവും ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവവേദിയില്‍ തായമ്പക അവതരിപ്പിച്ചു. സന്ധ്യാവേലക്കുശേഷം പതികാലം വിളംബമായി താളമിടുന്നതിന് പകരം തുടക്കത്തിലേ മേളം പിടിച്ച് മുഖംകൊട്ടി എണ്ണത്തിലേക്ക് കടന്ന് മലമക്കാവ് ശൈലിയുടെ ഭാവസൗന്ദര്യം മുഴുവന്‍ ആസ്വാദകര്‍ക്ക് പകര്‍ന്ന് നല്കി. കൈയും കോലും വേണ്ടിടത്ത് ഘനമായും മൃദുവായും കൊട്ടുന്ന ശശിയുടെ രീതി ഏറെ ശ്രദ്ധേയമായി. അരങ്ങത്തെ രംഗശ്രീയും നല്ല നേര്കോല് ശബ്ദവും ചായ്പുകയിന്റെ ശബ്ദമാധുര്യവുമെല്ലാം തായമ്പകയെ അവിസ്മരണീയമായ അനുഭവമാക്കി. പ്രഹ്ലാദന് തൂത, ചെര്‍പ്പുളശ്ശേരി സുധി (ഇടന്തല), ഹരി, വിനീഷ്, പ്രശാന്ത് (വലന്തല), ഉണ്ണികൃഷ്ണന്, കുരുവമ്പലം വിനു (ഇലത്താളം) എന്നിവരും തായമ്പകയില്‍ പങ്കെടുത്തു.
തായമ്പകയ്ക്കുശേഷം കലാസമിതി വിദ്യാര്‍ത്ഥികളുടെ നൃത്തസന്ധ്യയും അഖില ഗോപിനാഥിന്റെ മോഹിനിയാട്ടവും തിരുവനന്തപുരം മിഥിലാലയ ഡാന്‍സ് അക്കാദമി ഭരതനാട്യത്തില്‍ ചിട്ടപ്പെടുത്തിയ രാമായണം നൃത്തനാടകവും അവതരിപ്പിച്ചു.
രാവിലെ പെട്രീഷ സാബുവും എലൈസ സാബുവും അവതരിപ്പിച്ച സംഗീതക്കച്ചേരി യുവപ്രതിഭകളുടെ കഴിവ് വെളിവാക്കി. തുടര്‍ന്ന് കോട്ടയ്ക്കല്‍ മധുവും കലാനിലയം രാജീവും കഥകളിപ്പദക്കച്ചേരി അവതരിപ്പിച്ചു. കലാനിലയം രതീഷും (ചെണ്ട), കലാമണ്ഡലം ശ്രീജുവും (മദ്ദളം) പക്കവാദ്യമൊരുക്കി.
സംഗീതോത്സവത്തിന്റെ സമാപനദിവസമായ ഇന്ന് രാവിലെ 9 ന് ഗോവിന്ദ സ്മരണയ്ക്ക് മുന്നില്‍ യുവകലാകാരന്മാരുടെ സംഗീതാര്‍ച്ച നടക്കും. വൈകിട്ട് 4 ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശില്പ്പരാജു സംഗീതക്കച്ചേരി നടത്തും. 5.30 ന് സമാപനസമ്മേളനം റവന്യൂവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കലാസമിതി പ്രസിഡന്റ് പ്രൊഫ. ജോര്‍ജ് എസ്.പോള്‍ അധ്യക്ഷതനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം അംബിക തങ്കപ്പന്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എം.എ.ജോസഫ്, കലാസമിതി വൈസ് പ്രസിഡന്റ് ടി.കെ.അലക്സാണ്ടര്‍, ജോയിന്റ് സെക്രട്ടറി പി.പി.രവീന്ദ്രന് എന്നിവര്‍ പ്രസംഗിക്കും. 6.30 ന് ആറ്റുകാല്‍ ബാലസുബ്രഹ്മണ്യവും ഉസ്താദ് റഫീക്ക് ഖാനും അവതരിപ്പിക്കുന്ന വയലിന്-സിത്താര്‍ ജുഗല്‍ബന്ദിയോടെ സംഗീതോത്സവത്തിന് തിരശീല വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: