കൊച്ചി: വൈറ്റില-അരൂര്‍ ബൈപാസിലെ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ ഡീസല്‍ ടാങ്കര്‍ മറിഞ്ഞ് വന്‍ അപകടം. ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അമ്പലമുകളിലെ റിഫൈനറിയില്‍നിന്നും നിറയെ ഡീസലുമായി വന്ന ലോറിയാണ് ആസിഡ് കയറ്റിവന്ന മറ്റൊരു ലോറിയിലിടിച്ച് സിഗ്നല്‍ ജംഗ്ഷന്റെ മധ്യഭാഗത്തായി മറിഞ്ഞത്. മുന്‍വശത്ത് ഇടതുവശത്തായി ഇടിയേറ്റ ഡീസല്‍ടാങ്കര്‍ റോഡില്‍ മറിഞ്ഞ് 3 അറകളിലായി നിറച്ചിരുന്ന 12000 ലിറ്റര്‍ ഡീസല്‍ റോഡില്‍ പരന്നൊഴുകിയത് ഭീതി സൃഷ്ടിച്ചു. അപകടത്തില്‍ ലോറിഡ്രൈവര്‍ തിരുമല പീടിയേക്കല്‍ മനോഹരന് (40), ഒപ്പമുണ്ടായിരുന്ന ക്ലീനര്‍ വിദ്യാസാഗര്‍ (44) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ രക്ഷാപ്രവര്‍ത്തനത്തിനിടെ ലോറിയില്‍നിന്നും പുറത്തെടുത്ത് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
മരട് ഭാഗത്തുനിന്നും കുണ്ടന്നൂര്‍ സിഗ്നല്‍ കുറുകെ കടന്ന് തോപ്പുംപടി ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഇതേസമയം അരൂര്‍ ഭാഗത്തുനിന്നും വൈറ്റില ലക്ഷ്യമാക്കി വന്ന ‘ഫോസ്ഫോറിക് ആസിഡ്’ ടാങ്ക് ഘടിപ്പിച്ച മറ്റൊരു ലോറിയാണ് സിഗ്നലിന്റെ മധ്യത്തില്‍വെച്ച് ഡീസല്ടാങ്കറില് ഇടിച്ചത്. ഇടിയേറ്റ ലോറി റോഡില്‍ ഒരു വശത്തേക്ക് മറിഞ്ഞുവീണു. ഇതിന്റെ ആഘാതത്താല്‍ ടാങ്ക് പൊട്ടിയാണ് മിനിറ്റുകള്‍കൊണ്ട് ഡീസല്‍ റോഡിലാകമാനം പരന്നൊഴുകിയത്.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരും വിവരം അറിഞ്ഞെത്തിയ പോലീസ് കണ്ട്രോള് റൂം വാഹനത്തിലെ പോലീസുകാരുമാണ് ആദ്യം രക്ഷാപ്രവര്‍ത്തകരായത്. പിന്നീട് എറണാകുളം ട്രാഫിക് പോലീസ് അസി. കമ്മീഷണര്‍ ബേബി വിനോദിന്റെ നേതൃത്വത്തില്‍ ട്രാഫിക് പോലീസും പനങ്ങാട് എസ്ഐ എ.ബി. വിപിനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കൂടാതെ എറണാകുളം സൗത്ത് എസ്ഐയും മറ്റും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. മരട് നഗരസഭാ ചെയര്മാന് അഡ്വ. ടി.കെ. ദേവരാജനും ജനപ്രതിനിധികളും സ്ഥലത്തെത്തി. ഇതിനിടെ എറണാകുളം ക്ലബ്റോഡ്, ഗാന്ധിനഗര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍നിന്നും ആറ് ഫയര്‍, റെസ്ക്യൂ വാഹനങ്ങളിലായി നാല്പതോളം ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ സ്ഥലത്തെത്തി. റോഡില്‍ മറിഞ്ഞുകിടന്ന ടാങ്കര്‍ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുവാന്‍ ശ്രമിക്കുന്നതിനിടെ തീപ്പൊരി തെറിച്ചത് ഭീതി സൃഷ്ടിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഫോം പമ്പുചെയ്ത് ഡീസല്‍ റോഡില്‍നിന്നും കഴുകിക്കളഞ്ഞ ശേഷമാണ് ടാങ്കര്‍ ഉയര്‍ത്തിമാറ്റിയത്. ടാങ്കറില്‍ ഇടിച്ച ആസിഡ് ടാങ്ക് ഘടിപ്പിച്ച ലോറിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കില്ല.
അപകടത്തെത്തുടര്‍ന്ന് രാവിലെ 7 മണി മുതല്‍ 10 മണിവരെ ബൈപ്പാസില്‍ ഗതാഗതം ഭാഗികമായി സ്തംഭിച്ചു. റോഡിന് മധ്യത്തില്‍ ലോറി മറിഞ്ഞുകിടന്നതിനാല് ഗതാഗതക്കുരുക്ക് കിലോമീറ്ററുകളോളം നീണ്ടു. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് കായ് കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: